1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 22, 2012

യെമനിലുണ്ടായ വന്‍ ചാവേര്‍ ആക്രമണത്തില്‍ 100 ഓളം പട്ടാളക്കാര്‍ കൊല്ലപ്പെട്ടു. മുന്നൂറിലേറെപ്പേര്‍ക്ക്‌ പരിക്കേറ്റു. യൂണിഫോമിനുള്ളില്‍ ശക്തിയേറിയ സ്ഫോടകവസ്തുക്കളുമായെത്തിയ യെമനി പട്ടാളക്കാരന്‍ തലസ്ഥാനമായ സനായില്‍ ഒരു സൈനിക ബറ്റാലിയനു നടുവില്‍വെച്ച്‌ സ്വയം പെട്ടിത്തെറിക്കുകയായിരുന്നു.

രാജ്യത്തിന്റെ പുതിയ പ്രസിഡന്റായി അബ്ദ്രാബു മന്‍സൂര്‍ ഹാദി അധികാരമേറ്റശേഷം യെമന്‍ തലസ്ഥാനത്തുണ്ടാകുന്ന ഏറ്റവും മാരകമായ ഭീകരാക്രമണമാണിത്‌. യെമനിലെ കലാപകലുഷിതമായ ദക്ഷിണ, പൂര്‍വ്വ മേഖലകളില്‍നിന്ന്‌ അല്‍ഖ്വയ്ദ ഭീകരരെ തുരത്തുമെന്ന്‌ മന്‍സൂര്‍ ആവര്‍ത്തിക്കുന്നതിനിടെയാണ്‌ അതിശക്തമായ ഭീകരാക്രമണം ഉണ്ടായിരിക്കുന്നത്‌. സനായുടെ വിവിധ ഭാഗങ്ങളിലായി ഏഴോളം ആശുപത്രികളിലാണ്‌ പരിക്കേറ്റവരെ പ്രവേശിപ്പിച്ചിരിക്കുന്നതെന്ന്‌ സൈനിക, മെഡിക്കല്‍ വൃത്തങ്ങള്‍ സൂചിപ്പിച്ചു. മരിച്ചവരും പരിക്കേറ്റവരുമെല്ലാം പട്ടാളക്കാരാണെന്നും അവര്‍ പറഞ്ഞു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. സ്ഫോടനശബ്ദം നഗരത്തിലെമ്പാടും മുഴങ്ങിയതോടെ ജനങ്ങള്‍ പരിഭ്രാന്തിയിലായി.

ഉത്തര-ദക്ഷിണ യെമനുകളുടെ 22-ാ‍ം ഏകീകരണ വാര്‍ഷികത്തോടനുബന്ധിച്ച്‌ നടത്താനിരുന്ന സൈനിക പരേഡിന്റെ റിഹേഴ്സലിനായി മുന്‍ പ്രസിഡന്റ്‌ അലി അബ്ദുള്ള സലെയുടെ ഒരു മരുമകന്‍ നയിക്കുന്ന സര്‍ക്കാരിന്റെ കേന്ദ്ര സുരക്ഷാ സേനകളുടെഭടന്മാരാണ്‌ ചാവേര്‍ ആക്രമണത്തിന്‌ ഇരകളായത്‌. യെമന്റെ പ്രതിരോധമന്ത്രി മുഹമ്മദ്‌ നാസര്‍ അഹ്മദ്‌ സംഭവസ്ഥലത്ത്‌ ഉണ്ടായിരുന്നെങ്കിലും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.സര്‍ക്കാര്‍ വന്‍ സൈനിക പരേഡുകളും മറ്റും നടത്താറുള്ള സനായിലെ സബീന്‍ സ്ക്വയറാണ്‌ ചാവേര്‍ ആക്രമണത്തില്‍ കുരുതിക്കളമായത്‌.

അല്‍ഖ്വയ്ദക്കെതിരെ യെമന്റെ തെക്കന്‍ അബ്‌യാന്‍ പ്രവിശ്യയില്‍ ശക്തമായ സൈനിക നടപടി തുടരുകയാണ്‌. ഇവിടെ ശക്തമായ ഭീകരാക്രമണങ്ങളിലൂടെ ഒട്ടേറെ നഗരങ്ങളുടെയും പട്ടണങ്ങളുടെയും നിയന്ത്രണം അല്‍ഖ്വയ്ദ പിടിച്ചെടുത്തിരിക്കയാണ്‌. പത്തുദിവസം മുമ്പ്‌ തുടങ്ങിയ സൈനിക നടപടിക്കിടെ 147 അല്‍ഖ്വയ്ദ ഭീകരര്‍ ഉള്‍പ്പെടെ 213 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്‌. യുഎസ്‌ വിമാനം തകര്‍ക്കാനുള്ള അല്‍ഖ്വയ്ദ നീക്കം തകര്‍ത്തതായി വൈതൗസിന്റെ പ്രഖ്യാപനം വന്നതിന്‌ തൊട്ടു പിന്നാലെയാണ്‌ യെമനില്‍ അല്‍ഖ്വയ്ദ വേട്ട ശക്തമാക്കിയത്‌. ഭീകരര്‍ പിടിച്ചെടുക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്ന ലോദര്‍ നഗരത്തിന്റെ പൂര്‍ണ നിയന്ത്രണം സൈന്യം ഏറ്റെടുത്തതായും റിപ്പോര്‍ട്ടുണ്ട്‌.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.