ഇന്റര്‍നെറ്റ് സെര്‍ച്ച് രംഗത്ത് ഒരു കാലത്ത് മുന്‍നിര കമ്പനിയായിരുന്ന യാഹൂവിനെ വില്ക്കാന് നേതൃത്വം ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഈ റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് കമ്പനിയെ വാങ്ങാന്‍ ഒട്ടേറെ വമ്പന്മാര് രംഗത്തുവരുമെന്നാണു സൂചന. ഒന്നുകില്‍ മുഴുവന്‍, അല്ലെങ്കില്‍ വിവിധ ബിസിനസുകളെ ഭാഗികമായി വില്‍ക്കാനാണ് തീരുമാനം. നിക്ഷേപക കമ്പനിയായ സില്‍വര്‍ ലേക്കാണ് യാഹൂവിനെ നോട്ടമിട്ടു രംഗത്തുവന്ന ആദ്യ സംരംഭകര്‍.
മറ്റൊരു സംരംഭമായ അഡ്രീസെന് ഹൊറൊവിറ്റ്സുമായി ചേര്‍ന്നാണ്് സില്‍വര്‍ലേക്ക് നീക്കം നടത്തുന്നത്. ഇവരെക്കൂടാതെ മൈക്രോസോഫ്റ്റ്, ചൈനീസ് കമ്പനിയായ ആലിബാബ എന്നിവയും രംഗത്തുണ്ട്. യാഹൂ ഇപ്പോള്‍ വളരെ നിര്‍ണായകമായ ചുറ്റുപാടുകളിലൂടെയാണു കടന്നുപോകുന്നത്. കമ്പനിയുടെ മോശം പ്രകടനത്തെത്തുടര്‍ന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായിരുന്ന കരോള്‍ ബാട്സിനെ ഈയിടെ പുറത്താക്കിയിരുന്നു. 1990 കളില്‍ ഇന്റര്‍നെറ്റ് രംഗത്ത് യാഹൂവായിരുന്നു മുന്നില്‍. പിന്നീട് ഗൂഗിള്‍, ഫേസ്ബുക്ക് തുടങ്ങിയവയുടെ വരവോടെ പ്രതാപം മങ്ങി.
വാഗ്ദാനങ്ങളുമായി സില്‍വര്‍ ലേക്കിന്റെ വരവിനെക്കുറിച്ച് യാഹൂ ഡയറക്ടര്‍ ബോര്‍ഡ് കഴിഞ്ഞദിവസം ചര്‍ച്ച ചെയ്തിരുന്നു. കമ്പനിയുടെ ഏഷ്യന്‍ ആസ്തിയില്‍ 40% നിയന്ത്രണം ആലിബാബയുടെ കൈകളിലാണ്. 35% യാഹൂ ജപ്പാന്റെ പക്കലും. ആലിബാബ ചീഫ് എക്സിക്യൂട്ടീവ് ജാക്ക് മായുമായി യാഹൂവിന്റെ ബന്ധം സമീപകാലത്ത് ഉലഞ്ഞിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല