1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 26, 2023

സ്വന്തം ലേഖകൻ: റഷ്യയിൽ വാഗ്നർഗ്രൂപ്പ് നടത്തിയ കലാപത്തിനുപിന്നിൽ പ്രസിഡന്റ് വ്ലാദിമിർ പുതിന്റെ കൈകളുണ്ടെന്ന് അഭ്യൂഹം. തന്റെ ആധിപത്യത്തെ ചോദ്യംചെയ്യുന്ന സേനാമേധാവികളെ ലക്ഷ്യമിട്ട് വാഗ്നറിനെ പുതിൻ കളത്തിലിറക്കിയെന്നാണ് വാദം. പ്രതിരോധമന്ത്രി സെർഗെയി ഷൊയിഗുവിനെയും സേനാമേധാവി വലേറി ഗെരാസിമോവിനെയുമാണ് വാഗ്നർതലവൻ യെവ്ഗെനി പ്രിഗോഷിൻ ലക്ഷ്യമിട്ടത്. ഷൊയിഗുവിനെ പുറത്താക്കണമെന്നായിരുന്നു പ്രധാന ആവശ്യം.

ബഹ്‌മുതിൽ വാഗ്നർസേനയ്ക്കുനേരെ മിസൈലാക്രമണം നടത്തിയത് സൈന്യമാണെന്ന് ആരോപിച്ചായിരുന്നു സായുധനീക്കം. എന്നാൽ, വാഗ്നർഗ്രൂപ്പ് ഉൾപ്പെടെയുള്ള സമാന്തരസേനകളെ പ്രതിരോധമന്ത്രാലയത്തിനുകീഴിലാക്കാനായി ഈ മാസം പത്തിനിറക്കിയ ഉത്തരവാണ് വിമതനീക്കത്തിനുകാരണമെന്നും വാർത്തയുണ്ട്. ശനിയാഴ്ച രാവിലെ പ്രിഗോഷിനെ വിമർശിച്ച് രാജ്യത്തെ അഭിസംബോധനചെയ്തശേഷം പുതിന്റെ വിവരമില്ല. പുതിൻ ക്രെംലിനിലുണ്ടോയെന്നും വ്യക്തമല്ല.

മോസ്കോയിൽ ഭീകരവിരുദ്ധനടപടികൾ അവസാനിപ്പിച്ചിട്ടില്ല. വഞ്ചനയെ വെച്ചുപൊറുപ്പിക്കാത്ത പുതിൻ വിമതനീക്കത്തിനുനേരെ നടപടിയെടുത്തേക്കും. ബെലാറുസിൽപോയ പ്രിഗോഷിൻ വെറുതേയിരിക്കുമെന്നും കരുതാനാകില്ല. രാജ്യംവിട്ട സേനാമേധാവിയേ വാഗ്നർ അംഗങ്ങൾ അനുസരിക്കുമോ, വാഗ്നറിന് പുതിയ മേധാവിയുണ്ടാകുമോ, അംഗങ്ങൾ റഷ്യൻസൈന്യത്തിൽ ചേരുമോ, സൈന്യം ഇവരെ അംഗീകരിക്കുമോ തുടങ്ങിയ ചോദ്യങ്ങളും നിലനിൽക്കുന്നു. വാഗ്നർഗ്രൂപ്പിന്റെ സാമൂഹികമാധ്യമ അക്കൗണ്ടുകൾ ശനിയാഴ്ചമുതൽ നിശ്ശബ്ദമാണ്.

യുക്രൈനെ തകര്‍ക്കാന്‍ റഷ്യ നിയോഗിച്ച കൂലിപ്പടയായിരുന്നു വാഗ്‌നര്‍ സംഘം. യുക്രൈന്‍ യുദ്ധമാരംഭിച്ചത് മുതല്‍ പുടിനില്‍ നിന്ന് റഷ്യന്‍ സൈന്യത്തിന് ലഭിച്ച അതേ പ്രാധാന്യത്തോടെ തന്നെ പൊരുതി നിന്ന വാഗ്‌നര്‍ സംഘവും തലവന്‍ പ്രിഗോഷിനും റഷ്യന്‍ സൈന്യത്തെ പരസ്യമായി വിമര്‍ശിക്കുകയും ഇത് ഇരു സേനകള്‍ തമ്മിലുള്ള അസ്വാരസ്യങ്ങള്‍ക്ക് ഇടവയ്ക്കുകയും ചെയ്തതോടെയാണ് പുടിനെ എതിര്‍ത്ത് ശക്തമായ ഭീഷണികളുമായി പ്രിഗോഷിന്‍ രംഗത്തെത്തിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.