സ്വന്തം ലേഖകൻ: വധശിക്ഷ കാത്ത് യെമനിലെ ജയിലിൽ കഴിയുന്ന നിമിഷ പ്രിയയെ കാണാൻ അമ്മയ്ക്ക് അനുമതി. ഡൽഹി ഹൈക്കോടതിയാണ് അനുമതി നൽകിയത്. ഇതിനായി നടപടികള്‍ സ്വീകരിക്കാൻ വിദേശകാര്യ മന്ത്രാലയത്തിന് ഹൈക്കോടതി നിര്‍ദ്ദേശം നൽകി.
വാദത്തിനിടെ അനുമതി നൽകുന്നതിനെ വിദേശകാര്യ മന്ത്രാലയം എതിര്‍ത്തിരുന്നു. എന്നാൽ മകളുടെ ജീവൻ രക്ഷിക്കാൻ പോകാൻ അനുമതി തേടുമ്പോൾ മന്ത്രാലയം അത് തടയുന്നത് എന്തിനാണെന്ന് ഉത്തരവ് പുറപ്പെടുവിച്ചുകൊണ്ട് ഹൈക്കോടതി ചോദ്യമുന്നയിച്ചു.
നേരത്തേ ഈയാവശ്യം കേന്ദ്രസർക്കാർ തള്ളിയിരുന്നു. യമൻ സന്ദർശിക്കുന്നത് യുക്തിപരമല്ലെന്ന് കാണിച്ചായിരുന്നു കേന്ദ്രവിദേശകാര്യ മന്ത്രാലയം നിമിഷ പ്രിയയുടെ അമ്മക്ക് കത്ത് നൽകിയത്. നിമിഷ പ്രിയയുടെ കുടുംബം യമൻ സന്ദർശിച്ചാൽ അവിടുത്തെ സൗകര്യങ്ങൾ ഒരുക്കാൻ സർക്കാരിന് സാധിക്കില്ല എന്നാണ് വിദേശകാര്യ മന്ത്രാലയത്തിലെ ഡയറക്ടർ തനൂജ് ശങ്കർ അമ്മ പ്രേമകുമാരിക്ക് കത്തിൽ സൂചിപ്പിച്ചത്.
ആഭ്യന്തരപ്രശ്നങ്ങൾ നിലനിൽക്കുന്ന യമനിലെ എംബസി ജിബൂട്ടിയിലേക്ക് മാറ്റിയിരിക്കുകയാണ്. സൻആയിലെ സർക്കാരുമായി നിലവിൽ ബന്ധം പുലർത്തുന്നില്ലെന്നും എന്നാൽ നിമിഷ പ്രിയയുടെ കേസിൽ സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്നും കേന്ദ്രം കത്തിൽ വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല