സ്വന്തം ലേഖകന്‍: യെമനിലെ സമീപകാല സംഭവ വികാസങ്ങള്‍ രാജ്യത്തെ ആഭ്യന്തര യുദ്ധത്തിലേക്ക് തള്ളിവിടുകയാണെന്ന് സൂചന. സമാധാനം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങളെല്ലാം തന്നെ പരാജയപ്പെട്ടതോടെ പ്രശ്‌നത്തില്‍ ഐക്യരാഷ്ട്ര സഭ ഇടപെട്ടിട്ടുണ്ട്. എല്ലാം രാഷ്ട്രീയ പാര്‍ട്ടികളോടും സമാധാനപരമായ ചര്‍ച്ചയിലൂടെ പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ ഐക്യരാഷ്ട്ര സഭാ പ്രതിനിധി ആഹ്വാനം ചെയ്തു.
പരസ്പരം പോരടിക്കുന്ന വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കിടയിലെ മധ്യസ്ഥനായി പ്രവര്‍ത്തിക്കുന്ന യുഎന്‍ ഉദ്യോഗസ്ഥനായ ജമാല്‍ ബനോമര്‍ പറയുന്നത് എത്രയും പെട്ടെന്ന് ആവശ്യമായ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ രാജ്യം കൂടുതല്‍ അരാജകത്വത്തിലേക്ക് പോകുമെന്നാണ്. പരസ്പരമുള്ള വെല്ലുവിളികളും പോര്‍വിളികളും അടിയന്തിരമായി നിര്‍ത്തി വക്കാനും ബനോമര്‍ യെമെനി രാഷ്ട്രീയ പാര്‍ട്ടികളോട് ആവശ്യപ്പെട്ടു.
ഇറാക്ക്, ലിബിയ, സിറിയ എന്നീ രാജ്യങ്ങള്‍ക്ക് സംഭവിച്ച അതേ ഭാവിയാണ് യെമനേയും കാത്തിരിക്കുന്നത് എന്നാണ് ബനോമറുടെ മുന്നറിയിപ്പ് സൂചിപ്പിക്കുന്നത്. ഷിയ വിഭാഗത്തില്‍ പെട്ട മുസ്ലീം തീവ്രവാദികളായ ഹൗത്തിസ് തലസ്ഥാനം നഗരം സനാ കൈവശപ്പെടുത്തി പ്രസിഡന്റ് അബ്ദ് രബ്ബു മന്‍സൂര്‍ ഹാദിയെ രാജ്യത്തിന്റെ തെക്കേ അറ്റത്തുള്ള നഗരമായ ഏദനിലേക്ക് തുരത്തിയതോടെയാണ് യെമനില്‍ പ്രതിസന്ധി രൂക്ഷമായത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല