സ്വന്തം ലേഖകൻ: മലയാളത്തിന്റെ സ്വരവസന്തം ഡോ.കെ.ജെ.യേശുദാസിന് ഇന്ന് ശതാഭിഷേകം. ഗാനഗന്ധര്‍വന്റെ എണ്പത്തിനാലാം പിറന്നാള്‍ മലയാളനാടിന് ആ നാദസപര്യയ്ക്കുള്ള ഗുരുവന്ദനവേളയാണ്. കാലങ്ങളെയും തലമുറകളെയും ഒരു സ്വരംകൊണ്ട് ചേര്‍ത്തുകെട്ടിയ ആ സംഗീതജീവിതം സാര്‍ഥകമാക്കിയത് ഈ നാടിന്റെ സംഗീതാഭിരുചികളെക്കൂടിയാണ്.
ഓര്‍മകളിലേക്ക് പിന്തിരിഞ്ഞ് നടക്കുന്ന ഓരോ മലയാളിയും ജീവിതഘട്ടങ്ങളെ ഗാനങ്ങള്‍ കൊണ്ട് രേഖപ്പെടുത്തിയാല്‍ അതെല്ലാം ഈ ഒറ്റ സ്വരത്തിലാവും. ആ സ്വരസാധനയ്ക്ക് മുന്നില്‍ തോറ്റുപോയവര്‍ ഒരുപാടുണ്ട്. പോറല്‍ ഏല്‍പ്പിക്കാനാവാതെ പോയ കാലം. വിശേഷണങ്ങള്‍ ചാര്‍ത്തിനല്‍കാന്‍ പദങ്ങളില്ലാതെപോയ ഭാഷ, കീഴടക്കാനൊരുമ്പെട്ട് കീഴ്പ്പെട്ടുപോയ ഈണങ്ങള്‍.
1940 ജനുവരി പത്തിന് ഫോര്‍ട്ട് കൊച്ചിയില്‍ സംഗീതജ്ഞനും നാടക നടനുമായ അഗസ്റ്റിന് ജോസഫിന്റെയും എലിസബത്ത് ജോസഫിന്റെയും മകനായി ജനനം. കാട്ടശ്ശേരി ജോസഫ് യേശുദാസ് എന്നതാണ് പൂര്‍ണനാമം. പിതാവായിരുന്നു ആദ്യഗുരു. ശെമ്മാങ്കുടി ശ്രീനിവാസയ്യരുടെ തിരുവനന്തപുരം തൈക്കാടുള്ള ഔദ്യോഗിക വസതിയിലെ കാർഷെഡിൽ അദ്ദേഹത്തിന്റെ ഔദാര്യത്തിൽ അന്തിയുറക്കം. വല്ലപ്പോഴും പിതാവ് അയച്ചുതരുന്ന പണം പ്രതീക്ഷിച്ച് ഹോട്ടലിൽ നിന്ന് ഒരു നേരം കടമായി കിട്ടിയ ചോറായിരുന്നു, സംഗീതത്തിൽ ഉപരിപഠനത്തിനെത്തിയ മെലിഞ്ഞുനീണ്ട ആ വെള്ള ഷർട്ടുകാരന് അനന്തപുരി നൽകിയ ഔദാര്യം.
ആകാശവാണി ഈ ചെറുപ്പക്കാരനെ ഓഡിഷൻ ടെസ്റ്റിൽ തോൽപിച്ച് പറഞ്ഞുവിട്ടു. ‘ഉന്നതജാത’ സംഗീതജ്ഞരിൽനിന്ന് പുച്ഛം കലർന്ന പരിഹാസം കേൾക്കേണ്ടിവന്നു. 1961ല്‍ പുറത്തിറങ്ങിയ ‘കാൽപാടുകള്’ സിനിമക്കു വേണ്ടി ‘ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സര്‍വരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാണിത്…’ എന്ന വരികള്‍ ആലപിച്ചുകൊണ്ട് 21ാം വയസ്സിൽ ചലച്ചിത്രലോകത്തെത്തി. എം.ബി. ശ്രീനിവാസൻ നൽകിയ ആ അവസരത്തിലൂടെ യേശുദാസ് എന്ന കാലാവസ്ഥ പിറക്കുകയായിരുന്നു.
വയലാറിന്റെ ശിപാർശയിൽ ദേവരാജൻ മാഷ് ‘ഭാര്യ’ എന്ന ചിത്രത്തിൽ നൽകിയ ‘ദയാപരനായ കർത്താവേ’ എന്ന പാട്ടായിരുന്നു വഴിത്തിരിവ്. യേശുദാസ്-ദേവരാജൻ കൂട്ട് അവിടെ തുടങ്ങി. കെ.പി. ഉദയഭാനുവിനായി മാറ്റിവെച്ചിരുന്ന ‘അല്ലിയാമ്പൽ കടവിൽ’ അദ്ദേഹത്തിന് സുഖമില്ലാഞ്ഞതിനാൽ യേശുദാസിന് വീണുകിട്ടി. അത് കേരളക്കരയാകെ അലയടിച്ചു.
പിന്നെ, ബാബുരാജിന്റെ ‘താമസമെന്തേ വരുവാൻ’ ഒപ്പമെത്തി. പിന്നെ പിന്നിട്ട പടവുകൾക്കും നിലക്കാത്ത സംഗീതയാത്രക്കും തുല്യതയില്ല. ലോകം കേട്ട ഏറ്റവും മനോഹര ശബ്ദമെന്ന് ബി.ബി.സിയുടെ വിശേഷണം. ലോകരാജ്യങ്ങളിലേക്ക് ചേക്കേറിയ മലയാളി കൊണ്ടുപോയ അവശ്യവസ്തുക്കളിലൊന്ന് ദാസേട്ടൻ ഗാനങ്ങളായിരുന്നു. ആ പാട്ടുകേട്ട് മലയാളി ഭവനങ്ങൾ കണ്ണടച്ച് പ്രാർഥിച്ചു, കണ്ണീരണിഞ്ഞു, ഉന്മത്തരായി. ‘അടിയന്തരാവസ്ഥക്കാലത്തെ പ്രണയം’ എന്ന പുതിയ ചിത്രത്തിലും യേശുദാസിന്റെ ഗാനം ആഘോഷിക്കപ്പെടുന്നു.
1970ലായിരുന്നു പ്രഭയുമായുള്ള വിവാഹം. വിനോദ്, പിന്നണിഗായകനും നടനുമായ വിജയ് യേശുദാസ്, വിശാൽ എന്നിവർ മക്കളാണ്. നാട് യേശുദാസ് എന്ന ഇതിഹാസത്തിന്റെ ശതാഭിഷേകം ആഘോഷിക്കുമ്പോൾ ഭൂഖണ്ഡങ്ങൾക്കപ്പുറത്താണ് അദ്ദേഹം. അമേരിക്കയിൽതന്നെയാണ്. രണ്ട് മക്കളും അവിടെയാണ്. ഡിസംബറിൽ എത്തുമെന്നും പറഞ്ഞിരുന്നെങ്കിലും എത്തിയില്ല. എല്ലാ ജന്മദിനങ്ങളിലുമുള്ള മൂകാംബിക സന്ദർശനവും മൂന്നു വർഷമായി ഇല്ല.
അമ്പതിനായിരത്തിലധികം പാട്ടുകൾ യേശുദാസ് പാടിയിട്ടുണ്ടെന്നാണ് കണക്ക്. പത്മവിഭൂഷണും പത്മഭൂഷണും പത്മശ്രീയും നൽകി രാജ്യം ആദരിച്ച ശബ്ദവിസ്മയം. ലഭിച്ച പുരസ്കാരങ്ങളിലും പാടിയ പാട്ടുകളുടെ എണ്ണത്തിലും 60 പിന്നിട്ടു നീങ്ങുന്ന പാട്ടുകാലത്തിലും യേശുദാസ് അങ്ങനെ പകരക്കാരനില്ലാതെ തുടരുകയാണ്. ചിട്ടയായ ജീവിതവും സ്ഥിരോത്സാഹവും കൊണ്ട് നേടിയ നേട്ടങ്ങൾ തുടരാൻ പ്രിയഗായകന് സാധിക്കട്ടെ എന്നാണ് ലക്ഷോപലക്ഷം സംഗീതാസ്വാദകരുടെ ആശംസ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല