സ്വന്തം ലേഖകന്‍: യോഗ ദിനാചരണത്തോട് അനുബന്ധിച്ച് സ്‌കൂളുകളില്‍ സൂര്യനമസ്‌കാരം നിര്‍ബന്ധമാക്കിയതിന്റെ വിവാദം തീരും മുമ്പെ വിവാദ പ്രസ്താവനയുമായി കേന്ദ്രമന്ത്രി രംഗത്ത്. യോഗ ചെയ്യുമ്പോള്‍ ശ്ലോകങ്ങള്‍ക്ക് പകരം മുസ്ലീങ്ങള്‍ക്ക് അല്ലാഹുവിന്റെ നാമം ഉരുവിടാമെന്ന് കേന്ദ്രമന്ത്രി ശ്രിപദ് നായിക്ക് പ്രസ്താവിച്ചു.
അന്താരാഷ്ട്ര യോഗ ദിനാചരണത്തോടനുബന്ധിച്ച് രാജ്യവ്യാപകമായി സംഘടിപ്പിക്കുന്ന യോഗ ചടങ്ങുകളില്‍ മുസ്ലിംകളും പങ്കെടുക്കണമെന്ന് കേന്ദ്രമന്ത്രി ആഹ്വാനം ചെയ്തു. യോഗയില്‍ ശ്ലോകങ്ങള്‍ ഉരുവിടുന്നതിന് പകരം മുസ്ലിംകള്‍ക്ക് അല്ലാഹുവിന്റെ നാമം ഉരുവിടാമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, യോഗയില്‍ പങ്കെടുക്കാന്‍ ആരെയും നിര്‍ബന്ധിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. മുസ്ലിം സംഘടനകളുടെ കടുത്ത പ്രതിഷേധത്തെ തുടര്‍ന്ന് സൂര്യനമസ്‌കാരം ചടങ്ങുകളില്‍ നിന്ന് മാറ്റാന്‍ കേന്ദ്രം നേരത്തെ തീരുമാനിച്ചിരുന്നു.
എന്നാല്‍, എതിര്‍പ്പ് ഉയര്‍ന്നത് കൊണ്ട് മാത്രമല്ല, സൂര്യനമസ്‌കാരം നിര്‍വഹിക്കുക പ്രയാസകരമായ കാര്യമായതിനാല്‍ കൂടിയാണ് അത് ഒഴിവാക്കിയതെന്ന് മന്ത്രി പറഞ്ഞു. സൂര്യനമസ്‌കാരത്തില്‍ ശ്ലോകം ചൊല്ലല്‍ നിര്‍ബന്ധമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അന്തര്‍ദേശീയ യോഗാദിനാചരണത്തിന്റെ ഭാഗമായി രാജ്യത്തെ സ്‌കൂളുകളില്‍ നടത്തുന്ന പരിപാടികളില്‍ നിന്ന് സൂര്യ നമസ്‌കാരം ഒഴിവാക്കിയിരുന്നു. യോഗയില്‍ നിര്‍ബന്ധമായി സൂര്യ നമസ്‌കാരം ഉള്‍പ്പെടുത്തിയതിനെതിരെ മുസ്ലിം സംഘടനകള്‍ പ്രതിഷേധം ശക്തമാക്കിയതിനെ തുടര്‍ന്നാണ് സൂര്യ നമസ്‌കാരം ഒഴിവാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല