സ്വന്തം ലേഖകന്‍: ആഭ്യന്തര യുദ്ധം രൂക്ഷമായ യെമനില്‍ നിന്ന് 168 പേരെ രക്ഷപ്പെടുത്തി കൊച്ചിയിലെത്തിച്ചു. ആഫ്രിക്കന്‍ രാജ്യമായ ജിബൂട്ടി വഴിയാണ് മലയാളികള്‍ ഉള്‍പ്പെടെയുള്ള 168 പേര്‍ കൊച്ചിയില്‍ മടങ്ങിയെത്തിയത്.
ഇന്നു പുലര്‍ച്ചെ 1.45 നാണ് വ്യോമസേനയുടെ സി 17 ഗ്ലോബ് മാസ്റ്റര്‍ വിമാനത്തില്‍ 168 പേര്‍ എത്തിയത്. ജിബൂട്ടിയിലേക്ക് കപ്പല്‍ മാര്‍ഗമെത്തിച്ച ഇവരെയും വഹിച്ചു കൊണ്ടുള്ള വിമാനം ഇന്ത്യന്‍ സമയം 9.10 നാണു ജിബൂട്ടിയില്‍ നിന്നു പുറപ്പെട്ടത്. ആദ്യം കൊച്ചിയിലേക്കുള്ള വിമാനമാണ് പുറപ്പെട്ടത്. രാത്രി എട്ടോടെ വിമാനം എത്തിച്ചേരുമെന്ന് ആദ്യം അറിയിച്ചിരുന്നത്. ഇതനുസരിച്ച് ബന്ധുക്കള്‍ അടക്കമുള്ള വന്‍ സംഘം വിമാനത്താവളത്തില്‍ എത്തിയിരുന്നു.
തിരികെ എത്തുന്നവരെ സ്വീകരിക്കാന്‍ മന്ത്രിമാരായ കെസി ജോസഫ്, വികെ ഇബ്രാഹിംകുഞ്ഞ്, കെ ബാബു എന്നിവരുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ സംഘവും വിമാനത്താവളത്തില്‍ എത്തിയിരുന്നു. അന്‍വര്‍ സാദത്ത് എംഎല്‍എ, ജില്ലാ കലക്ടര്‍ എംജി രാജമാണിക്യം തുടങ്ങിയവരും വിമാനത്താവളത്തില്‍ എത്തി.
ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് യെമന്‍ തലസ്ഥാനമായ സനായില്‍ ഇറങ്ങാന്‍ ഇതുവരെ അനുമതി ലഭിച്ചിട്ടില്ലെന്നു മന്ത്രി കെസി ജോസഫ് പറഞ്ഞു. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി നേരിട്ട് സൗദി ഭരണാധികാരികളോട് ഇന്ത്യന്‍ വിമാനങ്ങളുടെ യാത്രാ തടസ്സം നീക്കാനുള്ള നടപടികള്‍ എടുക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
യെമനില്‍ കുടുങ്ങി കിടക്കുന്ന മലയാളികളുടെ വിവരങ്ങള്‍ക്കായി സൗദി ഭരണാധികാരികളുമായി നിരന്തരം ആശയ വിനിമയം പുലര്‍ത്തുന്നുണ്ടെന്നും കെസി ജോസഫ് പറഞ്ഞു. മടങ്ങിയെത്തിയവര്‍ക്ക് സഹായധനമായി 2000 രൂപ വീതം നോര്‍ക്ക വിതരണം ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല