സ്വന്തം ലേഖകന്‍: യെമനില്‍ ഇസ്ലാമിക് സ്റ്റേറ്റ് ചാവേര്‍ പൊട്ടിത്തെറിച്ച് 71 പേര്‍ കൊല്ലപ്പെട്ടു. യെമനിലെ തെക്കന്‍ നഗരമായ ഏദനില്‍ സൈനിക റിക്രൂട്ട്‌മെന്റ് കേന്ദ്രത്തിലാണ് ഐഎസ് ചാവേര്‍ പൊട്ടിത്തെറിച്ചത്. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഇസ്‌ളാമിക് സ്റ്റേറ്റ് ഏറ്റെടുത്തു. ഒരുവര്‍ഷത്തിനിടെ യെമനിലുണ്ടാകുന്ന ഏറ്റവും രൂക്ഷമായ ഭീകരാക്രമണമാണിത്.
യെമന്‍ സര്‍ക്കാരിന്റെ താല്‍ക്കാലിക തലസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഏദനില്‍ സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന പ്രാദേശിക പ്രതിരോധ സംഘടനകളുടെ പരിശീലനകേന്ദ്രത്തിലാണ് സ്‌ഫോടനമുണ്ടായത്. സ്‌കൂള്‍ മൈതാനത്ത് സജ്ജീകരിച്ച പരിശീലന കേന്ദ്രത്തിലേക്ക് സ്‌ഫോടക വസ്തു നിറച്ച ട്രക് ഓടിച്ചുകയറ്റി ചാവേര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. സ്‌ഫോടനത്തില്‍ കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നു വീണാണ് കൂടുതല്‍ പേരും മരിച്ചത്.
സൌദി പിന്തുണയുള്ള യെമനി സേനയും ഷിയ സായുധ സംഘമായ ഹൂതി വിമതരും തമ്മില്‍ 17 മാസമായി തുടരുന്ന ഏറ്റുമുട്ടലില്‍ 6600 പേര്‍ കൊല്ലപ്പെട്ടെന്നാണ് ഐക്യരാഷ്ട്രസഭയുടെ കണക്ക്. 25 ലക്ഷം യെമന്‍ സ്വദേശികള്‍ പലായനം ചെയ്തു. യെമനിലെ സംഘര്‍ഷാവസ്ഥ മുതലെടുത്ത് നേട്ടമുണ്ടാക്കാനാണ് ഇവിടേക്ക് നുഴഞ്ഞുകയറിയ ഐഎസിന്റെ ശ്രമം.
സംഘര്‍ഷം അവസാനിപ്പിക്കാന്‍ സര്‍ക്കാരും വിമതരും ധാരണയിലെത്തിയ സമയത്താണ് ഐഎസിന്റെ ചാവേര്‍ ആക്രമണമുണ്ടായത്. യെമനി തലസ്ഥാനമായ സനായില്‍നിന്ന് പിന്തിരിയാന്‍ ഹൂതി വിമതര്‍ സന്നദ്ധത അറിയിച്ചതായി അമരിക്ക കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല