സ്വന്തം ലേഖകന്‍: ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ടി ജനറല്‍ സെക്രട്ടറിയായി ഷി ജിന്‍പിങ് വീണ്ടും, ചൈനയെ പുതുയുഗത്തിലെ ലോക മഹാശക്തിയാക്കാന്‍ ഡ്രീം ടീം പ്രഖ്യാപിച്ച് ചൈനീസ് പ്രസിഡന്റ്. ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ പുതിയ നേതൃനിരയുടെ ഉദയത്തിന് വഴിയൊരുക്കി പൊളിറ്റ് ബ്യൂറോ സ്ഥിരം സമിതിയില്‍ ഏഴ് അംഗങ്ങളെ തിരഞ്ഞെടുത്തു. ചൈനയെ പുതുയുഗത്തിലേക്കു നയിക്കാനുള്ള ‘ഡ്രീം ടീം’ എന്നാണു പുതിയ പൊളിറ്റ് ബ്യൂറോ അംഗങ്ങളെ സര്‍ക്കാരിന്റെ ഔദ്യോഗിക മാധ്യമമായ ‘പീപ്പിള്‍സ് ഡെയ്‌ലി’ വിശേഷിപ്പിച്ചത്.
അതേസമയം അറുപത്തിനാലുകാരനായ ഷി ചിന്‍പിങ്ങിന്റെ പിന്‍ഗാമിയെ പ്രഖ്യാപിക്കാതിരുന്നതും ശ്രദ്ധേയമായി. ലോകത്ത് കൂടുതല്‍ വിശാലമായ രീതിയില്‍ ചൈന ഉണ്ടാകുമെന്ന് പുതിയ അംഗങ്ങളെ പരിചയപ്പെടുത്തി സിപിസി ജനറല്‍ സെക്രട്ടറി കൂടിയായ ഷി ജിന്‍പിങ് പറഞ്ഞു. 13 ആം പഞ്ചവത്സര പദ്ധതി മുന്നോട്ടുവയ്ക്കുന്ന ഔത്യങ്ങള്‍ പ്രാവര്‍ത്തികമാക്കാനുള്ള പ്രവര്‍ത്തനം സിപിസി തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ചൈനയുടെ ഭാവി മുന്‍നിര്‍ത്തിയുള്ള പുതിയ കര്‍മപദ്ധതികള്‍ തയ്യാറാക്കും. എല്ലാ മേഖലയും അഭിവൃദ്ധിപ്പെടുത്തും. 2020ല്‍ എല്ലാതലത്തിലും സമൃദ്ധമായ സമൂഹം കെട്ടിപ്പടുക്കാനുള്ള ശ്രമം തുടരുമെന്നും ഷി ജിന്‍പിങ് പ്രഖ്യാപിച്ചു. ജനങ്ങളെ കേന്ദ്രീകരിച്ചുള്ള തത്വശാസ്ത്രത്തിന്റെ വികസനം സാധ്യമാക്കാന്‍ പാര്‍ടി പ്രതിജ്ഞാബദ്ധമാണ്. ജനവികാരത്തെ ഉയര്‍ത്തിപ്പിടിച്ചുള്ള സുസ്ഥിര പുരോഗതിയും എല്ലാവര്‍ക്കും സമൃദ്ധിയും ഉറപ്പാക്കും.
പരിഷ്‌കരണത്തിന്റെയും മുന്നേറ്റത്തിന്റെയും 40 ആം വാര്‍ഷികമാണ് 2018 ല്‍ പൂര്‍ത്തിയാകുന്നത്. കാലാനുസൃതമായ പരിഷ്‌കരണത്തെ കൂടുതല്‍ ആഴത്തിലാക്കാനുള്ള നിര്‍ണായകശ്രമങ്ങള്‍ നടത്തും. ചൈനീസ് റിപ്പബ്‌ളിക് സ്ഥാപിതമായതിന്റെ 70 വാര്‍ഷികം 2019 ലാണ്. ലോകത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പാര്‍ടിയെന്ന നിലയില്‍ സിപിസിക്ക് ആ നിലവാരത്തിന് അനുസരിച്ച് പ്രവര്‍ത്തിക്കേണ്ടതുണ്ട്. മറ്റു രാജ്യങ്ങളുമായി സഹകരിച്ച് ആഗോളസമൂഹം കെട്ടിപ്പടുക്കുമെന്നും ഷി ജിന്‍പിങ് വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല