സ്വന്തം ലേഖകൻ: പൂർണമായും കാർബൺ രഹിത ഹരിത നഗരം (എക്സ് സീറോ) സ്ഥാപിക്കാൻ കുവൈത്ത് ഒരുങ്ങുന്നു. ലോകത്തിലെ ഏറ്റവും വലുതും മേഖലയിലെ ആദ്യത്തേതുമായിരിക്കും എക്സ് സീറോ എന്ന ഹരിത നഗര പദ്ധതി.
ഒരു ലക്ഷം പേർക്ക് താമസിച്ച് ജോലി ചെയ്യാവുന്ന വിനോദസഞ്ചാര കേന്ദ്രം കൂടിയാകും ഇത്. ആകാശ ദൃശ്യത്തിൽ ഒരു പുഷ്പത്തെ പോലുള്ള നഗരത്തിലേക്കു കാറുകളുടെ പ്രവേശനം പരിമിതപ്പെടുത്തും. ആരോഗ്യ ട്രാക്കിലേക്ക് ജനങ്ങളെ ആകർഷിക്കുന്നതിന് ഹരിത നടപ്പാതകളായിരിക്കും കൂടുതലായി ഉൾപ്പെടുത്തുക.
ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയവയ്ക്ക് പ്രത്യേക വിഭാഗങ്ങളുണ്ടാകും. പാഴ് വസ്തുക്കൾ സംസ്കരിച്ച് പുനരുപയോഗ ഉൽപന്നങ്ങളാക്കി മാറ്റുന്ന സംവിധാനവും ഇവിടെയുണ്ടാകും. ഭക്ഷണം, ഊർജം, സുരക്ഷ എന്നിവയിൽ സ്വയം പര്യാപ്തത പ്രതീക്ഷിക്കുന്ന നഗരത്തിൽ 30,000 പേർക്ക് ഹരിത ജോലിയും ഉറപ്പാക്കാം.
ആശുപത്രി, നക്ഷത്ര ഹോട്ടൽ, താമസ സമുച്ചയങ്ങൾ, റിസോർട്ടുകൾ, പാർക്കുകൾ, കളിക്കളങ്ങൾ എന്നിവയെല്ലാം പരിസ്ഥിതി സൗഹൃദമായിരിക്കും. നഗരത്തിന്റെ കൂടുതൽ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല