1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 5, 2017

സ്വന്തം ലേഖകന്‍: ആശുപത്രി നടത്തുന്ന കാര്യത്തില്‍ കേരളം യുപിയെ കണ്ടു പഠിക്കണമെന്ന് യോഗി ആദിത്യനാഥ്, യുപിയിലെ യഥാര്‍ഥ കണക്കുകള്‍ പുറത്തുവിടാന്‍ വെല്ലുവിളിച്ച് പിണറായി, യോഗി ആദിത്യനാഥിന്റെ കേരള സന്ദര്‍ശനത്തിനിടെ വാക്‌പോര് രൂക്ഷം. എങ്ങനെയാണ് ആശുപത്രികള്‍ നടത്തേണ്ടതെന്ന് പഠിക്കാന്‍ യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ കേരളത്തിന്റെ ആശുപത്രികളിലേക്ക് ക്ഷണിക്കുന്നു എന്ന കുറിപ്പ് സി പി എമ്മിന്റെ ട്വീറ്റര്‍ പേജില്‍ കുറിപ്പ് പ്രത്യക്ഷപ്പെട്ടിരുന്നു.

ഇതേ കുറിച്ച് ചോദിച്ചപ്പോഴായിരുന്നു ആദിത്യനാഥിന്റെ പ്രതികരണം. ‘കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ കേരളത്തില്‍ ഡെങ്കിപ്പനി ബാധിച്ച് മരിച്ചത് മൂന്നൂറിലധികം പേരാണ്. വലിയ സംസ്ഥാനമായിട്ടും ഉത്തര്‍പ്രദേശില്‍ ഡെങ്കി ബാധിച്ചുള്ള മരണം കേരളത്തെക്കാള്‍ വളരെ കുറവാണ്,’ ആദിത്യനാഥ് പറഞ്ഞു. ചിക്കന്‍ഗുനിയ മൂലവും കേരളത്തില്‍ മരണങ്ങളുണ്ടായിട്ടുണ്ട്. ഉത്തര്‍പ്രദേശില്‍ ചിക്കന്‍ ഗുനിയ മൂലം ആരും മരിച്ചിട്ടില്ലെന്നും ആദിത്യനാഥ് പറഞ്ഞു.

ബിജെപി സംസ്ഥാനാധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നടത്തുന്ന ജനരക്ഷായാത്രയില്‍ പങ്കെടുക്കുന്നതിന് കണ്ണൂരില്‍ എത്തിയതായിരുന്നു യുപി മുഖ്യമന്ത്രി
കേരളത്തിലും കര്‍ണാടകയിലും ലൗജിഹാദ് സംഭവങ്ങള്‍ നടക്കുന്നുണ്ടെന്നത് യാഥാര്‍ത്ഥ്യമാണ്. ഹൈക്കോടതിയും സുപ്രീംകോടതിയും ഇക്കാര്യം പരാമര്‍ശിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ലൗജിഹാദ് സംബന്ധിച്ച് എന്‍ഐഎ അന്വേഷണവും നടക്കുന്നുണ്ട്. പ്രണയിച്ച് പ്രലോഭിപ്പിച്ച് മതം മാറ്റുന്ന ലൗ ജിഹാദ് അപകടകരമായ സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നതെന്നും ആദിത്യനാഥ് പറഞ്ഞു.

ആദിത്യനാഥിന്റെ പ്രസ്താവനക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തി. ശിശുമരണ നിരക്കിനെക്കുറിച്ചുള്ള യോഗിയുടെ പ്രസ്താവന കേട്ടാല്‍ ആരും മൂക്കത്ത് വിരല്‍വെക്കുമെന്ന് പിണറായി വിജയന്‍ പറഞ്ഞു. യുപിയിലെ യഥാര്‍ഥ കണക്ക് പുറത്തുവിടാന്‍ തയ്യാറുണ്ടോയെന്നും പിണറായി ചോദിച്ചു. ആര്‍എസ്എസ് ഉയര്‍ത്തുന്ന വെല്ലുവിളികള്‍ നേരിടാന്‍ കേരളം തയ്യാറെന്നും പിണറായി വിജയന്‍ പറഞ്ഞു.

ആര്‍എസ്എസിന്റെ പടപ്പുറപ്പാടിന്റെ മുന്നില്‍ വിറങ്ങലിച്ച് പോകുന്നതല്ല കമ്യൂണിസ്റ്റ് പ്രസ്ഥാനം. കേരളത്തിന്റെ ആത്മാഭിമാനത്തെ ചോദ്യം ചെയ്താല്‍ ചെറുക്കാന്‍ രാഷ്ട്രീയമായി എതിര്‍ക്കുന്നവരും ഒപ്പമുണ്ടാകും. അമിത് ഷായുടെ യാത്ര നനഞ്ഞ പടക്കമായെന്നും പിണറായി അഭിപ്രായപ്പെട്ടു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.