സ്വന്തം ലേഖകൻ: ലൈംഗിക പീഡനപരാതിയിൽ ഗുസ്തി ഫെഡറേഷന് അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷനെതിരെ ഡല്‍ഹി പോലീസ് രജിസ്റ്റര്‍ ചെയ്ത എഫ്ഐആറിലെ വിവരങ്ങള്‍ പുറത്ത്. ആറ് വനിതാ താരങ്ങളുടെയും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ പിതാവിന്റെയും പരാതിയുടെ അടിസ്ഥാനത്തില്‍ രണ്ട് എഫ്ഐആറുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ബ്രിജ് ഭൂഷണ് താരങ്ങളെ ക്രൂരമായി പീഡിപ്പിച്ചെന്ന് എഫ്ഐആറില്‍ പറയുന്നു. ശ്വാസഗതി പരിശോധിക്കാനെന്ന പേരില്‍ വനിതാ താരങ്ങളുടെ സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിച്ചു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഓഫീസിലേയ്ക്ക് വിളിച്ച് വരുത്തി പീഡിപ്പിച്ചു. സഹോദരനൊപ്പം എത്തിയ പെണ്‍കുട്ടിയെ ഒറ്റയ്ക്ക് അകത്തേയ്ക്ക് വിളിച്ച ശേഷം അപമര്യാദയായി പെരുമാറിയെന്നും എഫ്ഐആറിലുണ്ട്.
ഐപിസി 354, 354(എ), ഐപിസി 354(ഡി) എന്നിങ്ങനെ മൂന്ന് വര്‍ഷം തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് എഫ്ഐആറില്‍ ബ്രിജ് ഭൂഷനെതിരെ ചുമത്തിയിരിക്കുന്നത്. മുറിയിൽനിന്നു പുറത്തിറങ്ങുമ്പോൾ കൂട്ടമായേ നടക്കാറുള്ളൂവെന്നും ഒറ്റയ്ക്കു കണ്ടാൽ അസ്വസ്ഥതയുണ്ടാക്കുന്ന ചോദ്യങ്ങളുമായി ബ്രിജ് ഭൂഷൻ സമീപിക്കുമെന്നും താരങ്ങൾ പരാതിയിൽ ആരോപിച്ചു.
‘‘ഒരിക്കൽ ബ്രിജ് ഭൂഷൻ എന്നെ വിളിപ്പിച്ചു. എന്റെ ടി ഷർട്ട് ഉയർത്തി കൈ കൊണ്ട് വയർ വരെ തടവി. ശ്വാസപരിശോധനയെന്ന മട്ടിൽ പൊക്കിളിൽ കയ്യമർത്തി’’– ഒരു പരാതിക്കാരി പറഞ്ഞു. ആരോഗ്യത്തിനും മികച്ച പ്രകടനത്തിനും നല്ലതെന്നു പറഞ്ഞ്, ഡയറ്റീഷ്യനോ ഡോക്ടറോ അംഗീകരിക്കാത്ത ‘അജ്ഞാത ഭക്ഷ്യവസ്തു’ നൽകിയതായും ആരോപിച്ചു.
ത്സരത്തിനിടെ പരുക്കേറ്റപ്പോൾ, ചികിത്സാച്ചെലവ് ഗുസ്തി ഫെഡറേഷൻ വഹിക്കാമെന്നും പകരമായി തന്റെ ലൈംഗികാവശ്യങ്ങൾ നിറവേറ്റിത്തരണമെന്നും ബ്രിജ് ഭൂഷൻ പറഞ്ഞതായി മറ്റൊരു ഗുസ്തിതാരം പരാതിയിൽ ചൂണ്ടിക്കാട്ടി. ‘‘മാറ്റിൽ കിടക്കവേ, ബ്രിജ് ഭൂഷൻ അടുത്തേക്കു വരികയും എന്നെ ഞെട്ടിച്ചുകൊണ്ട് കുനിഞ്ഞ് ടിഷർട്ട് ഉയർത്തുകയും ചെയ്തു. പരിശീലകന്റെ അസാന്നിധ്യത്തിലും എന്റെ സമ്മതമില്ലാതെയുമാണ് ഇങ്ങനെ ചെയ്തത്. ശ്വാസപരിശോധനയെന്ന മട്ടിൽ മാറിടത്തിൽ കൈ വയ്ക്കുകയും വയർ വരെ തടവുകയും ചെയ്തു’’– മറ്റൊരു താരം പരാതിയിൽ പറഞ്ഞു.
എന്നാൽ ഗുസ്തി താരങ്ങളുടെ ആരോപണങ്ങളെല്ലാം ബ്രിജ് ഭൂഷൻ നിഷേധിച്ചു. ലൈംഗികാതിക്രമ പരാതി തെളിയിക്കപ്പെട്ടാൽ തൂക്കിലേറി മരിക്കാൻ തയാറാണ്. ഗുസ്തിയിൽ 20–ാം സ്ഥാനത്തായിരുന്ന ഇന്ത്യ അഞ്ചാം സ്ഥാനത്തെത്തിയതിനു പിന്നിൽ തന്റെ കഠിനാധ്വാനവുമുണ്ടെന്നും കൈസർഗഞ്ചിൽ നിന്നുള്ള പാർലമെന്റ് അംഗമായ ബ്രിജ് ഭൂഷൻ പറഞ്ഞു. ബ്രിജ് ഭൂഷന് എതിരായ കേസുകൾ പരിഗണനയിലാണെന്നും അന്വേഷണത്തിന്റെ തൽസ്ഥിതി റിപ്പോർട്ട് കോടതിയിൽ നൽകുമെന്നും ഡൽഹി പൊലീസ് വിശദീകരിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല