ന്യുകാസില്‍: ഓണത്തിനും ക്രിസ്മസിനുമെല്ലാം യുകെയില്‍ മലയാളികള്‍ ആഘോഷങ്ങള്‍ പൊടിപൊടിക്കുന്നതില്‍ അതിശയോക്തിയില്ല. അടിച്ചുപൊളിയില്ലാതെ നമുക്കെന്ത് ആഘോഷം എന്നത് ആപ്തവാക്യമായി സ്വീകരിച്ചിരിക്കുന്ന യുകെ മലയാളി ജീവിതത്തിലെ ഇത്തരം മുഹൂര്‍ത്തങ്ങള്‍ ഒന്നുംതന്നെ നഷ്ടപ്പെടുത്താറുമില്ല. അസോസിയേഷനുകളുടെ നേതൃത്വത്തിലും മത സംഘടനകളുടെ നേതൃത്വത്തിലുമെല്ലാം ക്രിസ്മസ് ആഘോഷിക്കുമ്പോള്‍ ഒഴിവാക്കപ്പെടുന്ന ഒരു വിഭാഗമുണ്ട്. സ്റ്റുഡന്റ്‌സ് വിസയില്‍ യുകെയിലെത്തിയവര്‍.
ഇവര്‍ ഒരു അസോസിയേഷനുകളിലും അംഗങ്ങളായിരിക്കില്ല. രണ്ടു ബെഡ്‌റൂം വീടുകളില്‍ ഒരുപറ്റം പേര്‍ ഒരുമിച്ചു ജീവിതം തള്ളിനീക്കാന്‍ വിധിക്കപ്പെട്ടവര്‍. നല്ലൊരു നാളെ സ്വപ്നം കണ്ട് ബ്രിട്ടന്റെ മണ്ണില്‍ ദുഃഖങ്ങള്‍ കടിച്ചമര്‍ത്തി ജീവിക്കുന്നവര്‍. അതുകൊണ്ടുതന്നെ ഇവര്‍ക്കായി നടക്കുന്ന ഒരു ക്രിസ്മസ് ആഘോഷം എന്തുകൊണ്ടും വാര്‍ത്തയാക്കപ്പെടേണ്ടതാണെന്നു ഞങ്ങള്‍ കരുതുന്നു. യുകെയില്‍ സ്റ്റുഡന്റ്‌സ് വിസയിലെത്തി തട്ടിപ്പുകളും ദുരിതങ്ങള്‍ക്കും ഇരയാകുന്ന നിരവധി പേരുടെ കഥനകഥകള്‍ മുന്‍പ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍ ഇക്കുറി ഇവിടെ പറയുന്നത് കഥനകഥയല്ല, മറിച്ച് 80 യുവാക്കള്‍ ആടിയും പാടിയും ഒരു രാത്രി തള്ളി നീക്കിയതിന്റെ ആഘോഷകഥയാണ്.
ന്യൂകാസിലിലെ ഇംഗ്ലീഷ് മാരിട്ടേഴ്‌സ് ഹാളായിരുന്നു വേദി. ആഘോഷകൂട്ടായ്മ സംഘടിപ്പിച്ചത് യുകെയിലെ മലയാളി ബിസിനസുകാരില്‍ ശ്രദ്ധേയനായ ജോബി ജോര്‍ജ് തടത്തിലും. പങ്കെടുത്ത 80 പേരും ജോബിയുടെ ഉടമസ്ഥതയിലുള്ള ജോയല്‍ എക്‌സ്പ്രസിലെ ജീവനക്കാരായിരുന്നു. പലരും ബ്രിട്ടണിലെത്തിയിട്ട് രണ്ടും മൂന്നു വര്‍ഷങ്ങളായവര്‍. തങ്ങളുടെ ജീവിതത്തില്‍ ആദ്യമായാണ് ഇത്തരമൊരു പാര്‍ട്ടി തങ്ങള്‍ക്കു വേണ്ടി സംഘടിപ്പിക്കുന്നതെന്ന് ഇവര്‍ ഒറ്റ സ്വരത്തില്‍ പറയുമ്പോള്‍ അതില്‍ കാണാന്‍ കഴിഞ്ഞത് അവഗണിക്കപ്പെട്ടവന്റെ വേദന.
ജോബിയും അദ്ദേഹത്തിന്റെ വിവിധ സ്ഥാപനങ്ങളുടെ പാര്‍ട്ണര്‍മാരുമായ ഷെല്ലി ഫിലിപ്പ്, ജൂബി എം.സി., ഷൈമോന്‍ തോട്ടുങ്കല്‍, ഷിബു കുട്ടോമ്പുറം എന്നിവരും ചേര്‍ന്നാണ് സ്റ്റാഫുകള്‍ക്ക് മാത്രമായൊരു ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചത്. യുകെയില്‍ ഏറ്റവും കൂടുതല്‍ മലയാളികള്‍ ജോലി ചെയ്യുന്ന മലയാളി സ്ഥാപനമാണ് നോര്‍ത്ത് ഈസ്റ്റിലെ ജോയല്‍ ഗ്രൂപ്പ്. യുകെയിലും അമേരിക്കയിലും ഓസ്‌ട്രേലിയയിലും ന്യൂസിലന്‍ഡിലുമായി ബിസിനസ് സ്ഥാപനങ്ങളുള്ള ഈ കമ്പനി വേറിട്ട പ്രവര്‍ത്തനങ്ങളിലൂടെ ഏറെ ശ്രദ്ധേയമാവുകയാണ്.
ന്യൂകാസില്‍ സീറോ മലബാര്‍ ചാപ്ലെയിന്‍ ഫാ. സജി തോട്ടത്തില്‍, ഫെനാം സെന്റ് റോബര്‍ട്ട്‌സ് ചര്‍ച്ച് വികാരി ഫാ. ഷോണ്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ പ്രാര്‍ഥനാ സമ്മേളനത്തോടെയാണ് പരിപാടികള്‍ തുടങ്ങിയത്. ക്രിസ്മസ് കരോള്‍ ആലാപനവും ക്രിസ്മസ് പപ്പായ്ക്കു വരവേല്‍പ്പുമൊക്കെയായി വിവിധ കലാപരിപാടികളും നടന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല