1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 8, 2023

സ്വന്തം ലേഖകൻ: ആകാശയാത്രയിൽ സുരക്ഷയുടെ പേരില്‍ ആശങ്കപ്പെടുന്നവര്‍ക്കായി എയര്‍ലൈന്‍ റേറ്റിങ്‌സ് ഡോട്ട് കോം ലോകത്തെ ഏറ്റവും സുരക്ഷിതമായ വ്യോമയാന കമ്പനികളുടെ പട്ടിക പുറത്തുവിട്ടിരിക്കുകയാണ്. 385 എയര്‍ലൈനുകളുടെ പ്രവര്‍ത്തങ്ങള്‍ വിലയിരുത്തിയ ശേഷമാണ് അവര്‍ 20 സുരക്ഷിത എയര്‍ലൈനുകളുടെ പട്ടിക തയാറാക്കിയിരിക്കുന്നത്. ഇതിനൊപ്പം 10 ബജറ്റ് എയര്‍ലൈനുകളുടെ പട്ടികയുമുണ്ട്. കഴിഞ്ഞ രണ്ടു വര്‍ഷത്തെ അപകടങ്ങൾ, ഗുരുതര സാഹചര്യങ്ങൾ, സര്‍ക്കാര്‍ പരിശോധനകളുടെ ഫലങ്ങള്‍, വിമാനങ്ങളുടെ പഴക്കം, കോവിഡ് 19 സുരക്ഷാ മാനദണ്ഡങ്ങള്‍ തുടങ്ങി നിരവധി ഘടകങ്ങള്‍ അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ്.

ഒാസ്‌ട്രേലിയയിലെ ക്വാന്റസ് എയര്‍ലൈനാണ് പട്ടികയില്‍ ഒന്നാമത്. ലോകത്തിലെ തന്നെ മൂന്നാമത്തെ, പഴക്കമുള്ള എയര്‍ലൈന്‍ എന്ന പെരുമ ക്വാന്റസിന് അവകാശപ്പെട്ടതാണ്. 1920ല്‍ ആരംഭിച്ച ക്വാന്റസ് 1935 മുതല്‍ രാജ്യാന്തര സർവീസ് നടത്തുന്നുണ്ട്. 2018ല്‍ പെര്‍ത്ത് വിമാനത്താവളത്തില്‍ വച്ച് ക്വാന്റസിന്റെ ബോയിങ് 737 വിമാനം മറ്റൊരു വിമാനവുമായി കൂട്ടിയിടിക്കേണ്ടതായിരുന്നു. ഈ സംഭവം 2020 ലാണ് പുറത്തുവന്നത്. അതുകൊണ്ട് 2021ലെ സുരക്ഷാ റാങ്കിങില്‍ ക്വാന്റസ് ഏഴാം സ്ഥാനത്തേക്ക് പോയിരുന്നു. എന്നാല്‍ ഇത്തവണ അവര്‍ ഒന്നാം സ്ഥാനത്തു തന്നെ എത്തിയിരിക്കുകയാണ്.

കഴിഞ്ഞ വര്‍ഷം ഒന്നാമതായിരുന്ന എയര്‍ ന്യൂസീലന്‍ഡാണ് ഇത്തവണ രണ്ടാം സ്ഥാനത്ത്. പശ്ചിമേഷ്യയില്‍ നിന്നുള്ള രണ്ട് വിമാന കമ്പനികളാണ് മൂന്നും നാലും സ്ഥാനങ്ങള്‍ കൊണ്ടുപോയിരിക്കുന്നത്. യുഎഇയുടെ ഇത്തിഹാദ് എയര്‍വേയ്സും ഖത്തര്‍ എയര്‍വേയ്സും. ‘‘ഈ വ്യോമയാന കമ്പനികള്‍ സുരക്ഷയുടെ കാര്യത്തില്‍ മാത്രമല്ല, പുതിയ കണ്ടെത്തലുകളിലും പുതിയ വിമാനങ്ങള്‍ വാങ്ങുന്നതിലുമെല്ലാം മുന്നിലുള്ളവയാണ്’’– എയര്‍ലൈന്‍ റേറ്റിങ്‌സ് ഡോട്ട് കോം എഡിറ്റര്‍ ഇന്‍ ചീഫ് ജെഫ്രി തോമസ് പറഞ്ഞു.

5–ാം സ്ഥാനത്ത് സിംഗപ്പുര്‍ എയര്‍ലൈന്‍സ്, 6 ടിഎപി എയര്‍ പോര്‍ച്ചുഗല്‍, 7 എമിറേറ്റ്‌സ്, 8 അലാസ്‌ക എയര്‍ലൈന്‍സ്, 9 ഇവ എയര്‍, 10 വിര്‍ജിന്‍ ഒാസ്‌ട്രേലിയ/അറ്റ്‌ലാന്റിക്, 11 കാത്തെ പസിഫിക് എയര്‍വേയ്സ്, 12 ഹവായിയന്‍ എയര്‍ലൈന്‍സ്, 13 എസ്എഎസ്, 14 യുണൈറ്റഡ് എയര്‍ലൈന്‍സ്, 15 ലുഫ്ത്താന്‍സ, 16 ഫിന്‍എയര്‍, 17 ബ്രിട്ടിഷ് എയര്‍വേസ്, 18 അമേരിക്കന്‍ എയര്‍ലൈന്‍സ്, 20 ഡെല്‍റ്റ എയര്‍ലൈന്‍സ് എന്നിങ്ങനെയാണ് സുരക്ഷയില്‍ അഞ്ചാം സ്ഥാനം മുതല്‍ ഇരുപതാം സ്ഥാനം വരെയുള്ള എയര്‍ലൈനുകള്‍.

ഏറ്റവും സുരക്ഷിതമായ ബജറ്റ് എയര്‍ലൈനുകളുടെ പട്ടികയും വെബ് സൈറ്റ് പുറത്തുവിട്ടിട്ടുണ്ട്. ഇതില്‍ ആദ്യസ്ഥാനം എയര്‍ അറേബ്യയ്ക്കും രണ്ടാം സ്ഥാനം ഈസി ജെറ്റിനുമാണ്. ഫ്രോണ്ടിയര്‍ മൂന്നാമതും ജെറ്റ്‌സ്റ്റാര്‍ ഗ്രൂപ്പ് നാലാമതും ജെറ്റ് അഞ്ചാമതും എത്തി. 6 റൈന്‍എയര്‍, 7 വിയറ്റ് ജെറ്റ്, 8 വൊളാരിസ്, 9 വെസ്റ്റ് ജെറ്റ്, 10 വിസ് എന്നിവയാണ് പട്ടികയില്‍ ബാക്കിയുള്ള സുരക്ഷിതമായ ബജറ്റ് എയര്‍ലൈനുകള്‍. ദീര്‍ഘദൂര യാത്രകളില്‍ ഏറ്റവും സുരക്ഷിതമായ യാത്രാമാര്‍ഗമായി വിമാനയാത്രയെയാണ് കണക്കാക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.