ലോകത്തെ ഏറ്റവും പൊക്കം കുറഞ്ഞ സ്ത്രീയെന്ന ബഹുമതിയാണ് ജ്യോതി അമാഗേയെ തേടി എത്തിയതെങ്കിലും തന്റെ സ്വപ്‌നങ്ങള്‍ തന്നേക്കാള്‍ വലുതാണന്ന് ജ്യോതി. ഇന്ത്യയിലെ നാഗ്പൂര്‍ സ്വദേശിയായ ജ്യോതി ഗിന്നസ് ബുക്കിന്റെ 2013 എഡീഷന്റെ ലോഞ്ചിനോട് അനുബന്ധിച്ച് ലണ്ടനിലെത്തിയതായിരുന്നു. സണ്‍ ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് ജ്യോതി തന്റെ വലിയ സ്വപ്‌നങ്ങള്‍ പങ്കുവച്ചത്.
ലോകത്തെ ഏറ്റവും ചെറിയ സ്ത്രീയായതില്‍ തനിക്ക് ഏറെ സന്തോഷമുണ്ടെന്ന് ജ്യോതി പറഞ്ഞു. അതാണ് തന്നെ പ്രശസ്തിയിലേക്ക് എത്തിച്ചത്. പൊക്കമുണ്ടായിരുന്നെങ്കില്‍ ഒരു സാധാരണ സ്ത്രീയായി തന്റെ ജീവിതം ജീവിച്ചുപോകുമായിരുന്നുവെന്നും ജ്യോതി പറഞ്ഞു. കഴിഞ്ഞ ഡിസംബറിലാണ് ജ്യോതിക്ക് പതിനെട്ട് വയസ്സ് തികഞ്ഞത്. ഇതോടെയാണ് അമേരിക്കക്കാരിയായിരുന്ന ബ്രിജറ്റ് ജോര്‍ദാനില്‍ നിന്ന് ലോക റിക്കോര്‍ഡ് ജ്യോതിയെ തേടിയെത്തിയത്. ബ്രിജറ്റിന് ജ്യോതിയേക്കാള്‍ രണ്ട് ഇഞ്ച് ഉയരം കൂടുതലുണ്ട്. രണ്ടടി ഏഴിഞ്ചാണ് ജ്യോതിയുടെ ഉയരം.
അക്കാന്‍ഡ്രോപ്ലാസിയ എന്ന ഒരു തരം അസുഖമാണ് ജ്യോതിയുടെ പൊക്കകുറവിന് കാരണം. ഇത്തരം രോഗമുളളവര്‍ സാധാരണ മനുഷ്യരേ പോലെ പൊക്കം വെയ്ക്കാറില്ല. ലണ്ടനില്‍ വരിക എന്നുളളത് തന്റെ എക്കാലത്തേയും ആഗ്രഹമായിരുന്നു എന്ന് ജ്യോതി പറഞ്ഞു. ടവര്‍ ബ്രിഡ്ജ്, ലണ്ടന്‍ ഐ, മാഡം തുസ്സാഡ്‌സ് എന്നിവയൊക്കെ കാണണമെന്ന് തന്റെ ആഗ്രഹമായിരുന്നു. ഇത് സാധിച്ചു തന്നതിന് സണ്ണിനോട് നന്ദിയുണ്ടെന്നും ജ്യോതി കൂട്ടിച്ചേര്‍ത്തു.
കാണുന്നവര്‍ക്കൊക്കെ ജ്യോതി ഒരു കൗതുകമാണ്. പലരും ജ്യോതിയുടെ ഫോട്ടോ എടുക്കാനും മത്സരിച്ചു. എന്നാല്‍ അതുമായൊക്കെ ജ്യോതി പൊരുത്തപ്പെട്ട് കഴി്ഞ്ഞു. ആദ്യകാലത്തൊക്കെ പലരും തന്നെ തുറിച്ച് നോക്കാറുണ്ടായിരുന്നു. അത് വേദനയുണ്ടാക്കിയിട്ടുണ്ട്. പുറത്തിറങ്ങുമ്പോള്‍ തല മറച്ചാണ് നടന്നിരുന്നത്. എന്നാല്‍ ഇപ്പോള്‍ അതൊക്കെ മാറി. ഒരു ബോളിവുഡ് നടയാകണമെന്നാണ് ആഗ്രഹം. പൊക്കം കുറവാണന്നത് മാത്രമാണ് തനിക്കുളള വ്യത്യാസമെന്ന് ജ്യോതി പറയുന്നു.
പരമ്പരാഗത ഇന്ത്യന്‍ സാരിയുടുത്ത് നെറ്റിയില്‍ പൊട്ടുംകുത്തി മനോഹരങ്ങളായ ബ്രേസ് ലെറ്റും അണിഞ്ഞ് വന്ന ജ്യോതിയെ കണ്ടാല്‍ ഒരു കുട്ടി ബോളിവുഡ് സ്റ്റാറിന്റൈ ലുക്കും ഉണ്ടായിരുന്നു. ജ്യോതിക്കായുളള വസ്ത്രങ്ങളും ആഭരണങ്ങളും പ്രത്യേകമായി പറഞ്ഞ് തയ്യാറാക്കിയവയാണ്. തനിയെ എങ്ങും പോകാനാകില്ലെന്നതാണ് ജ്യോതിയുടെ സങ്കടം. എവിടെ പോകണമെങ്കിലും ആരെങ്കിലും കൂട്ടിന് വേണം. ഒഴിവ് സമയത്ത് ഫേസ്ബുക്കിലും സ്‌കൈപ്പിലുമായി സമയം ചെലവഴിക്കും, ചിലപ്പോള്‍ ഫ്രണ്ട്‌സുമൊത്ത് പുറത്ത് പോകും. ബോയ്ഫ്രണ്ട് ഉണ്ടോ എന്ന ചോദ്യത്തിന് ആരുമില്ലെന്നായിരുന്നു ജ്യോതിയുടെ മറുപടി. അങ്ങനെ ആരെങ്കിലും തയ്യാറായി വന്നാല്‍ അദ്ദേഹം എന്നെ എടുത്തുകൊണ്ട് നടക്കാന്‍ തയ്യാറായിരിക്കണം – ജ്യോതി പറഞ്ഞു. സല്‍മാന്‍ഖാനൊപ്പം ഒരു സിനിമയില്‍ അഭിനയിക്കണമെന്നതാണ് ജ്യോതിയുടെ ജീവിതാഭിലാഷം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല