സിറിയയിലെ യര്‍മൂക് ജില്ലയിലെ പലസ്തീന്‍ അഭയാര്‍ഥികള്‍ക്കു വേണ്ടിയുള്ള അഭയാര്‍ഥി ക്യാമ്പില്‍ 18,000 ത്തോളം പേര്‍ നരകിക്കുന്നതായി ഐക്യരാഷ്ട്ര സഭ. ക്യാമ്പിലെ സ്ഥിതിഗതികള്‍ ആശങ്ക ഉളവാക്കുന്നതാണെന്ന് യുഎന്‍ സുരക്ഷാ കൗണ്‍സില്‍ അംഗങ്ങള്‍ പറഞ്ഞു. ക്യാമ്പിലേക്ക് ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ നുഴഞ്ഞു കയറിയെന്ന വാര്‍ത്തകള്‍ സുരക്ഷാ ഭീഷണിയുയര്‍ത്തുന്നതായും സുരക്ഷാ കൗണ്‍സില്‍ അഭിപ്രായപ്പെട്ടു.
യര്‍മൂക് ക്യാമ്പിലെ സാധാരണക്കാര്‍ക്ക് ജീവന്‍ നിലനിര്‍ത്താനുള്ള അവശ്യ വസ്തുക്കള്‍ ലഭിക്കുന്നുവെന്ന് ഉറപ്പാക്കണമെന്നും ഇവരെ സുരക്ഷിതമായി മറ്റൊരിടത്തേക്ക് മാറ്റുന്നതിന് സുരക്ഷിത പാതയൊരുക്കണമെന്നും യുഎന്‍ സുരക്ഷാ കൗണ്‍സില്‍ അംഗങ്ങള്‍ ആവശ്യപ്പെട്ടതായി യുഎന്നിലെ ജോര്‍ദാനിയന്‍ അംബാസഡറും യുഎന്‍ സുരക്ഷാ കൗണ്‍സില്‍ പ്രസിഡന്റുമായ ദിന കവാര്‍ പറഞ്ഞു.
വര്‍ഷങ്ങള്‍ക്ക് മുമ്പ് പലസ്തീന്‍ അഭയാര്‍ഥികള്‍ക്ക് വേണ്ടി സ്ഥാപിച്ചതാണ് യര്‍മൂക് ക്യാമ്പ്. നിലവില്‍ ഫലസ്തീനികളുടെയും സിറിയക്കാരുടെയും പാര്‍പ്പിട കേന്ദ്രമാണിത്. രണ്ട് വര്‍ഷമായി സര്‍ക്കാര്‍ സേന ഇവിടം വളഞ്ഞിരിക്കുകയാണ്. സിറിയയിലെ ആഭ്യന്തര സംഘര്‍ഷത്തിന്റെ ഭാഗമായി ഇവിടേയും എതിരാളികള്‍ കനത്ത പോരാട്ടത്തിലാണ്.
നിലവില്‍ ക്യാമ്പിലുള്ള 18,000 ത്തോളം സാധാരണക്കാര്‍ ഭക്ഷണം, വെള്ളം, മെഡിക്കല്‍ സഹായം എന്നിവയില്ലാതെ വലയുകയാണ്. കഴിഞ്ഞ ബുധാനാഴ്ച ക്യാമ്പിലേക്ക് ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ നുഴഞ്ഞു കയറിയതും സ്ഥിതിഹതികള്‍ വഷളാക്കി. സിറിയന്‍ സര്‍ക്കാറിനെ എതിര്‍ക്കുന്ന പലസ്തീന്‍ സംഘത്തെ ഇവര്‍ ആക്രമിക്കുകയായിരുന്നു.
സര്‍ക്കാര്‍ സൈന്യവും ഇവിടെ ബാരല്‍ ബോംബ് അടക്കമുള്ള ബോംബാക്രമണങ്ങള്‍ നടത്തുന്നുണ്ടെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ആരോപിക്കുന്നു. രണ്ട് വര്‍ഷമായുള്ള പോരാട്ടവും ഷെല്ലാക്രമണവും യര്‍മൂകിനെ ഏറെക്കുറെ നശിപ്പിച്ചിട്ടുണ്ട്.
സമാധാന കാലത്ത് 160,000 ത്തോളം പലസ്തീനികളും സിറിയക്കാരും ഐക്യത്തോടെ താമനിച്ചിരുന്ന സ്ഥലമാണ് യര്‍മൂക്. നിലവില്‍ ഇവിടെയുള്ള സാധാരണക്കാര്‍ വീടുകളില്‍ കുടുങ്ങിയിരിക്കുകയാണ്. ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ മേല്‍ക്കൂരകളില്‍ നിലയുറപ്പിച്ചതിനാല്‍ ഇവര്‍ക്ക് ഭക്ഷണത്തിനും വെള്ളത്തിനും പുറത്തിറങ്ങാന്‍ സാധിക്കുന്നുമില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല