51 വർഷങ്ങൾക്കു മുൻപ് മലയാളികൾ ഉള്‍പ്പെടെ 102 പേരുമായി കാണാതായ ഇന്ത്യൻ വ്യോമസേന വിമാനത്തിന്റെ അവശിഷ്ടങ്ങൾ ഹിമാചലിൽ കണ്ടെത്തി
സ്വന്തം ലേഖകൻ: അൻപത്തിയൊന്നു വർഷങ്ങൾക്കു മുൻപ് മലയാളി സൈനികര്‍ ഉള്‍പ്പെടെ 102 പേരുമായി കാണാതായ ഇന്ത്യൻ വ്യോമസേന വിമാനത്തിന്റെ അവശിഷ്ടങ്ങൾ ഹിമാചൽപ്രദേശിലെ ലഹോൾ സ്‌പിതി ജില്ലയിൽപെട്ട ധാക്കാ മഞ്ഞുമലയിൽനിന്ന് കണ്ടെത്തി. എയ്റോ എന്‍ജിൻ, ഫൂസ്‌ലാർജ്, ഇലക്ട്രിക് സർക്യൂട്ട്, പ്രൊപ്പല്ലർ, ഇന്ധനടാങ്ക് യൂണിറ്റ്, എയർ ബ്രേക്ക് അസംബ്ലി, കോക്പിറ്റ് വാതിൽ എന്നിവയാണ് 13 ദിവസം നീണ്ട തിരച്ചിലിനൊടുവിൽ കണ്ടെത്തിയത്. വിമാനാവശിഷ്ടങ്ങൾ കണ്ടെത്താൻ ജൂലൈ 26ന് തിരച്ചിൽ പുനഃരാരംഭിച്ചിരുന്നു.
1968 ഫെബ്രുവരി ഏഴിനാണ് 98 യാത്രക്കാരും 4 ജീവനക്കാരുമായി വ്യോമസേനയുടെ എഎൻ–12 ബിഎൽ–534 വിമാനം കാണാതായത്. മലയാളികളായ സൈനികരും വിമാനത്തിലുണ്ടായിരുന്നു. അന്നുമുതല്‍ വിമാനാവശിഷ്ടങ്ങൾക്കായുള്ള തിരച്ചിൽ തുടരുകയാണ്. അഞ്ചു പേരുടെ മൃതദേഹം മാത്രമാണ് ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞത്. 2003ൽ ചന്ദ്രഭംഗ കൊടുമുടി പ്രദേശത്ത് പർവതാരോഹകരുടെ സംഘം സിപോയ് ബെലി റാമിന്റെ മൃതദേഹം കണ്ടെത്തിയിരുന്നു.
2007 ഓഗസ്റ്റ് 9ന് സേന നടത്തിയ തിരച്ചിലിൽ മറ്റു മൂന്നു മൃതദേഹങ്ങളും കണ്ടെത്തി. 2018 ജൂലൈ ഒന്നിന് വെസ്‌റ്റേൺ കമാൻഡിലെ ദോഗ്ര സ്‌കൗട്ട്‌സിന്റെ നേതൃത്വത്തിൽ സൈന്യത്തിന്റെ പർവതാരോഹക സംഘം നടത്തിയ തിരച്ചിലില്‍ ഒരാളുടെ മൃതദേഹവും വിമാനത്തിന്റെ ചില ഭാഗങ്ങളും കണ്ടെത്തിയിരുന്നു.
ധാക്ക ഗ്ലേസിയറിൽ 5240 മീറ്റർ ഉയരത്തിൽനിന്നാണ് വിമാനാവശിഷ്ടങ്ങൾ കണ്ടെത്തിയത്. യാത്രികരുടെ ചില വസ്തുക്കളും ഇവിടെ നിന്ന് കണ്ടെത്തിയിട്ടുണ്ട്. 1968ൽ 98 സൈനികരും നാലു ജീവനക്കാരുമായിട്ടാണ് വിമാനം പറന്നുയർന്നത്. ചണ്ഡീഗഢിൽനിന്നു ലേയിലേക്കു പതിവു നിരീക്ഷണപ്പറക്കലിനു പുറപ്പെട്ടതായിരുന്നു വിമാനം. ലേ വിമാനത്താവളത്തിലേക്കു കുതിക്കവേ മോശം കാലാവസ്ഥയായതിനാൽ തിരിച്ചുവരാൻ പൈലറ്റിന് നിർദേശം നൽകി. ഛണ്ഡിഗഡിലേക്ക് തിരിച്ചുപറക്കുന്നതിനിടെ വിമാനവുമായുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നു.
റോത്തക് പാസിനു മുകളിലൂടെ സഞ്ചരിക്കുമ്പോഴാണ് വിമാനവുമായുള്ള ബന്ധം നഷ്ടപ്പെട്ടത്. തകർന്നുവീണ വിമാനത്തിൽ മലയാളികളായ സൈനികരും ഉൾപ്പെട്ടിരുന്നു. ഇവരിൽ ആരെയും കുറിച്ച് ഇനിയും വിവരം ലഭിച്ചിട്ടില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല