സ്വന്തം ലേഖകന്‍: യെസ് പറഞ്ഞാല്‍ അക്കൗണ്ട് കാലിയാക്കുന്ന ഫോണ്‍കാള്‍, അപരിചിത നമ്പറില്‍ നിന്നുള്ള ഫോണ്‍ വിളികള്‍ക്കെതിരെ കരുതിയിര്‍ക്കാന്‍ മുന്നറിയിപ്പ്. അപരിചിതമായ നമ്പറില്‍ നിന്നും നിങ്ങള്‍ കേള്‍ക്കുന്നുണ്ടോ എന്ന ചോദ്യം കേട്ടാല്‍ ഉടന്‍ ഫോണ്‍ വെക്കണമെന്നാണ് സൈബര്‍ സുരക്ഷാ വിദഗ്ധരുടെ മുന്നറിയിപ്പ്. അമേരിക്കയിലാണ് ഫോണ്‍ വഴിയുള്ള ഈ തട്ടിപ്പ് വ്യാപകമെങ്കിലും തട്ടിപ്പുകാര്‍ ബ്രിട്ടന്‍ അടക്കമുള്ള യൂറോപ്യന്‍ രാജ്യങ്ങളിലേക്കും പ്രവര്‍ത്തനം വ്യാപിക്കുന്നതായാണ് സൂചന.
അമേരിക്കയില്‍ കഴിഞ്ഞ മാസത്തിലാണ് ‘യെസ്’ ഫോണ്‍ തട്ടിപ്പ് ആദ്യമായി റിപ്പോര്‍ട്ടു ചെയ്യപ്പെട്ടത്. ചില ഓണ്‍ലൈന്‍ ഷോപ്പിംങ് സൈറ്റുകള്‍ ഫോണ്‍ വഴി ഇടപാടുകള്‍ ഉറപ്പിക്കുന്നവയാണ്. ഈ രീതിയെയാണ് ഫോണ്‍ വഴിയുള്ള തട്ടിപ്പുകാര്‍ ദുരുപയോഗം ചെയ്യുന്നത്.പ്രാദേശിക നമ്പറില്‍ നിന്നുള്ള ഫോണ്‍കോളാണ് ആദ്യം തട്ടിപ്പിന്റെ ഭാഗമായി ലഭിക്കുക. ഈ കോള്‍ എടുത്തു കഴിഞ്ഞാല്‍ മറുതലയ്ക്കലുള്ളവര്‍ സ്വയം പരിചയപ്പെടുത്തും. പേരും ജോലി ചെയ്യുന്ന സ്ഥാപനവും അടക്കം പറഞ്ഞായിരിക്കും പരിചയപ്പെടുത്തല്‍. ഇതിന് ശേഷം നിങ്ങള്‍ക്ക് കേള്‍ക്കുന്നുണ്ടോ എന്ന് ആവര്‍ത്തിച്ച് ചോദിക്കും. ‘യെസ്’ എന്ന് പറഞ്ഞാല്‍ ഉടന്‍ ഫോണ്‍ കട്ടാവും.
ഈ ‘യെസ്’ ശബ്ദമാണ് തട്ടിപ്പിനായി ഉപയോഗിക്കുന്നത്. റെക്കോഡ് ചെയ്യുന്ന യെസ് ശബ്ദം എഡിറ്റ് ചെയ്ത് നിരവധി സാധനങ്ങള്‍ വാങ്ങുന്നതിനുള്ള അനുമതിയുടെ രൂപത്തിലേക്ക് മാറ്റുന്നു. യാതൊരു ആവശ്യവുമില്ലാത്ത സാധനങ്ങള്‍ക്കായി വലിയ തുക നല്‍കേണ്ടി വരുന്നതിനെതിരെ പ്രതികരിച്ചാല്‍ ഈ ശബ്ദരേഖയാണ് തട്ടിപ്പുകാര്‍ തെളിവായി കേള്‍പ്പിക്കുക. കൂടുതല്‍ തര്‍ക്കത്തിന് നിന്നാല്‍ നിയമപരമായി നീങ്ങുമെന്ന് പോലും ഇവര്‍ ഭീഷണിപ്പെടുത്തും. അമേരിക്കയിലെ ഫ്‌ളോറിഡ, പെന്‍സുല്‍വേനിയ, വിര്‍ജീനിയ എന്നിവിടങ്ങളില്‍ നിന്നും തട്ടിപ്പ് റിപ്പോര്‍ട്ടു ചെയ്തിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല