സ്വന്തം ലേഖകന്‍: യെമനിലെ വൃദ്ധ സദനത്തില്‍ അജ്ഞാത സംഘത്തിന്റെ ആക്രമണം, ഇന്ത്യക്കാരായ നാലു കന്യാസ്ത്രീകള്‍ ഉള്‍പ്പെടെ 16 പേര്‍ കൊല്ലപ്പെട്ടു. യെമെനിലെ തെക്കന്‍ നഗരമായ ഏദന്‍സില്‍ ഷെയ്ഖ് ഓത്മാന്‍ ജില്ലയിലാണ് അജ്ഞാതര്‍ ആക്രമണം നടത്തിയത്. സംഭവത്തില്‍ നാലു ഇന്ത്യന്‍ കന്യാസ്ത്രീകള്‍ ഉള്‍പ്പെടെ 16 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.
നാലംഗ സംഘമാണ് ആക്രമണം നടത്തിയതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. വൃദ്ധ സദനത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥനെ വെടിവച്ചിട്ട സംഘം കെട്ടിടത്തില്‍ കടന്ന് ആക്രമണം നടത്തുകയായിരുന്നു. അക്രമികളില്‍ ഒരാള്‍ ഇസ്ലാമിക് സ്‌റ്റേറ്റിനെ പുകഴ്തി സംസാരിച്ചിരുന്നതായും റിപ്പോര്‍ട്ടുണ്ട്.
എന്നാല്‍ ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.
കൊല്ലപ്പെട്ടവരില്‍ മലയാളികള്‍ ഉണ്ടോയെന്ന് വ്യക്തമല്ല. കന്യാസ്ത്രീകളെ കൂടാതെ രണ്ട് യെമന്‍ സ്ത്രീകള്‍, വൃദ്ധ സദനത്തിലെ താമസക്കാരായ എട്ടുപേര്‍ എന്നിവരും ആക്രമണത്തിന് ഇരയായി.
മദര്‍ തെരേസ സ്ഥാപിച്ച മിഷണറീസ് ഓഫ് ചാരിറ്റിക്ക് കീഴിലാണ് വൃദ്ധ സദനം. ആദ്യമായാണ് യമനില്‍ വൃദ്ധസദനം ആക്രമിക്കപ്പെടുന്നത്. മിഷണറീസ് ഓഫ് ചാരിറ്റിയിലെ കന്യാസ്ത്രീകള്‍ യമനില്‍ ആക്രമിക്കപ്പെടുന്നത് രണ്ടാംതവണയും. ഹുതി സേനയുടെ നിയന്ത്രണത്തിലുണ്ടായിരുന്ന ഏദന്‍ കഴിഞ്ഞ ജൂലൈയിലാണ് സഖ്യസേന മോചിപ്പിച്ചത്. ഏദന്‍ കേന്ദ്രമാക്കിയാണ് പ്രസിഡന്റ് അബ്ദുല്‍ ഹാദിയുടെ ഭരണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല