സ്വന്തം ലേഖകന്‍: സൗദി അറേബ്യയും ഹൗതി തീവ്രവാദികളും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായതോടെ യെമനില്‍ കുടുങ്ങിപ്പോയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനുള്ള രക്ഷാപ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തിലേക്ക്. ഇന്ത്യന്‍ സൈന്യത്തിന്റെ രക്ഷാപ്രവര്‍ത്തന മികവ് ലോക രാജ്യങ്ങളുടെ പ്രശംസക്ക് പാത്രമായപ്പോള്‍ വിമാനത്തിനു പകരം കപ്പല്‍ അയക്കാനുള്ള സര്‍ക്കാര്‍ തീരുമാനം കല്ലുകടിയാകുന്നു.
രക്ഷാപ്രവര്‍ത്തനത്തിനായി വിമാനത്തിനു പകരം കപ്പല്‍ അയച്ചത് ഇന്ത്യക്കാര്‍ക്കിടയില്‍ വ്യപകമായ പ്രതിഷേധത്തിന് ഇടയാക്കി. യെമന്‍ നഗരമായ അല്‍ മുക്കല്ലയില്‍ എത്തിച്ച ഇന്ത്യക്കാരാണ് മതിയായ യാത്രാ സൗകര്യങ്ങള്‍ ഒരുക്കാത്തതില്‍ പ്രതിഷേധിച്ചത്.
ഇവരെ ജിബൂത്തിയില്‍ നിന്ന് കപ്പലില്‍ നാട്ടിലെത്തിക്കാനാണ് നീക്കം. നേരത്തെ വ്യോമസേനാ വിമാനത്തിലാണ് യെമനിലെ ഇന്ത്യക്കാരെ നാട്ടിലെത്തിച്ചിരുന്നത്. ആ സൗകര്യം തങ്ങള്‍ക്കും വേണമെന്ന നിലപാടിലാണ് പ്രതിഷേധക്കാര്‍. കപ്പല്‍ യാത്ര ദുരിതമാകുമെന്നും തങ്ങളില്‍ പലരും കപ്പലില്‍ ഇതുവരെ യാത്ര ചെയ്യാത്തവരാണെന്നും ഇവര്‍ വാദിക്കുന്നു.
പ്രതിഷേധം ശക്തമായതോടെ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്കുന്ന വിദേശകാര്യ സഹമന്ത്രി വികെ സിങ് പ്രതിഷേധക്കാരുമായി ചര്‍ച്ച നടത്തി.
അതേസമയം ശമ്പള കുടിശ്ശിക ആവശ്യപ്പെട്ട് നൂറ്റിയമ്പതോളം മലയാളി നഴ്സുമാര്‍ സനായിലെ കുവൈത്ത് യൂണിവേഴ്സിറ്റി ആശുപത്രിക്കു മുന്നില്‍ സമരത്തിലാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല