സ്വന്തം ലേഖകന്‍: 2012 ലെ ലണ്ടന്‍ ഒളിംപിക്‌സില്‍ ഇന്ത്യന്‍ ഗുസ്തി താരം യോഗേശ്വര്‍ ദത്ത് നേടിയ വെങ്കല മെഡല്‍ വെള്ളിയാകില്ല. അന്ന് രണ്ടാം സ്ഥാനക്കാരനായ റഷ്യയുടെ ബെസിക് കുദുഖോവിനെതിരായ ഉത്തേജക മരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് അന്താരാഷ്ട്ര ഒളിംപിക്‌സ് കമ്മിറ്റി തള്ളിയതിനെ തുടര്‍ന്നാണിത്.
കുദുഖോവിനെതിരായ റിപ്പോര്‍ട്ട് തള്ളിയെന്ന വിവരം അന്താരാഷ്ട്ര ഒളിംപിക്‌സ് കമ്മിറ്റി തന്നെയാണ് വാര്‍ത്താ കുറിപ്പിലൂടെ അറിയിച്ചത്. ലണ്ടന്‍ ഒളിംപിക്‌സില്‍ ശേഖരിച്ച സാമ്പിള്‍ മാസങ്ങള്‍ക്ക് മുമ്പ് വീണ്ടും പരിശോധിച്ചപ്പോള്‍ റഷ്യന്‍ താരം ഉത്തേജക മരുന്ന് ഉപയോഗിച്ചതായി തെളിയുകയായിരുന്നു. ഇതോടെയാണ് യോഗേശ്വറിന് വെള്ളി മെഡല്‍ ലഭിച്ചേക്കുമെന്ന വാര്‍ത്ത വന്നത്.
എന്നാല്‍ ഈ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ അന്താരാഷ്ട്ര ഒളിംപിക്‌സ് കമ്മിറ്റി തള്ളിയിരിക്കുന്നത്. അതേസമയം, വെള്ളി മെഡല്‍ സ്വീകരിക്കില്ലെന്ന് യോഗേശ്വര്‍ ദത്ത് മുമ്പ് നിലപാടെടുത്തിരുന്നു. കാറപകടത്തില്‍ കൊല്ലപ്പെട്ട റഷ്യന്‍ താരത്തോടുള്ള ആദര സൂചകമായി അദ്ദേഹത്തിന്റെ കുടുംബം മെഡല്‍ സൂക്ഷിച്ചുകൊള്ളട്ടേയെന്നായിരുന്നു യോഗേശ്വര്‍ ദത്തിന്റെ തീരുമാനം.
ഗുസ്തിയിലെ അപൂര്‍വ പ്രതിഭകളിലൊരാളായ കുദുഖോവിനെ ബഹുമാനിക്കുന്നു. അദ്ദേഹം ഉത്തേജകമരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടുവെന്ന വാര്‍ത്ത വളരെയധികം ദു:ഖകരമാണ്. മനുഷ്യത്വമാണ് എല്ലാത്തിലും വലുത് എന്ന് വിശ്വസിക്കുന്നതിനാല്‍ അദ്ദേഹത്തിന് ലഭിച്ച വെള്ളി മെഡല്‍ സ്വീകരിക്കാന്‍ ആഗ്രഹിക്കുന്നില്ലഇങ്ങനെയാണ് മുമ്പ് യോഗേശ്വര്‍ പറഞ്ഞത്.
2013 ഡിസംബറില്‍ കുദുഖോവ് മരണപ്പെട്ടതിന് ശേഷമായിരുന്നു ഉത്തേജക മരുന്നുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് പുറത്ത് വന്നത്. നാല് തവണ ലോക ചാമ്പ്യനും 2008 ബെയ്ജിംഗ്, 2012 ലണ്ടന്‍ ഒളിംപിക്‌സുകളിലെ മെഡല്‍ ജേതാവുമായിരുന്ന അദ്ദേഹം തെക്കന്‍ റഷ്യയിലുണ്ടായ കാറപകടത്തിലാണ് മരണപ്പെട്ടത്.
2012 ലണ്ടന്‍ ഒളിംപിക്‌സിലെ 60 കിലോ ഗ്രാം ഫ്രീസ്‌റ്റൈല്‍ ഗുസ്തിയുടെ പ്രീക്വാര്‍ട്ടര്‍ ഫൈനലില്‍ യോഗ്വേശ്വറിനെ പരാജയപ്പെടുത്തിയ കുദുഖോവ് ഫൈനലില്‍ പ്രവേശിച്ചതോടെയാണ് ഇന്ത്യന്‍ താരത്തിന് മൂന്നാം സ്ഥാനത്തിനായി മത്സരിക്കാന്‍ അവസരം ലഭിച്ചത്. ഇത്തരത്തില്‍ റെപഷാഗെ റൗണ്ടിലൂടെയായിരുന്നു യോഗേശ്വര്‍ ദത്തിന്റെ വെങ്കല മെഡല്‍ നേട്ടം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല