സ്വന്തം ലേഖകൻ: ന്യൂഡല്‍ഹിയില്‍ നടക്കുന്ന ജി20 ഉച്ചകോടിക്കിടെ യുഎസ് പ്രസിഡന്റുമായുള്ള മുഖാമുഖം ഒഴിവാക്കുന്നതിനാണോ ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പെങ് വിട്ടുനിന്നത്. ചൈനീസ് പ്രസിഡന്റിന്റെ വിട്ടുനില്‍ക്കലിന്റെ പ്രധാന ഘടകങ്ങളിലൊന്നായി യുഎസിലെയും പശ്ചിമേഷ്യയിലെയും മാധ്യമങ്ങള്‍ നല്‍കുന്ന സൂചന ഇതാണ്.
കഴിഞ്ഞ നവംബറില്‍ നടന്ന ജി20 ബാലി ഉച്ചകോടിയുടെ ഭാഗമായി യുഎസ് പ്രസിഡന്‍റ് ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്താന്‍ ഷി സമ്മതിച്ചത് ആദ്യഘട്ടത്തിലെ വിമുഖതയ്ക്ക് ശേഷമായിരുന്നു എന്നതാണ് ഇതിനു കാരണമായി ചൂണ്ടിക്കാണിക്കുന്നത്. ‘മടി വിപത്ത് മാത്രമേ കൊണ്ടുവരൂ’ എന്ന ചൈനീസ് പഴമൊഴിയാണ് പലരും ഉദ്ധരിക്കുന്നത്. ബാലി ഉച്ചകോടിക്ക് ശേഷം യുഎസ്-ചൈന ബന്ധം വഷളാകുന്നതിന് സംഭവിച്ചത് ഇതാണ്. ഷിയെ ബൈഡന്‍ ഏകാധിപതി എന്ന് വിളിച്ചപ്പോള്‍ ലോകത്തിലെ രണ്ട് സാമ്പത്തിക വന്‍ശക്തികള്‍ തമ്മിലുള്ള വിദ്വേഷം മറ നീക്കി പുറത്തു വരികയായിരുന്നു. ഈ വര്‍ഷം ജൂണില്‍ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെന്റെ ചൈനാ സന്ദര്‍ശനം അവസാനിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു ബൈഡന്റെ കുപ്രസിദ്ധമായ പരാമര്‍ശം.
ഏറ്റവും പ്രധാനമായി, വിദഗ്ധരുടെ അഭിപ്രായത്തില്‍, ന്യൂഡല്‍ഹിയില്‍ നടക്കുന്ന ജി 20 ഉച്ചകോടിയില്‍ നിന്ന് പുറത്തുപോകാനും ബൈഡനുമായുള്ള കൂടിക്കാഴ്ച ഒഴിവാക്കാനും ഷി നിര്‍ബന്ധിതനായതിന് ആഭ്യന്തര രാഷ്ട്രീയ സമ്മര്‍ദ്ദങ്ങളുണ്ടാകാമെന്നും വിലയിരുത്തപ്പെടുന്നു. ‘എല്ലാ അധികാരവും ഷിയുടെ കൈകളില്‍ ആയതിനാല്‍, അദ്ദേഹത്തിന്റെ അഭാവം മൂലമുണ്ടാകുന്ന അനിശ്ചിതത്വം അദ്ദേഹം മുന്‍കൂട്ടി കാണുന്നു. – സിങ്കപ്പൂര്‍ ആസ്ഥാനമായുള്ള രാഷ്ട്രീയ ശാസ്ത്രജ്ഞന്‍ ഷുവാങ് ജിയിംഗ് ന്യൂയോര്‍ക്ക് ടൈംസിനോട് പറഞ്ഞു.
‘ഡി-സിനിക്കൈസേഷന്‍’ (ഇത് ഒരു സമൂഹത്തില്‍ നിന്നോ രാഷ്ട്രത്തില്‍ നിന്നോ ചൈനീസ് സാംസ്‌കാരിക ഘടകങ്ങളെയോ സ്വത്വത്തെയോ ബോധത്തെയോ ഇല്ലാതാക്കുന്നതോ കുറയ്ക്കുന്നതോ ആയ ഒരു പ്രക്രിയയാണ്) മൂലം വര്‍ദ്ധിച്ചുവരുന്ന സാമ്പത്തിക സമ്മര്‍ദ്ദത്തെ അഭിമുഖീകരിക്കുന്ന ഘട്ടത്തിലാണ് ചൈന.
ഇതിനു പുറമേ ആഭ്യന്തര വെല്ലുവിളികളെയും രാജ്യം നേരിടുന്നുണ്ട്. ചൈനയുമായുള്ള ചര്‍ച്ചകളില്‍ യുഎസ് കൂടുതല്‍ ആത്മാര്‍ത്ഥത കാണിക്കണമെന്ന് ചൈനയുടെ സുരക്ഷാ മന്ത്രാലയം (എംഎസ്എസ്) പോസ്റ്റ് ചെയ്ത അസാധാരണമായ സോഷ്യല്‍ മീഡിയ കഴിഞ്ഞ ദിവസം വലിയ ചര്‍ച്ചയായിരുന്നു. ഇതെല്ലാം പരിഗണിക്കുമ്പോള്‍ യുഎസിനെ അഭിമുഖീകരിക്കാനുള്ള ബുദ്ധിമുട്ടാകാം ചൈനയുടെ പിന്മാറ്റത്തിന് കാരണമെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല