സ്വന്തം ലേഖകന്‍: യെമനിലെ ഏദന്‍ നഗരത്തില്‍ ഹൗതി തീവ്രവാദികളും പ്രസിഡന്റ് മന്‍സൂര്‍ ഹദിയെ അനുകൂലിക്കുന്ന സൈനികരും തമ്മിലുള്ള പോരാട്ടം രൂക്ഷമായി. സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യസേനയുടെ ആക്രമണം ഉണ്ടായിട്ടും ഇവിടെ ഹൗതികള്‍ മുന്നേറ്റം നടത്തുകയാണെന്നാണ് സൂചന.
നിരവധി വീടുകള്‍ തീവപ്പിലും റോക്കറ്റ് ആക്രമണങ്ങളിലും തകര്‍ന്നതായാന് വാര്‍ത്തകള്‍. തെരുവുകളില്‍ ഒരു ഡസനോളം മൃതദേഹങ്ങള്‍ കാണാനിടയായെന്ന് നാട്ടുകാര്‍ പറഞ്ഞു. ഇതിനിടെ,? സൗദി സഖ്യസേന വടക്കന്‍ ഹൗതി മേഖലകളില്‍ ശക്തമായ വ്യോമാക്രമണം നടത്തി.
രൂക്ഷമായ ഏറ്റുമുട്ടലിനിടെ അടിയന്തര ചികിത്സാ സാമഗ്രികളുമായി മെഡിക്കല്‍ സംഘം ഏദന്‍ തുറമുഖത്തെത്തിയിട്ടുണ്ട്. മാര്‍ച്ച് 26 നു സംഘര്‍ഷം ആരംഭിച്ച ശേഷം ആദ്യമായാണ് ഒരു അന്താരാഷ്ട്ര മെഡിക്കല്‍ സംഘം രാജ്യത്ത് എത്തുന്നത്.
അതേ സമയം യെമനില്‍ അവശേഷിക്കുന്ന മുഴുവന്‍ മലയാളികളെയും നാട്ടില്‍ മടക്കിയെത്തിക്കാന്‍ സര്‍ക്കാര്‍ ശ്രമം തുടരുകയാണെന്ന് പ്രവാസികാര്യ മന്ത്രി കെസി ജോസഫ് അറിയിച്ചു. ഇതുവരെ 1723 മലയാളികളെ യെമനില്‍ നിന്ന് നാട്ടിലെത്തിച്ചിട്ടുണ്ട്. ബുധനാഴ്ച വരെ 1903 പേരാണ് യെമനില്‍ നിന്ന് കൊച്ചിയിലെത്തിയത്. ഇവരില്‍ 180 പേര്‍ മറ്റ് സംസ്ഥാനക്കാരായിരുന്നു. ഇവരെ സംസ്ഥാന സര്‍ക്കാര്‍ ചെലവില്‍ സ്വദേശങ്ങളിലെത്തിച്ചു. മലയാളികള്‍ക്ക് നല്‍കിയതു പോലെ 2000 രൂപ വീതം പോക്കറ്റ്മണി ഇവര്‍ക്കും നല്‍കിയതായും മന്ത്രി പറഞ്ഞു.
യെമനില്‍ നിന്ന് ഇന്ത്യയിലേക്കുള്ള എല്ലാ വിമാനങ്ങളും കൊച്ചിവരെ നീട്ടണമെന്ന് മുഖ്യമന്ത്രി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും കഴിഞ്ഞദിവസം വന്ന വിമാനം മുംബൈയില്‍ യാത്രയവസാനിപ്പിച്ചത് മലയാളികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കി. യാത്രികരില്‍ 116 പേരെ നേത്രാവതി എക്‌സ്പ്രസില്‍ രണ്ട് എസി കോച്ചുകളിലും 66 പേരെ വിമാനത്തിലും കേരളത്തിലേക്ക് അയച്ചു. അവശേഷിക്കുന്ന 130 പേരെ വിമാനം ചാര്‍ട്ടര്‍ ചെയ്ത് സംസ്ഥാനത്തെത്തിക്കാന്‍ ശ്രമം തുടരുകയാണ്. നോര്‍ക്കാ സെക്രട്ടറി റാണി ജോര്‍ജ് മുംബൈയില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നുണ്ടെന്നും മന്ത്രി കെസി ജോസഫ് പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല