പാല് കൊടുത്ത കൈയ്ക്ക് തന്നെ വിജിലന്‍സ് തിരിഞ്ഞു കൊത്തി എന്ന് പറഞ്ഞാല്‍ മതിയല്ലോ, എന്തിനും ഏതിനും വിജിലന്‍സ് അന്വേഷണം വേണമെന്ന് ആവശ്യപെടുന്ന വിഎസിനെതിരെ ഒടുവില്‍ വിജിലന്‍സ്! അഴിമതിക്കേസില്‍ കുടുക്കിലാവുന്നു എന്നുവരുമ്പോള്‍ എല്ലാ രാഷ്ട്രീയക്കാരും പറയാറുള്ള ചില പതിവു ന്യായങ്ങളുണ്ട്. പ്രതികാര നടപടി, രാഷ്ട്രീയ പ്രേരിതം, കള്ളക്കേസ്. കേസൊക്കെ രജിസ്റ്ററാക്കി അന്വേഷണം തുടങ്ങുന്നതോടെ രാഷ്ട്രീയക്കാരും മിക്കവാറും മാധ്യമങ്ങളും അതു വിടുന്നു. കേസില്‍ പ്രതിയായവന്‍ മിക്കവാറും രക്ഷപ്പെടുന്നു.
സാങ്കേതികത്വത്തിന്റെ കാരണങ്ങള്‍ അത്രയുണ്ടാവാം. പ്രതി ശിക്ഷിക്കപ്പെടണമെന്ന നിര്‍ബന്ധമല്ല ആഗ്രഹംപോലും ആര്‍ക്കും ഇല്ലെന്നും തോന്നാം. അതിന് ഒരപവാദമാണ് വിഎസ്. താന്‍ ഏറ്റെടുത്ത കേസുകളില്‍ പ്രതികള്‍ ശിക്ഷിക്കപ്പെടുന്നതുവരെ അദ്ദേഹം പോരാടുന്നു. അതു സാധാരണക്കാരുടെ മനസില്‍ അദ്ദേഹത്തോട് ആദരം ഉണ്ടാക്കുന്നു.
അഴിമതിക്കെതിരെ പോരാടി മലയാളക്കരയില്‍ നിറഞ്ഞുനില്‍ക്കുന്ന അച്യുതാന്ദന്‍, തന്റെ വലിയച്ഛന്റെ ചെറുമകനു വെറും രണ്ടില്‍ ചില്വാനം ഏക്കര്‍ ഭൂമി പതിച്ചുനല്കിയ കേസില്‍ ഒന്നാം പ്രതിയാകാന്‍ പോകുന്നു എന്നു വന്നപ്പോള്‍, പതിവ് രാഷ്ട്രീക്കാര്‍ നടത്തുന്ന മുറവിളികള്‍ നടത്തിയതു പക്ഷേ, സാധാരണക്കാരെ അന്ധാളിപ്പിച്ചു. കേസ് രജിസ്റ്റര്‍ ചെയ്തതുകൊണ്ടുമാത്രം ഒരാള്‍ കുറ്റവാളിയാണെന്നു പറഞ്ഞുകൂടെന്നു തങ്ങള്‍ക്കെതിരേ കേസുകളുടെ പ്രവാഹം ഉണ്ടായപ്പോള്‍ ഉറക്കത്തില്‍പ്പോലും വിളിച്ചുപറഞ്ഞു കൊണ്ടിരുന്നവര്‍, അച്യുതാനന്ദന്റെ കാര്യം വന്നപ്പോള്‍ രക്തത്തിനുവേണ്ടി ഉറക്കെ കരയുന്നു. ഇത്തരം ഒരു വിവരം കിട്ടിയാല്‍ ആക്ഷേപ വിധേയനായ വ്യക്തിയുടെ രാജിക്കുവേണ്ടി 10 ബസ് എങ്കിലും ഉറപ്പായും തല്ലിത്തകര്‍ക്കാറുള്ള ഡിഫിക്കാര്‍ക്കു മിണ്ടാട്ടമില്ല. പിണറായിയും നിശബ്ദന്‍. പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ എന്ന മനസാവും അദ്ദേഹത്തിന്.
പാര്‍ട്ടിയില്‍ വിഎസ് ഏതാണ്ടു പരുവമായെന്ന് ഇപ്പോള്‍ വ്യക്തമായിട്ടുണ്ടെന്നതു പിണറായിയുടെ ആക്രമണശൌര്യത്തെ കൂടുതല്‍ നിഷ്ക്രിയമാക്കിയിരിക്കണം. നിഷ്പക്ഷമായി പ്രശ്നങ്ങളെ കാണാന്‍ ശ്രമിക്കുന്നവര്‍, എല്ലാവരിലും രണ്ടു മുഖം കാണുന്നു. വിഎസിന്റെ ഇപ്പോഴത്തെ അവസ്ഥയില്‍ ഉമ്മന്‍ ചാണ്ടിയോ മറ്റേതെങ്കിലും നേതാവോ, എന്തിന് അതു പിണറായി ആയിരുന്നെങ്കില്‍ക്കൂടി വിഎസ് എത്രവട്ടം രാജി ആവശ്യപ്പെടുമായിരുന്നു? ഉപ്പു തിന്നുന്നവന്‍ വെള്ളം കുടിക്കും എന്നൊക്കെ ഉപദേശിക്കുകയും ചെയ്യുമായിരുന്നില്ലേ?
എല്ലാ രാഷ്ട്രീയക്കാരെയും പോലെ സ്വന്തം തടി രക്ഷിക്കാന്‍ കൂടെയുള്ളവരെ എല്ലാം കുടുക്കിലാക്കുന്ന ശൈലിയും വിഎസ് കാണിച്ചതായാണ് ഉദ്യോഗസ്ഥ ലോകത്തിന്റെ എങ്കിലും സങ്കടം. മുഖ്യമന്ത്രിയുടെ ഓഫീസില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന, സംശുദ്ധമായ ഔദ്യോഗിക ജീവിതത്തിന് അടയാളമായ ഷീലാ തോമസ് സംഭവത്തില്‍ പ്രതിപ്പട്ടികയില്‍ വന്നതു വിഎസ് എടുത്ത നിലപാടു മൂലമാണെന്നാണു വാര്‍ത്ത. മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫൊന്നുമല്ല പ്രിന്‍സിപ്പല്‍ സെക്രട്ടറി. മുഖ്യമന്ത്രിക്കു ലഭിക്കുന്ന അപേക്ഷകള്‍ ബന്ധപ്പെട്ട സെക്രട്ടറിമാര്‍ക്ക് അയച്ചു കൊടുക്കുന്ന സര്‍ക്കാര്‍ സെക്രട്ടറിയാണവര്‍. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഗൂഢാലോചനകളില്‍ അവര്‍ പങ്കാളിയാകില്ല. അതിനാണല്ലോ പെളിറ്റിക്കല്‍ സെക്രട്ടറി ഉള്ളത്.
സോമന്റെ അപേക്ഷ മുഖ്യമന്ത്രിയുടെ താത്പര്യപ്രകാരം അയയ്ക്കുന്നു എന്ന കുറിപ്പോടെ ബന്ധപ്പെട്ട സെക്രട്ടറിക്കയച്ച ഫയല്‍ എങ്ങനെ ഗൂഢാലോചനയാവും എന്നതാണ് ഐഎഎസുകാരുടെ ചോദ്യം. കോടതിയില്‍ ഒരിക്കല്‍ നിരപരാധിത്വം തെളിയിക്കാനായേക്കും. അപ്പോഴേക്കും പാമോലിന്‍ കേസിലെ പി.ജെ. തോമസിനെപ്പോലെ പല പദവികളും ഈ നല്ല ഉദ്യോഗസ്ഥയെ കടന്നുപോകില്ല എന്ന് ആര്‍ക്കാണ് ഉറപ്പ്. കെ.പി. രാജേന്ദ്രനും ഷീലയ്ക്കും സ്വന്തം നിരപരാധിത്വം തെളിയിക്കണമെങ്കില്‍ വിഎസിനെതിരെ മൊഴി കൊടുക്കേണ്ടിവരും എന്ന സാഹചര്യം ഉണ്ടാക്കാനാവാം അവരെയും പ്രതിയാക്കിയതെന്ന് കരുതുന്നവരുണ്ട്. ഏതായാലും വിഎസിന്റെയും വിജിലന്‍സിന്റെയും ഈ നിലപാടില്‍ പ്രത്യേകിച്ചും ഷീലയെ കരുവാക്കുന്നതില്‍ ഉദ്യോഗസ്ഥര്‍ക്കു വലിയ അമര്‍ഷമുണ്ട്.
2.33 ഏക്കര്‍ സ്ഥലം കാസര്‍ഗോട്ട് സ്വന്തം വലിയച്ഛന്റെ ചെറുമകന് അനധികൃതമായി പതിച്ചുനല്കി എന്നതാണു കേസ്. 1,76,000 കോടി രൂപയുടെ അഴിമതി നടത്തിയെന്ന് ആരോപിക്കപ്പെട്ട രാജാ മുതല്‍ 371 കോടിയുടെ അഴിമതി നടത്തിയെന്ന ആരോപണം പേറുന്ന പിണറായി വരെയുള്ള വന്‍തോക്കുകള്‍ ഇതു കേട്ടാല്‍ ചിരിച്ചുപോകും. എന്നാല്‍, പണ്ടു കേരള മുഖ്യമന്ത്രിയായിരുന്ന ആര്‍. ശങ്കര്‍, ബെന്‍സിന്റെ ട്രക്കു വാങ്ങാന്‍ തന്റെ അനന്തരവനു ക്രമം തെറ്റിച്ച് മുന്‍ഗണന നല്‍കിയെന്നും മുന്‍ഗണനാക്രമം തെറ്റിച്ച് ട്രക്ക് വാങ്ങാന്‍ ശിപാര്‍ശചെയ്തുവെന്നും കവളപ്പാറ മൂപ്പില്‍നായരുടെ വക ഭൂമി 84 വര്‍ഷത്തേക്ക് ഒരു രൂപാ പാട്ടത്തിനു മുഖ്യമന്ത്രിയുടെ ഭാര്യ വാങ്ങി എന്നും വ്യവസായമന്ത്രി ഒരു വ്യവസായിയില്‍നിന്ന് ഒരു വൈരമാല സമ്മാനമായി വാങ്ങിയെന്നും ഒക്കെയുള്ള അഴിമതികേട്ടപ്പോള്‍ അന്നത്തെ പ്രധാനമന്ത്രി നെഹ്റുവിന് അദ്ഭുതമായിരുന്നു എന്നു കേട്ടിട്ടുണ്ട്; ഇതൊക്കെ അഴിമതിയോ എന്ന മട്ടില്‍.
പഞ്ചാബ് മുഖ്യമന്ത്രി കെയ്റോണിന്റെയും മറ്റും പേരില്‍ വന്ന അഴിമതികളുമായി തുലനം ചെയ്താല്‍ അവ ഒന്നും അല്ലെന്നായിരുന്നു കാരണം. എന്നാല്‍, കേരളത്തില്‍ അന്ന് അതെല്ലാം കമ്യൂണിസ്റുകാര്‍ ആഘോഷിച്ച വിഷയങ്ങളാണ്. അതെല്ലാം അഴിമതിയായി തന്നെയാണു കേരളജനത കണ്ടതും. പിന്നീട് ബാലകൃഷ്ണപിള്ളയുടെ ഇടമലയാര്‍ കേസിലെ അഴിമതി വെറും രണ്ടു കോടിയാണ്. കരുണാകരനെയും ഉമ്മന്‍ചാണ്ടിയെപ്പോലും വെള്ളം കുടിപ്പിച്ച പാമോയില്‍ ഇടപാടില്‍ സംസ്ഥാനത്തിന് ഉണ്ടായത് 2.32 കോടിയുടെ നഷ്ടമാണ്. ടി.എം. ജേക്കബിനെ വിഎസ് വിടാതെ വേട്ടയാടിയ കുര്യാര്‍കുറ്റി കാരപ്പാറക്കേസിലെ അഴിമതിത്തുക ഏതാനും ലക്ഷങ്ങളാണ്. ഇതിന്റെ എല്ലാം കേസ് നടത്തിപ്പിനുതന്നെ അഴിമതിക്കായി നഷ്ടപ്പെട്ട തുകയെക്കാള്‍ സംസ്ഥാന സര്‍ക്കാരിന് ചെലവ് ഉണ്ടായിട്ടുണ്ടാവണം. ഇതെല്ലാം ആഘോഷിച്ചവര്‍ ഇപ്പോള്‍ 2.33 ഏക്കറല്ലേ ഉള്ളു എന്നു ചോദിക്കുന്നതാണ് അദ്ഭുതം.
വിഎസിന്റെ ബന്ധുവായ വിമുക്തഭടന് 1977ല്‍ അനുവദിച്ച ഭൂമിയാണത്. 30 വര്‍ഷം അദ്ദേഹം സ്ഥലം ഏറ്റെടുത്തില്ല. വിഎസ് മുഖ്യമന്ത്രി ആയപ്പോള്‍ പുതിയ അപേക്ഷയുമായി വന്നു. റവന്യൂ സെക്രട്ടറി എതിര്‍ത്തു. ആ എതിര്‍പ്പു മറികടന്നു മന്ത്രിസഭ ഭൂമി പതിച്ചു കൊടുത്തു. ഇങ്ങനെ കിട്ടുന്ന ഭൂമി 25 വര്‍ഷത്തിനുശേഷമേ കൈമാറ്റം ചെയ്യാവൂ എന്ന വ്യവസ്ഥയും റദ്ദാക്കിക്കൊടുത്തു. ഇതിന്റെ മറവില്‍ അവിടെ ഉണ്ടായിരുന്ന തടികളെല്ലാം പട്ടയം കിട്ടിയ ബന്ധു വെട്ടി എടുത്തതായി അക്കാലത്തു വാര്‍ത്ത ഉണ്ടായിരുന്നു. ഏതായാലും വിജിലന്‍സ് വിശദമായ അന്വേഷണത്തിനു ശേഷമാണു കുറ്റപത്രം തയ്യാറാക്കുന്നത്. വിഎസിന്റെ മകന്‍ അരുണ്‍കുമാറിനെതിരെ സന്തോഷ് മാധവന്‍ കൊടുത്ത പരാതി അന്വേഷിച്ചു തെളിവില്ലെന്നു കണ്ട അതേ വിജിലന്‍സു തന്നെയാണ് ഈ കേസില്‍ കഴമ്പുണ്െടന്നു പറയുന്നത് എന്നും ഓര്‍ക്കണം.
സര്‍ക്കാരുകള്‍ മാറുമ്പോള്‍ മുന്‍ സര്‍ക്കാരിന്റെ നടപടികളെക്കുറിച്ച് ഇത്തരത്തിലുള്ള സൂക്ഷ്മമായ അന്വേഷണം ഉണ്ടാകുന്നതു ഭരണം അഴിമതി വിമുക്തമാക്കുവാന്‍ ഒരു പരിധിവരെ സഹായകമാവും. കേസ് വക്കീലു നടത്തുമല്ലോ എന്ന മട്ടില്‍ പണം കൊയ്തെടുക്കുന്നവരും ഉണ്ട്. മക്കളും സഹോദരങ്ങളുടെ മക്കളും ഒക്കെ വന്‍ വ്യവസായികളായ സംഭവങ്ങള്‍ ഇവിടെയും ഉണ്ട്. അധികാരം വിട്ടുപോകുന്നവരുടെ കുടുംബത്തിനുണ്ടായ വന്‍ പുരോഗതിയെക്കുറിച്ച് അന്വേഷിക്കാന്‍ ആര്‍ക്കും അത്ര താത്പര്യം ഇല്ലെന്നതും സത്യം.
ഇപ്പോഴത്തെ യുഡിഎഫ് നേതാക്കള്‍ കഴിഞ്ഞ നിയമസഭയില്‍ എത്രയോ ആക്ഷേപങ്ങള്‍ ഉന്നയിച്ചു. എച്ച്എംടി വിവാദമടക്കമുള്ള എത്രയോ പ്രശ്നങ്ങളില്‍ വ്യവസായ മന്ത്രിയായിരുന്ന എളമരം കരീമിനെതിരെയും, കെഎസ്ടിപി പദ്ധതിക്കാര്യത്തില്‍ മന്ത്രി ഐസക്കിനെതിരെയും, മെര്‍ക്കിസ്റ്റന്‍എസ്റ്റേറ്റ് വിവാദത്തില്‍ അന്നത്തെ വനംമന്ത്രി ബിനോയ് വിശ്വത്തിനെതിരേയും ഒക്കെ വന്ന കോടികളുടെ അഴിമതികള്‍ ഏതാണ്ടു വിസ്മരിക്കപ്പെട്ടപ്പോള്‍ എന്തേ വിഎസിന്റെ 2.33 ഏക്കര്‍ മാത്രം കേസാവുന്നു എന്ന ചോദ്യം സാധാരണക്കാര്‍ക്കുണ്ടാവും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല