ബ്രിട്ടീഷ് റിയാലിറ്റി ഷോയായ എക്‌സ് ഫാക്ടറിലൂടെ ശ്രദ്ധേയനായ ഡെറി മെന്‍സാഹ് മുന്‍ കുറ്റവാളിയായിരുന്നെന്ന് വെളിപ്പെടുത്തല്‍. 2009 ജനുവരിയില്‍ താന്‍ ഒരു കവര്‍ച്ചക്കേസില്‍ അകപ്പെട്ട് ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ടെന്ന് ഇദ്ദേഹം തന്നെയാണ് ശനിയാഴ്ച നടന്ന തന്റെ ആദ്യ ഷോയില്‍ വെളിപ്പെടുത്തിയത്. ഡെറിയുടെ പ്രകടനം കണ്ട് വിധികര്‍ത്താവായ കെല്ലി റോളണ്ട് കെട്ടിപ്പിടിച്ച് അഭിനന്ദിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു ഡെറിയുടെ ഈ വെളിപ്പെടുത്തല്‍.
പതിനഞ്ചുകാരനായ ലൂക്ക് ഹെറോണിനെയാണ് ഡെറി 2008ല്‍ റെയില്‍വേസ്റ്റേഷനില്‍ വച്ച് ഭീഷണിപ്പെടുത്തി കൊള്ളയടിച്ചത്. തെക്ക് പടിഞ്ഞാറന്‍ ലണ്ടനിലെ ക്‌ളഫാം ജംഗ്ഷന്‍ റെയില്‍വേസ്റ്റേഷനില്‍ വച്ചായിരുന്നു കേസിനാസ്പദമായ സംഭവമുണ്ടായത്. രാത്രി തന്റെ പിതാവിനെ സന്ദര്‍ശിച്ച ശേഷം മടങ്ങുകയായിരുന്ന ലൂക്കിനെ ഡെറി പിന്തുടരുകയായിരുന്നു.
ആരുമില്ലാത്ത സമയമായതിനാല്‍ ഇയാളില്‍ നിന്ന് രക്ഷപ്പെടാന്‍ ലൂക്ക് പരമാവധി ശ്രമിച്ചെങ്കിലും ഡെറി പിന്തുടര്‍ന്നു. രണ്ട് സ്റ്റേഷനുകള്‍ക്ക് ശേഷമുള്ള ബെല്‍ഹാമിലായിരുന്നു ലൂക്കിന് ഇറങ്ങേണ്ടിയിരുന്നത്. എന്നാല്‍ ലൂക്കിനടുത്തു തന്നെ ഇരുന്ന ഡെറി ലൂക്കിന്റെ വാച്ചും മൊബൈല്‍ ഫോണും ആവശ്യപ്പെട്ടു. എന്നാല്‍ എന്‍ 91 സീരീസിലെ നോക്കിയ മൊബൈലും റോളക്‌സ് വാച്ചും നല്‍കാന്‍ ലൂക്ക് തയ്യാറായില്ല. തുടര്‍ന്ന് പിന്തിരിഞ്ഞ ഡെറി അല്‍പ്പസമയത്തിന് ശേഷം തിരിച്ചെത്തി ഇവരണ്ടും വീണ്ടും ആവശ്യപ്പെട്ടു. തന്നില്ലെങ്കില്‍ ഇന്ന് പത്തിന്റെ വാര്‍ത്തയിലുണ്ടാകും എന്ന് പറഞ്ഞായിരുന്നു ഭീഷണിയെന്ന് ലൂക്ക് പറഞ്ഞു. ഡെറി കൈവശമുണ്ടായിരുന്ന ബാഗില്‍ കയ്യിടുന്നത് കണ്ടതോടെ ഇയാളുടെ കയ്യില്‍ തോക്കുണ്ടെന്നും ഇയാള്‍ തന്നെ ഇപ്പോള്‍ കൊല്ലുമെന്നും തോന്നിയതായി ലൂക്ക് വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് ഭയന്ന് ലൂക്ക് വാച്ചും ഫോണും ഡെറിക്ക് നല്‍കുകയായിരുന്നു.
ലൂക്കിനെ പ്‌ളാറ്റ്‌ഫോമില്‍ ഉപേക്ഷിച്ച് നീങ്ങിയ ഡെറി ഒരു സുഹൃത്തിനെ ഫോണില്‍ വിളിച്ച് താന്‍ ഒരു കൊച്ചു കുട്ടിയെ കൊള്ളയടിച്ചെന്നും അവന്റെ വാച്ചും ഫോണും തട്ടിയെടുത്തെന്നും അറിയിച്ചു. കൂടാതെ താന്‍ സെല്‍ഹര്‍ട്ടിലേക്ക് വന്നു കൊണ്ടിരിക്കുകയാണെന്നും ഡെറി പറഞ്ഞതാണ് ഇയാളെക്കുടുക്കാന്‍ ലൂക്കിനെ സഹായിച്ചത്.
ഉടന്‍ തന്നെ പൊലീസില്‍ വിവരമറിയിച്ച ലൂക്ക് സെല്‍ഹര്‍ട്ട് റെയില്‍വേസ്റ്റേഷനില്‍ വച്ച് ഡെറിയെ തിരിച്ചറിഞ്ഞു. എന്നാല്‍ തന്റെ കയ്യില്‍ ആയുധമുണ്ടായിരുന്നെന്ന ആരോപണം ഡെറി നിരസിച്ചു. പൊലീസ് ഡെറിയുടെ വീട്ടില്‍ പരിശോധന നടത്തിയെങ്കിലും ആയുധങ്ങളൊന്നും കണ്ടെടുക്കാന്‍ സാധിച്ചില്ല.
തുടര്‍ന്ന് പൊലീസ് കസ്റ്റഡിയിലായ ഇയാള്‍ 2009 ജനുവരിയിലാണ് കുറ്റം സമ്മതിച്ചത്. എന്നാല്‍ താന്റെ കയ്യില്‍ ആയുധമില്ലായിരുന്നെന്ന് ഇയാള്‍ എക്‌സ് ഫാക്ടര്‍ ഷോയിലും അവകാശപ്പെടുന്നു. ഇയാള്‍ കുറ്റം സമ്മതിച്ചതോടെ കോടതി 18 മാസത്തേക്ക് തടവ് ശിക്ഷ വിധിച്ചു. എന്നാല്‍ നല്ലനടപ്പ് കണ്ട് പിന്നീട് ശിക്ഷ ഒമ്പത് മാസമാക്കി. മോഷണത്തിനിരയായതോടെ തനിക്ക് പകല്‍ പോലും ഒറ്റയ്ക്ക് യാത്ര ചെയ്യാന്‍ ധൈര്യമില്ലെന്നാണ് ലൂക്ക് തന്നെ സന്ദര്‍ശിച്ച പത്രിലേഖകരെ അറിയിച്ചത്
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല