അതിപുരാതനമായ ഈജിപ്ഷ്യന്‍ മമ്മിയെ ചുറ്റിപ്പറ്റിയുള്ള നിഗൂഢതയ്ക്ക് ആശുപത്രിയില്‍ നടന്ന എക്‌സറെ സ്‌കാനിംഗില്‍ വിരാമം. തെക്ക് പടിഞ്ഞാറന്‍ ബ്രിട്ടനിലെ ടോര്‍ക്കി മ്യൂസിയത്തില്‍ സൂക്ഷിച്ചിരുന്ന 2500 വര്‍ഷം പഴക്കമുള്ള കുട്ടിയുടെ മമ്മിയാണ് സ്‌കാനിംഗിന് വിധേയമാക്കിയത്. മമ്മി കിടത്തിയിരുന്ന ശവപ്പെട്ടി കുട്ടിയേക്കാള്‍ ആയിരം വര്‍ഷം പഴക്കമുള്ളതാണെന്ന് സ്‌കാനിംഗില്‍ വ്യക്തമായി.
ഇതോടെ ഈ ശവപ്പെട്ടി ആദ്യമായി ഉപയോഗിച്ചത് മ്യൂസിയം ജീവനക്കാര്‍ സാംടെക് എന്നു വിളിക്കുന്ന കുട്ടിയല്ലെന്ന് വ്യക്തമായി. ഈജിപ്ഷ്യന്‍ രാജകുടുംബത്തിലെ അംഗമായിരുന്ന കുട്ടി നാലാം വയസില്‍ രോഗം വന്നാണ് മരിച്ചത്. മറ്റന്വേഷണങ്ങളില്‍ നിന്ന്് കുട്ടി കിടന്നിരുന്ന ആഢംബര ശവപ്പെട്ടി നിര്‍മ്മിച്ചത് 1525 ബി.സിക്കും 1470 ബി.സിക്കും ഇടയിലാണെന്ന് തെളിഞ്ഞിട്ടുണ്ട്. ഇതൊരു അത്യപൂര്‍വമായ കണ്ടെത്തലാണെന്നും മ്യൂസിയത്തില്‍ ഇപ്പോഴുള്ളതില്‍ ഏറ്റവും ഗംഭീരമായ കാഴ്ചവസ്തു ഈ ശവപ്പെട്ടിയാണെന്നും മ്യൂസിയത്തിന്റെ ക്യൂറേറ്റര്‍ ബാരി ചാന്ദ്‌ലര്‍ അറിയിച്ചു.
ബ്രിട്ടീഷ് മ്യൂസിയത്തില്‍പ്പോലും ഇത്രയും പഴക്കമേറിയ കാഴ്ച വസ്തുവില്ലെന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്. 1956ല്‍ പ്രശസ്ത ഗായിക ലേഡി വിനരറ്റ ലീഡ്‌സ് ആണ് ഈ ശവപ്പെട്ടിയും മമ്മിയും മ്യൂസിയത്തിന് സമ്മാനിച്ചത്. 1920കളില്‍ അവര്‍ തുടര്‍ച്ചയായി ഈജിപ്തില്‍ നടത്തിയ സന്ദര്‍ശനത്തിലെപ്പോഴോ ആണ് ഇത് വാങ്ങിയതെന്ന് കരുതുന്നു. അടുത്തിടെ ഇരുപത് ലക്ഷം പൗണ്ട് ചിലവാക്കി നിര്‍മ്മിച്ച പ്രത്യേക സ്റ്റോര്‍ മുറിയിലാണ് മ്യൂസിയത്തില്‍ ഇത് സൂക്ഷിച്ചിരിക്കുന്നത്.
ദേവതാരു മരത്തില്‍ നിര്‍മ്മിച്ച ഈ ശവപ്പെട്ടി പ്‌ളാസ്റ്ററും ലിനനും ഉപയോഗിച്ച് അലങ്കരിച്ചിട്ടുണ്ട്. വെള്ള നിറമുള്ള പെയിന്റാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. ലിനനില്‍ പൊതിഞ്ഞ് സൂക്ഷിക്കുന്ന സാംടെകിനെ ദ്രാവക തുള്ളി കൊണ്ടുള്ള വല കൊണ്ടും പൊതിഞ്ഞിട്ടുണ്ട്. സാംടെക് അല്ല ഈ ശവപ്പെട്ടിയുടെ ആദ്യ ഉപഭോക്താവ് എന്ന സംശയം തനിക്ക് ഏറെ നാളായി ഉണ്ടായിരുന്നുവെന്ന് ചാന്ദ്‌ലര്‍ വ്യക്തമാക്കി.
ഈ സംശയത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ശവപ്പെട്ടിയുടെ പഴക്കവും മൃതദേഹത്തിന്റെ പ്രായവും കണക്കാക്കാന്‍ തീരുമാനിച്ചത്. ഈജിപ്ഷ്യന്‍ ഫറവോയായ തുറ്റ്‌മോസ് മൂന്നാമന്റെ ഭരണകാലത്താണ് ഈ ശവപ്പെട്ടി നിര്‍മ്മിച്ചതെന്ന് അതിലാണ് തെളിഞ്ഞത്. എന്നാല്‍ മൃതദേഹവും ശവപ്പെട്ടിയും തമ്മില്‍ 200 വര്‍ഷം പഴക്കം മാത്രമേയുണ്ടാകൂ എന്നാണ് മ്യൂസിയം അധികൃതര്‍ കരുതിയിരുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല