സ്വന്തം ലേഖകന്‍: ബന്ദികളാക്കപ്പെട്ട യസീദി സ്ത്രീകളെ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ പൊതുമദ്ധ്യത്തില്‍ കൂട്ട ബലാത്സംഗം ചെയ്യുകയും ക്രൂരപീഡനങ്ങള്‍ക്ക് വിധേയരാക്കുകയും ചെയ്തിരുന്നതായി റിപ്പോര്‍ട്ട്. ഈ ആഴ്ച മോചിതരായ യസീദി സ്ത്രീകളാണ് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ ലൈംഗിക അടിമകള്‍ ആയിരുന്നപ്പോള്‍ അനുഭവിക്കേണ്ടിവന്ന പീഡനങ്ങള്‍ സന്നദ്ധ സംഘടനകളോട് വിവരിച്ചത്.
ബന്ധിയാക്കപ്പെട്ടവരില്‍ നിരവധി സ്ത്രീകളെ ഇസ്ലാമിക് സ്റ്റേറ്റ് പോരാളികള്‍ക്കു വേണ്ടി വിറ്റു. ഇവരെ പൊതുമദ്ധ്യത്തില്‍ രണ്ടും മൂന്നും പേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തു. ഈ പെണ്‍കുട്ടികള്‍ക്ക് ഒരോര്‍ത്തര്‍ക്കും പറയാനുള്ളത് തങ്ങള്‍ അനുഭവിച്ച കൊടിയ പീഡനങ്ങളുടെ കഥയാണെന്ന് യസീദ സംഘടനയുടെ പ്രവര്‍ത്തകന്‍ സിയാദ് ഷമ്മോ ഖാലഫ് പറഞ്ഞു.
200 ഓളം യസീദി സ്ത്രീകളാണ് കിര്‍കുക്കിന് സമീപമുള്ള ഹിമോരയില്‍ ഈ ആഴ്ച മോചിപിക്കപ്പെട്ടത്. കഴിഞ്ഞ എട്ട് മാസത്തോളമായി ഇവര്‍ ഭീകരരുടെ ബന്ധനത്തിലായിരുന്നു. ലൈംഗിക അടിമകളായും ട്രോഫികളായും ഇവരെ പോരാളികള്‍ക്ക് ഇസ്ലാമിക് സ്റ്റേറ്റ് വില്‍ക്കുകയായിരുന്നു. നിരവധി പേരെ നിര്‍ബന്ധിച്ചും മര്‍ദ്ദിച്ചും മതംമാറ്റി.
പോരാളികള്‍ക്കായി രക്തം നല്‍കാനും നിര്‍ബന്ധിതരായതായി ഇവര്‍ പറയുന്നു. കുട്ടികളെ അമ്മമാരില്‍ നിന്നും അകറ്റി ഇസ്ലാമിക് സ്റ്റേറ്റ് പോരാളികള്‍ക്ക് വിറ്റിരുന്നതായും റിപ്പോര്‍ട്ടുണ്ട്. യസീദി സ്ത്രീകളുടെ പീഡാനുഭവങ്ങള്‍ വ്യക്തമാക്കുന്ന 87 പേജുള്ള റിപ്പോര്‍ട്ട് ആംനസ്റ്റി ഇന്രര്‍നാഷണല്‍ കഴിഞ്ഞ നവംബറില്‍ പുറത്തുവിട്ടിരുന്നു.
ഇസ്ലാമിക് സ്റ്റേറ്റ് സ്വാധീന മേഖലയില്‍ യസീദി പെണ്‍കുട്ടികളും സ്ത്രീകളും ലൈംഗിക പീഡനങ്ങള്‍ക്ക് വിധേയയരാവുന്നുവെന്നും ലൈംഗിക അടിമകളായി വില്‍ക്കപ്പെടുന്നുവെന്നും റിപ്പോര്‍ട്ട് കണ്ടെത്തിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല