സ്വന്തം ലേഖകന്‍: യാക്കൂബ് മേമന്റെ വധശിക്ഷ, ഇന്ത്യക്ക് അധോലോക കുറ്റവാളി ചോട്ടാ ഷക്കീലിന്റെ ഭീഷണി. അജ്ഞാത കേന്ദ്രത്തില്‍നിന്ന് ഒരു ഇംഗ്ലിഷ് പത്രത്തിന്റെ ഓഫിസില്‍ വിളിച്ചാണ് ഛോട്ടാ ഷക്കീല്‍ ഭീഷണിപ്പെടുത്തിയത്. വധശിക്ഷ നടപ്പിലാക്കിയത് ഇന്ത്യന്‍ സര്‍ക്കാരിന്റെ വാഗ്ദാന ലംഘനമാണെന്നു പറഞ്ഞ ഷക്കീല്‍, ദാവൂദ് ഇബ്രാഹിം ഇന്ത്യന്‍ അധികൃതരുമായി സഹകരിക്കുന്ന കാര്യം ഇനി ആലോചിക്കുക പോലുമില്ലെന്നും പറഞ്ഞു.
യാക്കൂബ് മേമന് ഇന്ത്യയിലേക്കു വരാനും കീഴടങ്ങാനും തയാറായതും, അന്വേഷണവുമായി സഹകരിച്ചതും നിയമത്തിന്റെ ദാക്ഷിണ്യം ഉറപ്പുനല്കിയതുകൊണ്ടാണ്. ഇന്ത്യന്‍ അധികൃതര്‍ ആ വാക്കു തെറ്റിച്ചു. ‘ദാവൂദ് ഭായി ഇന്ത്യയിലേക്കു വന്നിരുന്നുവെങ്കിലും ഇതുതന്നെ സംഭവിക്കുമായിരുന്നു. ഇനി ഇന്ത്യയില്‍ അന്വേഷണം നേരിടുന്ന ഒരാളും ഇവിടേക്കു വരാന്‍ തയാറാകില്ല’ – ഷക്കീല്‍ ഫോണില്‍ പറഞ്ഞു.
ടൈഗര്‍ മേമന് ചെയ്ത കുറ്റത്തിന് അയാളുടെ നിരപരാധിയായ സഹോദരനെയാണ് നിങ്ങള്‍ കൊലപ്പെടുത്തിയത്. ഇതിന് പ്രത്യാഘാതങ്ങളുണ്ടാകും എന്നാണ് ഛോട്ടാ ഷക്കീലിന്റെ ഭീഷണി. യാക്കൂബിനെക്കുറിച്ചു മുന്‍ റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിങ് ഉദ്യോഗസ്ഥന് ബി. രാമന് എഴുതിയ ലേഖനത്തെക്കുറിച്ചും ഷക്കീല്‍ സംഭാഷണത്തില്‍ സൂചിപ്പിക്കുന്നുണ്ട്.
സര്‍ക്കാര്‍ പദ്ധതിപ്രകാരമാണ് യാക്കൂബിനെ ഇന്ത്യയിലെത്തിച്ചതെന്നും അയാളാണ് മുംബൈ സ്ഫോടനത്തിലെ പാക്ക് പങ്കിനെക്കുറിച്ചുള്ള തെളിവുകള്‍ തന്നതെന്നുമാണ് രാമന് ലേഖനത്തില്‍ പറയുന്നത്. സുപ്രീംകോടതിയില്‍ ആദ്യം വിധി പറഞ്ഞ ബെഞ്ച് തന്നെ റിവ്യൂഹര്‍ജിയും പരിഗണിക്കുന്നതിനെയും ഷക്കീല്‍ വിമര്‍ശിച്ചു. കോടതിയില്‍ നടന്ന കാര്യങ്ങളെക്കുറിച്ചു വ്യക്തമായ ധാരണയോടെയാണ് ഹിന്ദിയിലുള്ള ഷക്കീലിന്റെ സംസാരം. യാക്കൂബിന് ദാവൂദ് ഇബ്രാഹിമുമായി ഒരു ബന്ധവുമില്ലെന്നും ഷക്കീല്‍ സംഭാഷണത്തില്‍ വ്യക്തമാക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല