സ്വന്തം ലേഖകന്‍: യമനില്‍ സര്‍ക്കാരും ഹൂതികളും തമ്മില്‍ വെടിനിര്‍ത്തല്‍ ധാരണ, സമാധാനത്തിന് സാധ്യത തെളിയുന്നു. അബ്ദുറബ്ബ് മന്‍സൂര്‍ ഹാദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാറും ശിയാ സായുധ വിഭാഗമായ ഹൂതികളും തമ്മില്‍ വെടിനിര്‍ത്തലിനും സമാധാന ചര്‍ച്ചകള്‍ക്കും ധാരണയായി. സമാധാനം പുനഃസ്ഥാപിക്കാന്‍ തങ്ങള്‍ ഒരുക്കമാണെന്ന് ഹൂതി പ്രതിനിധികള്‍ യു.എന്‍ ദൂതന്‍ ഇസ്മാഈല്‍ ഔദ് ശൈഖ് അഹമ്മദിനെ അറിയിക്കുകയായിരുന്നു.
ഏപ്രില്‍ ആദ്യ ആഴ്ച കുവൈത്തില്‍ നടക്കുന്ന സമാധാന ചര്‍ച്ചയില്‍ രണ്ടു വര്‍ഷത്തോളമായി തുടരുന്ന ആഭ്യന്തര സംഘര്‍ത്തിന് അറുതിയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. നേരത്തേ, വിഷയത്തില്‍ യു.എന്‍ രക്ഷാസമിതിയില്‍ അവതരിപ്പിച്ച പ്രമേയം ഹൂതികള്‍ പൂര്‍ണമായും അംഗീകരിക്കുമെന്നും സൂചനയുണ്ട്.
ഹൂതികള്‍ നിരുപാധികം ആയുധങ്ങളും പിടിച്ചെടുത്ത പ്രദേശങ്ങളും സര്‍ക്കാറിന് വിട്ടുനല്‍കണമെന്നാണ് പ്രമേയത്തിലെ ഏറ്റവും പ്രധാനപ്പെട്ട വ്യവസ്ഥ. ഇത് അംഗീകരിച്ചാല്‍ തലസ്ഥാനമായ സന്‍ആ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളുടെ നിയന്ത്രണം സര്‍ക്കാറിനു തന്നെ തിരിച്ചു ലഭിക്കും.
2014 സെപ്റ്റംബറിലാണ് ഹൂതികള്‍ രാജ്യത്ത് സൈനിക നീക്കം ആരംഭിച്ചതും തന്ത്രപ്രധാന മേഖലകള്‍ പിടിച്ചെടുത്തതും. കഴിഞ്ഞവര്‍ഷം സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യസേന യമനില്‍ ഇടപെട്ടതോടെയാണ് ഹൂതികളുടെ സൈനിക നീക്കങ്ങള്‍ക്ക് തിരിച്ചടിയുണ്ടായത്. തുടര്‍ന്ന്, സര്‍ക്കാര്‍ ഓരോ മേഖലയായി തിരിച്ചുപിടിച്ചെങ്കിലും ഹൂതി സാന്നിധ്യം ഇപ്പോഴും ശക്തമായി തുടരുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല