1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 28, 2017

സ്വന്തം ലേഖകന്‍: ലോകത്തിലെ കരുത്തരായ രാജ്യങ്ങളുടെ പട്ടിക, ഇന്ത്യക്ക് ആറാം സ്ഥാനം. യുഎസിലെ വിദേശകാര്യ നയങ്ങളുമായി ബന്ധപ്പെട്ട മാസിക പുറത്തിറക്കിയ പട്ടികയിലാണ് ലോകത്തെ ഏറ്റവും ശക്തരായ രാജ്യങ്ങളില്‍ ഇന്ത്യ ആറാം സ്ഥാനം സ്വന്തമാക്കിയത്. യുഎസ് ഒന്നാം സ്ഥാനത്തുള്ള പട്ടികയില്‍ ചൈനയാണ് രണ്ടാമത്. ജപ്പാന്‍, റഷ്യ, ജര്‍മനി എന്നിവയാണ് മൂന്നും നാലും അഞ്ചും സ്ഥാനങ്ങളില്‍. ഇവയ്ക്കു പിന്നില്‍ ആറാമതായാണ് ഇന്ത്യയുടെ സ്ഥാനം. ഇറാന്‍, ഇസ്രയേല്‍ എന്നീ രാജ്യങ്ങളാണ് ഇന്ത്യയ്ക്ക് തൊട്ടുപിന്നിലുള്ളത്.

ഇന്ത്യ ലോകത്തെ വലിയ ജനാധിപത്യ രാജ്യമാണെന്നും ജനസംഖ്യയില്‍ വലിയൊരു വിഭാഗത്തിന് ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യാന്‍ സാധിക്കുമെന്നും മാഗസിന്‍ പ്രസിദ്ധീകരിച്ച വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നു. ഇംഗ്ലീഷ് ഭാഷ സംസാരിക്കുന്നവരുടെ എണ്ണത്തില്‍ ലോകത്ത് രണ്ടാം സ്ഥാനത്താണ് ഇന്ത്യ. മാത്രമല്ല, സാമ്പത്തിക രംഗത്തും ശ്രദ്ധേയമായ വളര്‍ച്ചയാണ് രാജ്യം കൈവരിച്ചിരിക്കുന്നത്.

ലോകശക്തിയെന്ന നിലയില്‍ നരേന്ദ്ര മോദിക്കു കീഴില്‍ വന്‍വളര്‍ച്ചയാണ് ഇന്ത്യ നേടുന്നത്. സാമ്പത്തിക രംഗത്ത് കൂടുതല്‍ പരിഷ്‌കാരങ്ങള്‍ വരുത്തി നേട്ടം കൊയ്യാനാണ് ഇന്ത്യ ശ്രമിക്കുന്നതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. നോട്ട് അസാധുവാക്കല്‍ നടപടി സൃഷ്ടിച്ച ആഭ്യന്തര പ്രശ്‌നങ്ങളും പാക്കിസ്ഥാനുമായുള്ള സംഘര്‍ഷങ്ങള്‍ തീര്‍ത്ത പ്രതിസന്ധികളും തരണം ചെയ്ത് ഇന്ത്യ കരുത്തുകാട്ടിയ വര്‍ഷമായിരുന്നു 2016.

ഇന്ത്യന്‍ മഹാസമുദ്രത്തിലെ സാന്നിധ്യം ശക്തമാക്കുമെന്ന് വ്യക്തമാക്കിയത് ഉള്‍പ്പെടെ ചൈന ഉയര്‍ത്തുന്ന വെല്ലുവിളികളെ ചെറുക്കാന്‍ ഇന്ത്യ ശ്രമം നടത്തി. യുഎസ്, ജപ്പാന്‍ എന്നീ രാജ്യങ്ങളുമായി നാവിക സഹകരണത്തിന് പുത്തന്‍ മാര്‍ഗങ്ങള്‍ കണ്ടെത്താനും മോദിയ്ക്ക് സാധിച്ചു. മാത്രമല്ല, റഷ്യ, ഫ്രാന്‍സ്, ഇസ്രയേല്‍ എന്നീ രാജ്യങ്ങളുമായി സഹകരിച്ച് പ്രതിരോധ രംഗത്ത് കരുത്തുനേടാനും സൈന്യത്തെ ആധുനികവല്‍ക്കരിക്കാനും ഇന്ത്യയ്ക്കായതായും റിപ്പോര്‍ട്ട് പ്രശംസിക്കുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.