സ്വന്തം ലേഖകന്‍: ജനീവയില്‍ നടക്കുന്ന യെമന്‍ സമാധാന ചര്‍ച്ച പരാജയത്തിലേക്ക് നീങ്ങുമ്പോള്‍ പ്രതീക്ഷ കൈവിടുകയാണ് യെമന്‍ ജനത. റമസാന്‍ പ്രമാണിച്ച് വെടിനിര്‍ത്തല്‍ നടപ്പിലാക്കാനുള്ള ശ്രമവും എങ്ങുമെത്താതെ അവസാനിച്ചതോടെ വിശുദ്ധ മാസത്തിലും യെമനില്‍ വെടിയൊച്ചകള്‍ നിലക്കില്ലെന്ന് ഉറപ്പായി. എന്നാല്‍ സമാധാന ശ്രമങ്ങള്‍ പരാജയപ്പെട്ടതിന് ഇരു കൂട്ടരും പരസ്പരം പഴിചാരുകയാണ്.
യെമന്‍ നഗരങ്ങളില്‍ നിന്ന് ഹൗതി വിഭാഗം പിന്‍മാറാതെ സന്ധി സംഭാഷണങ്ങളില്‍ കാര്യമില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യസേന. ജനീവാ ചര്‍ച്ചയില്‍ തുടക്കം മുതല്‍ തന്നെ സൗദി നേതൃത്വം പ്രതീക്ഷ അര്‍പ്പിച്ചിരുന്നില്ല.
രണ്ടു ഡസനോളം ഹൗതി നേതാക്കള്‍ ചര്‍ച്ചക്കായി ജനീവയില്‍ എത്തിയെങ്കിലും സ്ഥിരമായ വെടിനിര്‍ത്തലാണ് വേണ്ടതെന്നും ഉപാധികളുടെ പുറത്ത് ചര്‍ച്ച സാധ്യമല്ലെന്നുമുള്ള കടുത്ത നിലപാടാണ് സ്വീകരിച്ചത്. ചര്‍ച്ച പരാജയപ്പെട്ടതോടെ യമനില്‍ ഹൗതി കേന്ദ്രങ്ങളില്‍ സൗദി സഖ്യസേന ആക്രമണം കൂടുതല്‍ ശക്തമാക്കുകയും ചെയ്തു.
യെമനില്‍ പല ഇടങ്ങളിലും ഭക്ഷണവും കുടിവെള്ളവും മരുന്നും ലഭിക്കാതെ സാധാരണക്കാര്‍ ബുദ്ധിമുട്ടുകയാണ്. അടിയന്തര വെടിനിര്‍ത്തല്‍ ഉണ്ടായില്ലെങ്കില്‍ വലിയ മാനുഷിക ദുരന്തത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുമെന്ന മുന്നറിയിപ്പാണ് അന്താരാഷ്ട്ര റെഡ്‌ക്രോസും പൗരാവകാശ സംഘടനകളും നല്‍കുന്നത്.
ഹൗതികള്‍ പിന്‍മാറാതെ വെടിനിര്‍ത്തല്‍ നടപ്പാകില്ലെന്ന് പ്രവാസം നയിക്കുന്ന യെമന്‍ പ്രസിഡന്റ് അബ്ദുര്‍ റബ്ബ് മന്‍സൂര്‍ ഹാദി ആവര്‍ത്തിച്ചു. ദശലക്ഷക്കണക്കിന് യെമന്‍ നിവാസികളാണ് കൊടിയ ദുരന്തത്തെ നേരിടുന്നത്. യമനു വേണ്ടി രണ്ട് ബില്യന്‍ ഡോളറിന്റെ സാമ്പത്തിക സഹായമെങ്കിലും അടിയന്തരമായി വേണമെന്ന യു.എന്‍ അഭ്യര്‍ഥനക്കും തണുപ്പന്‍ പ്രതികരണമാണ് ലഭിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല