യെമന്‍ തലസ്ഥാനമായ സനായില്‍ നിന്ന് 160 കിലോമീറ്റര്‍ തെക്കുള്ള റദാ പട്ടണത്തിന്റെ നിയന്ത്രണം അല്‍ക്വയ്ദ തീവ്രവാദികള്‍ കൈയടക്കി. അയ്മന്‍ അല്‍ സവാഹിരിക്കു പിന്തുണ പ്രഖ്യാപിച്ച തീവ്രവാദികള്‍ പട്ടണത്തിലെ ജയില്‍ ആക്രമിച്ച് അന്തേവാസികളെ മോചിപ്പിച്ചെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ടു ചെയ്തു. നിരവധി അല്‍ക്വയ്ദക്കാരും മോചിപ്പിക്കപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. പട്ടണത്തിലെ പ്രധാന കേന്ദ്രത്തില്‍ അല്‍ക്വയ്ദയുടെ പതാക ഉയര്‍ത്തി.
ശനിയാഴ്ചയാണ് അല്‍ക്വയ്ദക്കാര്‍ റദായില്‍ എത്തിയത്. ഏറ്റുമുട്ടലില്‍ രണ്ടു പോലീസുകാര്‍ കൊല്ലപ്പെട്ടു. സര്‍ക്കാര്‍ മന്ദിരങ്ങള്‍ക്ക് തീവ്രവാദികള്‍ കാവല്‍ നില്‍ക്കുകയാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിട്ടു.തീവ്രവാദികളെ തുരത്തണമെന്ന് പട്ടണവാസികള്‍ യെമന്‍ ഭരണകൂടത്തോട് അഭ്യര്‍ഥിച്ചെങ്കിലും ഇതുവരെ നടപടിയുണ്ടായിട്ടില്ല.
കഴിഞ്ഞ വര്‍ഷം അഭിയാന്‍ പ്രവിശ്യയിലെ സിന്‍ജിബാര്‍ നഗരവും അല്‍ക്വയ്ദക്കാര്‍ കൈയടക്കിയിരുന്നു.തെക്കന്‍ മേഖലയിലെ സുരക്ഷയില്‍ അലംഭാവം കാട്ടി അധികാരത്തില്‍ കടിച്ചു തൂങ്ങാന്‍ മാര്‍ഗം തേടുകയാണ് യെമന്‍ പ്രസിഡന്റ് സാലെയെന്ന് എതിരാളികള്‍ ആരോപിക്കുന്നു. യെമനില്‍ അല്‍ക്വയ്ദയുടെ സ്വാധീനം വര്‍ധിക്കുന്നത് അമേരിക്കയെയും സൌദിയെയും അലോസരപ്പെടുത്തിയിരിക്കുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല