സ്വന്തം ലേഖകന്‍: ഇന്റര്‍നെറ്റ് ഭീമനായ യാഹൂവിനെതിരെ ഹാക്കര്‍ ആക്രമണം, ഹാക്ക് ചെയ്തത് 100 കോടി അക്കൗണ്ടുകള്‍. യാഹൂ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്തതായി പ്രമുഖ സര്‍ച് എന്‍ജിനായ യാഹൂ സ്ഥിരീകരിച്ചു. ചരിത്രത്തിലെ ഏറ്റവും വലിയ സൈബര്‍ ആക്രമണമാണിത്. 2013ലാണ് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെട്ടത്. 2014ലും യാഹൂവിന്റെ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്തതായി കഴിഞ്ഞ സെപ്റ്റംബറില്‍ കമ്പനി അറിയിച്ചിരുന്നു.
ഒരു സര്‍ക്കാറിന്റെ പിന്തുണയോടെയായിരുന്നു ആക്രമണമെന്ന് സംശയിക്കുന്നതായി യാഹൂ വെബ്‌സൈറ്റില്‍ അറിയിച്ചു. ഉപയോക്താക്കളുടെ പേര്, ഇമെയില്‍ വിലാസം, ടെലിഫോണ്‍ നമ്പറുകള്‍, ജനനത്തീയതി, പാസ്വേര്‍ഡുകള്‍ തുടങ്ങി സുരക്ഷ ഉറപ്പാക്കുന്നതിന് സര്‍ച് ആവശ്യപ്പെടുന്ന രഹസ്യ ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും വരെ ഹാക്കര്‍മാര്‍ കൈക്കലാക്കി.
വ്യാജമായ കുക്കീസ് ഉപയോഗിച്ചാണ് ഹാക്കര്‍മാര്‍ അക്കൗണ്ടുകള്‍ ചോര്‍ത്തിയത്. നവംബറില്‍ തന്റെ അക്കൗണ്ടുകള്‍ ചോര്‍ന്നതായി കാണിച്ച് ഒരാള്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ യു.എസ് നിയമവകുപ്പ് കമ്പനിയോട് വിശദീകരണം ആവശ്യപ്പെട്ടു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വിവരങ്ങള്‍ ചോര്‍ന്നതായി കമ്പനി സ്ഥിരീകരിച്ചത്.
സെപ്റ്റംബറില്‍ സമാന വെളിപ്പെടുത്തലുണ്ടായതിനു പിന്നാലെ കമ്പനിയില്‍നിന്ന് വിശദീകരണം ആവശ്യപ്പെട്ട് യു.എസ് സെനറ്റര്‍മാര്‍ കമ്പനിക്ക് നോട്ടീസ് നല്‍കിയിരുന്നു. സംഭവത്തില്‍ കമ്പനി അധികൃതരെ വിചാരണ നടത്തുമെന്ന് സെനറ്റര്‍ പാട്രിക് ലീഹി പറഞ്ഞിരുന്നെങ്കിലും പിന്നീട് അക്കാര്യത്തില്‍ പുരോഗതി ഉണ്ടായിട്ടില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല