സ്വന്തം ലേഖകന്‍: യെമന്‍ തലസ്ഥാനമായ സനായില്‍ പതിനായിരക്കണക്കിന് ഹൗതികള്‍ സൗദി വിരുദ്ധ റാലി നടത്തി. സൗദി അറേബ്യയുടെ നേതൃത്വത്തില്‍ സഖ്യസേന നടത്തുന്ന ആക്രമണത്തില്‍ പ്രതിഷേധിച്ചായിരുന്നു റാലി. സൗദിക്കെതിരായ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തികൊണ്ട് പതിനായിരങ്ങളാണ് തലസ്ഥാനമായ സനായില്‍ ഒത്തുകൂടിയത്.
രാജ്യത്ത് നടക്കുന്ന ആക്രമണത്തില്‍ സൗദി അറേബ്യയുടെ പങ്കിനെ ചോദ്യം ചെയ്തായിരുന്നു പ്രതിഷേധക്കാരുടെ ഒത്തുചേരല്‍. ദൈവം വലിയവനാണ്, അമേരിക്കയും ഇസ്രയേലും തുലയട്ടെ, ജൂതന്മാര്‍ ശപിക്കപെടട്ടെ, ഇസ്ലാം വിജയിക്കട്ടെ എന്നിങ്ങനെയായിരുന്നു റാലിയില്‍ മുഴങ്ങിയ മുദ്രാവാക്യങ്ങള്‍.
സൗദി എന്ന സമാധാന ലംഘകര്‍ക്കെതിരെ അവസാന ശ്വാസം വരെ പോരാടുമെന്നായിരുന്നു പ്രതിഷേധക്കാരുടെ ആര്‍പ്പിവിളികള്‍. അതേസമയം സൗദി സഖ്യ സേന ഹൗതികള്‍ക്കെതിരായ ആക്രമണം ശക്തമാക്കി. യെമന്റെ തലസ്ഥാനമായ സനായില്‍ പ്രസിഡന്റിന്റെ കൊട്ടാരത്തിനു സമീപവും സൈനിക കേന്ദ്രങ്ങളിലും പല തവണ സൗദി വിമാനങ്ങള്‍ ബോംബിട്ടു. കപ്പലുകളില്‍ നിന്ന് തുറമുഖ നഗരമായ ഏദനിലേക്കും കനത്ത ഷെല്ലിംഗ് നടക്കുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല