സ്വന്തം ലേഖകന്‍: ആകാശ മാര്‍ഗമുള്ള രക്ഷാപ്രവർത്തനം അവസാനിച്ചതോടെ യെമനിലെ ഇന്ത്യന്‍ എംബസി അടച്ചതായി കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് അറിയിച്ചു. ജിബൂട്ടിയില്‍ നിന്ന് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയിരുന്ന സഹമന്ത്രി വികെ സിംഗ് ഇന്ത്യയിലേക്ക് മടങ്ങി.
സനായില്‍ നിന്നും മൂന്ന് വിമാനങ്ങളിലായി 630 പേരെ വ്യാഴാഴ്ച തിരിച്ചെത്തിച്ചതോടെയാണ് ആകാശ മാര്‍ഗമുള്ള രക്ഷാപ്രവര്‍ത്തനം അവസാനിച്ചത്. ഇന്ത്യന്‍ നാവിക സേനയുടെ കപ്പലായ ഐഎന്‍എസ് സുമിത്ര അല്‍ഹദായ്ദാ തുറമുഖം വഴി 349 പേരെ വ്യാഴാഴ്ച ജിബൂട്ടിയിലെത്തിച്ചു.
ഇതില്‍ 303 പേര്‍ വിദേശ പൗരന്മാരും 46 പേര്‍ ഇന്ത്യക്കാരുമാണ്. മാര്‍ച്ച് 31 മുതല്‍ ആരംഭിച്ച രക്ഷാ ദൗത്യത്തില്‍ ഇതുവരെ 4640 ഇന്ത്യക്കാരും 41 രാജ്യങ്ങളില്‍ നിന്നുള്ള 960 വിദേശികളും അടക്കം വ്യോമ, കപ്പല്‍ മാര്‍ഗം 5600 ലധികം പേരെയാണ് ആഭ്യന്തര യുദ്ധം രൂക്ഷമായ യെമനില്‍ നിന്ന് ഇന്ത്യ രക്ഷപ്പെടുത്തിയതെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
അതേസമയം,? യെമനിലെ സംഘര്‍ഷം രൂക്ഷമാകുകയാണെന്നും ഏദന്‍ തുറമുഖത്ത് ബോംബാക്രമണം നടന്നുവെന്നും ഇന്ത്യന്‍ വിദേശകാര്യ വക്താവ് സയദ് അക്ബറുദ്ദീന്‍ ട്വിറ്ററിലൂടെ അറിയിച്ചു. അതേ സമയം സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള ശക്തമായ വ്യോമാക്രമണം തുടരുന്നതിനിടയിലും ഹൗതി തീവ്രവാദികല്‍ മുന്നേറ്റം തുടരുകയാണ് എന്നാണ് വാര്‍ത്തകള്‍ നല്‍കുന്ന സൂചന.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല