മുംബൈ: വൃദ്ധന്റെ കണ്ണില്‍ നിന്ന് അഞ്ച് ഇഞ്ച് നീളമുളള വിരയെ ഡോക്ടര്‍മാര്‍ നീക്കം ചെയ്തു. മൂംബൈയില്‍ താമസിക്കുന്ന എഴുപത്തിയഞ്ചുകാരനായ പികെ കൃഷ്ണമൂര്‍ത്തിയുടെ കണ്ണില്‍ നിന്നാണ് വിരയെ നീക്കം ചെയ്തത്. കുറച്ച് ദിവസങ്ങളായി വലത്തെ കണ്ണിന് അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് കൃഷ്ണമൂര്‍ത്തി ഡോക്ടര്‍മാരെ കാണാനെത്തിയത്. എന്നാല്‍ പ്രത്യേകിച്ച് ഒന്നും കണ്ടെത്താനാകാത്തതിനാല്‍ ഡോക്ടര്‍മാര്‍ ചില മരുന്നുകള്‍ നല്‍കി കൃഷ്ണമൂര്‍ത്തിയെ പറഞ്ഞ് അയക്കുകയായിരുന്നു. എന്നാല്‍ മരുന്നു കഴിച്ചിട്ടും അസ്വസ്ഥത മാറാത്തതിനെ തുടര്‍ന്ന് വീണ്ടും ഡോക്ടര്‍മാരുടെ അടുത്തെത്തിയ കൃഷ്ണമൂര്‍ത്തിയെ വിദഗ്ദ്ധ പരിശോധനകള്‍ക്ക് വിധേയമാക്കുകയായിരുന്നു. കൃഷ്ണമൂര്‍ത്തിയുടെ കണ്ണിലെ കൃഷ്ണമണിക്ക് പിന്നിലായാണ് വിരയെ കണ്ടെത്തിയത്. കഴിഞ്ഞദിവസം നടത്തിയ ലളിതമായ ശസ്ത്രക്രീയയിലൂടെ വിരയെ നീക്കം ചെയ്തു.
മുംബൈയിലെ ഫോര്‍ട്ടിസ് ഹോസ്പിറ്റലിലാണ് ശസ്ത്രക്രീയ നടത്തിയത്. കൃത്യസമയത്ത് വിരയെ കണ്ടെത്തിയതിനാലാണ് കൃഷ്ണമൂര്‍ത്തി രക്ഷപെട്ടതെന്ന് ശസ്ത്രക്രീയ നടത്തിയ നേത്രരോഗ വിദഗ്ദ്ധനായ ഡോ.വി. സീതാരാമന്‍ പറഞ്ഞു. കണ്ണിലെ അസ്വസ്ഥത ഇപ്പോള്‍ അനുഭവപ്പെടുന്നില്ലെന്ന് ശസ്ത്രക്രീയക്ക് ശേഷം വിശ്രമിക്കുന്ന കൃഷ്ണമൂര്‍ത്തി പറഞ്ഞു. വിരയെ നീക്കം ചെയ്തില്ലായിരുന്നുവെങ്കില്‍ അത് രോഗിയുടെ തലച്ചോറില്‍ പ്രവേശിച്ച് ഗുരുതരമായ ന്യൂറോളജിക്കല്‍ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമായിരുന്നുവെന്ന് ഡോ. സീതാരാമന്‍ അറിയിച്ചു. എങ്ങനെയാണ് വിര കൃഷ്ണമൂര്‍ത്തിയുടെ കണ്ണിനുളളില്‍ എത്തിയതെന്ന് അറിയില്ലെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.
വിരയെ കൂടുതല്‍ ടെസ്്റ്റുകള്‍ക്കായി മൈക്രോബയോളജി ലാബിലേക്ക് അയച്ചിരിക്കുകയാണന്നു മുംബൈ ഹോസ്പിറ്റല്‍ ഡയറക്ടര്‍ ഡോ. എസ്. നാരായണി പറഞ്ഞു. ഇത്തരം കേസുകള്‍ ആദ്യമായിട്ടല്ല റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതെങ്കിലും വളരെ അപൂര്‍വ്വമായി മാത്രമേ കണ്ടെത്തിയിട്ടുളളു. പലപ്പോഴും രക്തചംക്രമണ വ്യൂഹത്തിലെത്തപ്പെടുന്ന വിരകളാണ് മനുഷ്യശരീരത്തിലെ മറ്റ് ഭാഗങ്ങളില്‍ താമസമാക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല