1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 24, 2018

സ്വന്തം ലേഖകന്‍: യെമനില്‍ സംഘര്‍ഷമുണ്ടാക്കുന്നത് ആരായാലും എതിര്‍ക്കും; സൗദിയ്‌ക്കെതിരെ ഒളിയമ്പെയ്ത് ഖത്തര്‍ വിദേശകാര്യ മന്ത്രി. യെമനില്‍ സമാധാനം നിലനിര്‍ത്താനുള്ള ഏത് ശ്രമത്തെയും പിന്തുണക്കുമെന്നും ഖത്തര്‍ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ ആല്‍ഥാനി പറഞ്ഞു. യെമനില്‍ അസ്ഥിരത സൃഷ്ടിക്കുന്ന ഒരു വിഭാഗത്തെയും പിന്തുണക്കാന്‍ ഖത്തര്‍ തയ്യാറല്ലെന്നും പരസ്പരം പോരടിക്കുന്ന വിവിധ ഗ്രൂപ്പുകളെ ഒരു മേശക്ക് ചുറ്റും കൊണ്ടുവന്ന് ചര്‍ച്ച നടത്തുകയാണ് പ്രതിസന്ധി പരിഹരിക്കാനുള്ള ഏക പോംവഴിയെന്നും അദ്ദേഹം പറഞ്ഞു.

ഖത്തര്‍ യെമനിലെ സംഭവ വികാസങ്ങള്‍ സസൂക്ഷ്മം നിരീക്ഷിച്ച് വരികയാണെന്നും മേഖലയില്‍ സമാധാനം തിരികെ കൊണ്ടുവരുന്നതില്‍ കൃത്യമായ പ്രശ്‌ന പരിഹാരമാണ് അനിവാര്യമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അറബ് ലീഗ് തീരുമാനം അനുസരിച്ച് യമനില്‍ നിയമപരമായ ഭരണകൂടത്തെ അംഗീകരിക്കണമെന്ന നിലപാടാണ് ഖത്തറിനുള്ളത്. ജി.സി.സി അംഗീകരിച്ച പ്രമേയവും അത് തന്നെയാണ് എന്നും ആല്‍ഥാനി വ്യക്തമാക്കി.

ബ്രസല്‍സില്‍ യൂറോപ്യന്‍ യൂണിയന്‍ വിദേശകാര്യ മേധാവി ഫെഡറിക് മുഗേരിനിയുമായി നടത്തിയ അഭിമുഖത്തിലാണ് അദ്ദേഹം ഖത്തറിന്റെ നിലപാട് വ്യക്തമാക്കിയത്. എന്നാല്‍ ചില സഖ്യ രാജ്യങ്ങള്‍ക്ക് യെമനില്‍ സ്വന്തം താല്‍പര്യങ്ങള്‍ നടപ്പിലാക്കാനാണ് താല്‍പര്യമെന്നും. ഇത് ഒരു നിലക്കും അംഗീകരിക്കാന്‍ കഴിയുന്നതല്ലെന്നും സൗദിയെ പേരെടുത്തു പരാമര്‍ശിക്കാതെ അദ്ദേഹം അഭിപ്രായപ്പെട്ടു. യെമനിലെ പ്രതിസന്ധി സങ്കീര്‍ണമാക്കാനുള്ള ശ്രമം ആര് നടത്തിയാലും അത് ഇറാനാണെങ്കിലും ഖത്തര്‍ ശക്തമായി എതിര്‍ക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.