സ്വന്തം ലേഖകന്‍: 1993 ലെ മുംബൈ സ്‌ഫോടന കേസിലെ യൂക്കൂബ് മേമനെ തൂക്കിലേറ്റി. സോഷ്യല്‍ മീഡിയയില്‍ വധശിക്ഷക്കെതിരെ വന്‍ പ്രതിഷേധം പടരുന്നതിനിടെയാണ് മേമനെ തൂക്കിലേറ്റിയത്. ഇന്നു രാവിലെ ആറരയോടെ നാഗ്പൂരിലെ സെന്‍ട്രല്‍ ജയിലില്‍ പ്രത്യേകം തയാറാക്കിയ കഴുമരത്തില്‍ മേമനെ തൂക്കിക്കൊല്ലുകയായിരുന്നു.
വധശിക്ഷ ഒഴിവാക്കുന്നതിന് സാധ്യമായ എല്ലാ നിയമവഴികളും തേടിയ മേമന്റെ രണ്ടാമത്തെ ദയാഹര്‍ജിയും രാഷ്ട്രപതി തള്ളിയിരുന്നു. വധശിക്ഷയ്‌ക്കെതിരെ നല്‍കിയ തിരുത്തല്‍ ഹര്‍ജിയില്‍ പാളിച്ചയില്ലെന്ന് സുപ്രീം കോടതിയും വ്യക്തമാക്കിയിരുന്നു. മുംബൈ സ്‌ഫോടനവുമായി ബന്ധപ്പെട്ട് നടപ്പിലാക്കുന്ന ആദ്യ വധശിക്ഷയാണിത്.
യാക്കൂബ് മേമന് വധശിക്ഷ വിധിച്ച നടപടി നീതി നിഷേധമാണെന്നു ചൂണ്ടിക്കാട്ടി സമൂഹത്തിന്റെ നാനാതുറകളില്‍ നിന്നുള്ളവര്‍ രംഗത്തെത്തിയിരുന്നു. യാക്കൂബ് മേമന്റെ വധശിക്ഷ ജീവപര്യന്തം തടവായി കുറക്കണമെന്നാവശ്യപ്പെട്ട് വിവിധരംഗങ്ങളിലെ 40 പ്രമുഖര്‍ രാഷ്ട്രപതിക്ക് നിവേദനവും നല്‍കിയിരുന്നു.
ബിജെപി എംപി ശത്രുഘ്‌നന്‍ സിന്‍ഹയും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിയും രാം ജഠ്മലാനിയടക്കമുള്ള നിയമവിദഗ്ദരും ഒപ്പിട്ട നിവേദനമാണ് രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് സമര്‍പ്പിച്ചത്. ഒപ്പം ഫേസ്ബുക്കിലും ട്വിറ്ററിലും വധശിക്ഷ റദ്ദുചെയ്യണമെന്ന ആവശ്യവുമായി പോസ്റ്റുകള്‍ കത്തിപ്പടര്‍ന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല