സ്വന്തം ലേഖകന്‍: വെള്ളി നേടിയ റഷ്യന്‍ താരം മരുന്നടിച്ചു, 2012 ലണ്ടന്‍ ഒളിമ്പിക്‌സിലെ യോഗേശ്വറിന്റെ വെങ്കലം വെള്ളിയായി. ലണ്ടന്‍ ഒളിമ്പിക്‌സില്‍ ഗുസ്തി താരം യോഗേശ്വറിന്റെ വെങ്കലമാണ് വെള്ളി മെഡലായി ഉയര്‍ത്തിയത്. യോഗേശ്വര്‍ തന്നെയാണ് ട്വിറ്ററിലൂടെ ഈ വിവരം പുറത്തുവിട്ടത്. 2012 ഗെയിംസില്‍ വെള്ളി നേടിയ റഷ്യന്‍ താരം ബെസിക് കുടുക്കോവ് ഉത്തേജകമരുന്ന് ഉപയോഗിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് യോഗേശ്വര്‍ ദത്തിന്റെ മെഡലില്‍ സ്ഥാനക്കയറ്റമുണ്ടായത്.
തനിക്ക് ലഭിച്ച മെഡല്‍ രാജ്യത്തിന് സമര്‍പ്പിക്കുന്നതായും യോഗേശ്വര്‍ ട്വിറ്ററില്‍ കുറിച്ചു. നാലു തവണ ലോകചാമ്പ്യനും രണ്ടു ഒളിമ്പിക്‌സ് മെഡല്‍ജേതാവുമായ ബെസിക് കുടുക്കോവ് ലണ്ടന്‍ ഒളിമ്പിക്‌സില്‍ വെള്ളി നേടിയിരുന്നു. ഉത്തേജക മരുന്ന് പരിശോധനയില്‍ ഫലം പോസിറ്റീവായതോടെ മെഡല്‍ തിരിച്ചെടുക്കാന്‍ അന്താരാഷ്ട്ര ഒളിമ്പിക്‌സ് സമിതി തീരുമാനിക്കുകയായിരുന്നു. ഇതോടെ വെങ്കലം നേടിയ യോഗേശ്വറിന് വെള്ളി മെഡലായി.
ലണ്ടന്‍ ഒളിമ്പിക്‌സിന് പിന്നാലെയുണ്ടായ കാറപകടത്തില്‍ 2013 ല്‍ കുടിക്കോവ് മരണമടഞ്ഞിരുന്നു. എന്നിരുന്നാലും ലണ്ടന്‍ ഗെയിംസില്‍ ശേഖരിച്ച മൂത്ര സാമ്പിളുകള്‍ റിയോ ഗെയിംസിന് മുമ്പായി അന്താരാഷ്ട്ര ഒളിമ്പിക് കമ്മറ്റി വീണ്ടും നടത്തിയ പരിശോധനയുടെ ഫലമാണ് പുറത്തു വന്നത്. കുടുക്കോവിനൊപ്പം 120 കിലോ വിഭാഗത്തില്‍ മത്സരിച്ച ഉസ്‌ബെക്കിന്റെ ആര്‍തര്‍ തായ്മാസോയു മരുന്നടിച്ചതായി തെളിഞ്ഞു.
ഇതോടെ 2012 ഒളിമ്പിക്‌സില്‍ വെള്ളി നേടിയ ഗുസ്തിതാരം സുശീല്‍കുമാറിനും ഷൂട്ടിംഗ് താരം വിജയ കുമാറിനും ഒപ്പമായി യോഗേശ്വറിന്റെ സ്ഥാനം. ലണ്ടനില്‍ 60 കിലോ ഫ്രീ സ്‌റ്റൈല്‍ ഗുസ്തിയില്‍ പ്രീ ക്വാര്‍ട്ടറിലായിരുന്നു യോഗേശ്വറെ കുടുക്കോവ് പരാജയപ്പെടുത്തിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല