സ്വന്തം ലേഖകന്‍: യെമനില്‍ തുറമുഖ നഗരമായ ഹുദൈദ പിടിക്കാന്‍ പൊരിഞ്ഞ പോരാട്ടം; 200 ലേറെ ഹൂതി വിമതര്‍ കൊല്ലപ്പെട്ടു. യെമന്‍ സൈന്യവും അറബ് സഖ്യസേനയും സമ്യുക്തമായി നടത്തിയ മുന്നേറ്റത്തിലാണ് ഹൂതി തലവന്മാരുള്‍പ്പെടെ ഇരുന്നൂറിലേറെ വിമതര്‍ കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍. 140 പേര്‍ സൈന്യത്തിന്റെ പിടിയിലാകുകയും ചെയ്തു.
തന്ത്രപ്രധാന തുറമുഖമായ ഹുദൈദ മോചിപ്പിക്കുന്നതിനായി യെമന്‍ സൈന്യവും സഖ്യസേനയും കഴിഞ്ഞ ഒരാഴ്ചയായി ഹുദൈദ തുറമുഖത്തിനരികില്‍ തമ്പടിച്ചിരിക്കുകയാണ്. ഹൂതി വിമതരുടെ അധീനതയിലുള്ള സുപ്രധാന നഗരമാണിത്. ഇത് മോചിപ്പിക്കാനായാല്‍ ഹൂതികളുടെ ശക്തി ക്ഷയിക്കുമെന്ന കണക്ക് കൂട്ടലില്‍ മേഖല വിട്ടുകൊടുക്കാന്‍ യെമന്‍ സൈന്യം ആവശ്യപ്പെട്ടിരുന്നു. ഹൂതികള്‍ ഇതിന് തയ്യാറാകാത്ത സാഹചര്യത്തിലാണ് നഗരം ഉപരോധിക്കാന്‍ തുടങ്ങിയത്.
ഇതിനിടെ 200 ലെറെ ഹൂതികളെ വധിച്ചതായി യെമന്‍ പ്രതിരോധ മന്ത്രാലയത്തെ ഉദ്ദരിച്ച് അറബ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 140 പേരെ പിടികൂടിയെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഹുദൈദ തുറമുഖം വഴിയാണ് ഹൂതികള്‍ക്ക് ഇറാന്‍ ആയുധവും മറ്റു സഹായങ്ങളും എത്തിക്കുന്നത് എന്നതിനാല്‍ വിമതരുടെ ഭാഗത്തു നിന്ന് ശക്തമായ തിരിച്ചടിയുണ്ടാകുമെന്നാണ് സൂചന. ഇതുവഴിയാണ് മേഖലയിലേക്കുള്ള ഭക്ഷണവും മരുന്നുകളും എത്തുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല