![](https://www.nrimalayalee.com/wp-content/uploads/2020/10/Nimisha-Priya-Yemen-Death-Sentence-Indian-Embassy.jpg)
സ്വന്തം ലേഖകൻ: യെമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷ വിധിക്കപ്പെട്ട് യെമൻ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയ്ക്കു (33) ശിക്ഷയിൽ ഇളവു ലഭിക്കുന്ന കാര്യത്തിൽ അന്തിമ തീർപ്പ് ജനുവരി 3ന് ഉണ്ടായേക്കും. യെമൻ തലസ്ഥാനമായ സനയിൽ അപ്പീൽ കോടതിയിലെ (ഹൈക്കോടതി) വാദം കേൾക്കൽ ഇന്നലെ പൂർത്തിയായി.
സ്ത്രീയെന്ന പരിഗണന നൽകി വധശിക്ഷ ജീവപര്യന്തമായി ഇളവു ചെയ്യുകയോ വിട്ടയയ്ക്കുകയോ വേണമെന്നാണു നിമിഷയുടെ അഭിഭാഷകൻ വാദിച്ചത്. കൂടുതലെന്തെങ്കിലും ബോധിപ്പിക്കാനുണ്ടെങ്കിൽ അതു 3നു പറയണമെന്നാണു കോടതി നിർദേശമെന്നു നിമിഷപ്രിയയ്ക്കായി കേസിന്റെ കാര്യങ്ങൾ ഏകോപിപ്പിക്കുന്ന കൊച്ചിയിലെ എൻആർഐ അഭിഭാഷകൻ കെ.എൽ.ബാലചന്ദ്രൻ പറഞ്ഞു.
യെമൻ പൗരൻ തലാൽ അബ്ദുമഹ്ദി 2017 ജൂലൈ 25നാണ് കൊല്ലപ്പെട്ടത്. തലാലിനൊപ്പം ക്ലിനിക് നടത്തിയിരുന്ന പാലക്കാട് കൊല്ലങ്കോട് സ്വദേശിയായ നിമിഷപ്രിയ കേസിൽ അറസ്റ്റിലായി. കീഴ്ക്കോടതി നിമിഷയ്ക്കു വധശിക്ഷ വിധിച്ചു. യെമൻകാരിയായ സഹപ്രവർത്തക ഹനാനും കേസിൽ വിചാരണ നേരിടുന്നുണ്ട്. കൊല്ലങ്കോട് സ്വദേശി പ്രേമകുമാരിയുടെ മകളാണു നിമിഷപ്രിയ.
തലാൽ അബ്ദുമഹ്ദിയെ നിമിഷപ്രിയയും കൂട്ടുകാരിയും ചേർന്ന് കൊലപ്പെടുത്തി മൃതദേഹം വീടിനുമുകളിലെ ജലസംഭരണിയിൽ ഒളിപ്പിച്ചു എന്നാണ് കേസിലാണ് വധശിക്ഷ. നഴ്സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക് തുടങ്ങാൻ സഹായ വാഗ്ദാനവുമായി വന്ന യുവാവ് പാസ്പോർട്ട് പിടിച്ചെടുത്ത് ഭാര്യയാക്കി വയ്ക്കാൻ ശ്രമിച്ചതാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നായിരുന്നു നിമിഷപ്രിയയുടെ വാദം.
ക്രൂരമായ പീഡനത്തിനിരയായിരുന്ന നിമിഷ ക്ലിനിക്കിൽ ജോലി ചെയ്തിരുന്ന യുവതിയുടെയും മറ്റൊരു യുവാവിന്റെയും നിർദേശപ്രകാരം അമിത ഡോസ് മരുന്നു കുത്തിവച്ചത് മരണത്തിന് ഇടയാക്കുകയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല