സ്വന്തം ലേഖകന്‍: നാസയ്ക്കു വേണ്ടി ലോകത്തിലേറ്റവും ചെറിയ ഉപഗ്രഹം നിര്‍മ്മിച്ച് തമിഴ്‌നാട്ടുകാരനായ 18 കാരന്‍. തമിഴ്‌നാട്ടിലെ പാലപ്പട്ടി സ്വദേശിയായ റിഫാത് ഷാരൂക് ആണ് ഏറ്റവും ചെറിയ ഉപഗ്രഹം നിര്‍മ്മിച്ചത്. 0.1 കിലോഗ്രാമാണ് റിഫാത് നിര്‍മ്മിച്ച ഉപഗ്രഹത്തിന്റെ ഭാരം.
അന്തരിച്ച മുന്‍ രാഷ്ട്രപതി അബ്ദുള്‍ കലാമിന്റെ അനുസ്മരണാര്‍ത്ഥം കലാംസാറ്റ് എന്ന് പേരിട്ട സാറ്റലൈറ്റ് അടുത്ത മാസം നാസ വിക്ഷേപിക്കും. നാസ സംഘടിപ്പിച്ച മത്സരത്തിന്റെ ഭാഗമായാണ് ഷാരൂക് ഉപഗ്രഹം നിര്‍മ്മിച്ചത്. കാര്‍ബണ്‍ ഫൈബര്‍ പോളിം ഉപയോഗിച്ചാണ് സാറ്റലൈറ്റിന്റെ നിര്‍മ്മാണം.
സ്മാര്‍ട്ട്‌ഫോണിനേക്കാള്‍ ഭാരം കുറവാണ് ഈ സാറ്റലൈറ്റിന്. വല്ലോപ് ദ്വീപില്‍ നിന്നും ജൂണ്‍ 21 നാണ് നാസ കലാം സാറ്റ് വിക്ഷേപിക്കുന്നത്. ആദ്യമായാണ് ഒരു ഇന്ത്യന്‍ വിദ്യാര്‍ത്ഥിയുടെ പരീക്ഷണം നാസ വിക്ഷേപിക്കുന്നത്. ക്യൂബ്‌സ് ഇന്‍ സ്‌പേസ് എന്ന മത്സരത്തിലൂടെയാണ് ഈ സാറ്റലൈറ്റ് നാസ തെരഞ്ഞെടുത്തത്.
നാല് മീറ്റര്‍ വണ്ണമുള്ള 64 ഗ്രാം മാത്രം ഭാരമുള്ള ക്യൂബിന് സമമായിരിക്കണം സാറ്റലൈറ്റിന്റെ ഭാരവും വണ്ണവുമെന്നാണ് മത്സരത്തിന് പ്രധാന നിയമം. നാലുമണിക്കുറോളം (240 മിനിറ്റ്) നീണ്ടു നില്‍ക്കുന്ന ദൗത്യത്തിലൂടെയാണ് സാറ്റലൈറ്റ് വിക്ഷേപിക്കുക. 12 മിനിറ്റാണ് സാറ്റലൈറ്റ് ബഹിരാകാശത്ത് പ്രവര്‍ത്തിക്കുക. 3ഡി പ്രിന്റഡ് ആയിട്ടുള്ള കാര്‍ബണ്‍ ഫൈബറുകളുടെ പ്രകടനം പിടിച്ചെടുക്കുക എന്നതാണ് സാറ്റലൈറ്റിന്റെ പ്രധാന ദൗത്യം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല