സ്വന്തം ലേഖകന്‍: രണ്ടേമുക്കാല്‍ ലക്ഷം കോടിയുടെ സ്വത്ത് ബാക്കിയാക്കി ലോകത്തിലെ ഏറ്റവും സമ്പന്നയായ വനിത ലിലിയന്‍ ബെറ്റന്‍കോര്‍ട്ട് ഓര്‍മയായി. സൗന്ദര്യവര്‍ധക ഉത്പന്നങ്ങള്‍ നിര്‍മിക്കുന്ന ലോറിയല്‍സ് കന്പനിയിലെ മുഖ്യ ഓഹരി ഉടമയായിരുന്നു 94 കാരിയായ ലിലിയന്‍. ഫോബ്‌സ് മാഗസിന്റെ 2017ലെ പട്ടികപ്രകാരം 4,430 കോടി ഡോളറാണ് അവരുടെ സ്വത്ത്. കുറേനാളായി സ്മൃതിനാശ രോഗബാധിതയായിരുന്നു.
വിവാദങ്ങള്‍ നിറഞ്ഞ ആ ജീവിതത്തിന് വിരാമമാകുമ്പോള്‍ സൗന്ദര്യവര്‍ധകവസ്തുവിപണിയില്‍ വിപ്ലവത്തിന് വഴിതുറന്ന ഒരു കാലഘട്ടം കൂടിയാണ് ചരിത്രമാവുന്നത്. ഫ്രഞ്ച് സൗന്ദര്യവര്‍ധക ഉല്പന്ന നിര്‍മ്മാണ കമ്പനിയായ ലോറിയല്‍ സ്ഥാപകന്‍ യൂജിന്‍ ഷൂളറുടെ മകളായി 1922 ലായിരുന്നു ലിലിയന്റെ ജനനം. അഞ്ചാം വയസ്സില്‍ ലിലിയന് അമ്മയെ നഷ്ടമായി. പതിനഞ്ചാം വയസ്സില്‍ ലോറിയല്‍ കമ്പനിയുടെ പ്രവര്‍ത്തനങ്ങളില്‍ സജീവമായി. 1952ല്‍ രാഷ്ട്രീയ പ്രവര്‍ത്തകന്‍ ആന്ദ്രെ ബെറ്റന്‍കോര്‍ട്ടിനെ വിവാഹം ചെയ്തു.
1957 ല്‍ പിതാവിന്റെ മരണശേഷം കമ്പനിയുടെ സാരഥ്യം ഏറ്റെടുത്തു. 2012 വരെ കമ്പനി ബോര്‍ഡില്‍ സജീവമായിരുന്നു ലിലിയന്‍. 2007 ല്‍ ആന്ദ്രെ ബെറ്റന്‍കോര്‍ട്ടിന്റെ മരണശേഷമാണ് ലിലിയന്‍ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കപ്പെട്ടത്. അമ്മയെ ചൂഷണം ചെയ്ത് സ്വത്തുവകകള്‍ തട്ടിയെടുക്കാന്‍ ബാനിയര്‍ എന്ന ഫോട്ടോഗ്രാഫര്‍ ശ്രമിക്കുന്നു എന്നാരോപിച്ച് ലിലിയന്റെ ഏക മകള്‍ ഫ്രാങ്കോയിസ് മെയേഴ്‌സ് കോടതിയില്‍ പരാതി നല്‍കി.
അമ്മയ്ക്ക് മാനസികപ്രശ്‌നമുണ്ടെന്നും സ്ഥിരബുദ്ധി ഇല്ലെന്നുമായിരുന്നു മകളുടെ ആരോപണം. ലിലിയനെക്കാള്‍ 25 വയസ്സിന് ഇളയ ബാരിയറെ ലിലിയന്‍ ദത്തെടുത്തതാണെന്നും അഭ്യൂഹങ്ങളുണ്ടായി. ഇരുപത് വര്‍ഷമായി അടുത്ത ബന്ധം സൂക്ഷിച്ചിരുന്ന ബാനിയറിന് ലിലിയന്‍ കോടിക്കണക്കിന് രൂപയും വിലപ്പെട്ട വസ്തുവകകളുമൊക്കെ നല്കിയെന്നാണ് വിവരം. ബാനിയര്‍ തന്നെ ചൂഷണം ചെയ്യുകയാണെന്ന മകളുടെ ആരോപണത്തെ എന്റെ ജീവിതം എന്റേത് മാത്രമാണെന്നും അതിലാരും ഇടപെടേണ്ട ആവശ്യമില്ലെന്നും തുറന്നടിച്ച് ലിലിയന്‍ പ്രതിരോധിച്ചു.
എന്നാല്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ 2015ല്‍ കോടതി ബാനിയര്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും മൂന്നര വര്‍ഷത്തെ ജയില്‍ ശിക്ഷ വിധിക്കുകയും ചെയ്തതോടെ ആ ബന്ധത്തിനും അവസാനമായി. കമ്പനിയിലെ തന്റെ പിന്‍ഗാമികള്‍ സ്വത്തു തര്‍ക്കത്തെ തുടര്‍ന്ന് കോടതി കയറുന്നതും ലിലിയന് കാണേണ്ടി വന്നു. സര്‍ക്കോസിയുടെ ഭരണകാലത്ത് സംഭാവന വിവാദത്തിലും ലിലിയന്റേയും കമ്പനിയുടേയും പേര് വലിച്ചിഴക്കപ്പെട്ടു. ഡിമെന്‍ഷ്യയും അല്‍ഷിമേഴ്‌സും ബാധിച്ച ലിലിയന്റെ അവസാനകാലം മകള്‍ക്കൊപ്പം തന്നെയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല