സ്വന്തം ലേഖകൻ: റുമെയ്സ ഗെല്‍ഗി, ലോകത്തെ ഏറ്റവും ഉയരം കൂടിയ വനിത. 215.16 സെന്റി മീറ്ററാണ് റുമെയ്സയുടെ ഉയരം. വീവര്‍ വിന്‍ഡ്രോം എന്ന അപൂര്‍വമായ ജനിതക രോഗാവസ്ഥയാണ് റുമെയ്സയുടെ ഈ ഉയരത്തിന് പിന്നില്‍. 2021 ഒക്ടബോറില്‍ ഗിന്നസ് ബുക്കില്‍ ഇടം നേടിയെങ്കിലും ഈ റെക്കോഡ് റുമെയ്സയ്ക്കുണ്ടാക്കുന്ന തലവേദന ചെറുതല്ല. പ്രായത്തില്‍ കവിഞ്ഞ അസാധാരണ വളര്‍ച്ച, എല്ലുകള്‍ക്ക് അതിവേഗം പ്രായം കൂടുന്ന അവസ്ഥ, നടക്കുമ്പോള്‍ നിയന്ത്രണം നഷ്ടപ്പെടുന്ന പ്രശ്നം, ശ്വാസതടസ്സം, ഭക്ഷണം കഴിക്കുമ്പോള്‍ പ്രയാസം എന്നിങ്ങനെ പലതരത്തിലുള്ള ബുദ്ധിമുട്ടുകളാണ് നിത്യജീവിതത്തില്‍ അവര്‍ തേടുന്നത്.
അതു മാത്രമല്ല, ഒന്ന് സ്വതന്ത്രമായി പുറത്തിറങ്ങി നടക്കാന്‍ പോലും പറ്റില്ല. വാഹനങ്ങളിലൊന്നും കയറാനോ യാത്ര ചെയ്യാനോ ഈ 25-കാരിക്ക് പറ്റില്ല. ഇപ്പോള്‍ റുമെയ്സയുടെ ജീവിതത്തില്‍ സന്തോഷകരമായ ഒരു കാര്യം സംഭവിച്ചിരിക്കുകയാണ്. ആദ്യമായി വിമാനത്തില്‍ പറന്നിരിക്കുകയാണ് അവര്‍. സ്വന്തം രാജ്യമായ തുര്‍ക്കിയിലെ ഇസ്താംബുളില്‍ നിന്ന് യുഎസിലെ സന്‍ഫ്രാന്‍സിസ്കോയിലേക്കായിരുന്നു ഈ യാത്ര. ടെക്നോളജി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന അവര്‍ ജോലിസംബന്ധമായി പുതിയ അവസരങ്ങള്‍ തേടുന്നതിനാണ് യുഎസില്‍ എത്തിയിരിക്കുന്നത്.
വിമാനത്തിലെ ആറോളം സീറ്റുകള്‍ ഒഴിവാക്കി അവിടെ സ്ട്രെച്ചര്‍ ഘടിപ്പിച്ച് അതില്‍ കിടന്നാണ് അവര്‍ 13 മണിക്കൂര്‍ യാത്ര ചെയ്തത്. ഇതിന്റെ അനുഭവം അവര്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിട്ടുണ്ട്. ഇതിന് അവസരവും സഹായവും ഒരുക്കിയ എല്ലാവര്ക്കും നന്ദി അറിയിച്ച റുമെയ്സ ഇനിയും ഇത്തരത്തില്‍ യാത്ര ചെയ്യുമെന്നും വ്യക്തമാക്കി. നിരവധി പേരാണ് ഇവര്‍ക്ക് ആശംസ അറിയിച്ചിരിക്കുന്നത്. വിമാനയാത്രയുടെ ചിത്രങ്ങളും റുമെയ്സ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല