സ്വന്തം ലേഖകന്‍: യുപിയില്‍ യോഗിയുടെ ഭരണ പരിഷ്‌ക്കാരങ്ങള്‍ തുടരുന്നു, യോഗി ആദിത്യനാഥിന്റെ മണ്ഡലത്തില്‍ സമ്പൂര്‍ണ മാംസ നിരോധനം. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി ചുമതലയേറ്റതിന് ഒരാഴ്ച്ച പിന്നിടുമ്പോഴേക്കും സംസ്ഥാനത്ത് ബി.ജെ.പി നയം നടപ്പിലാക്കി യോഗി ആദിത്യനാഥ്. മുഖ്യമന്ത്രിയുടെ സ്വന്തം മണ്ഡലമായ ഗോരഖ്പൂരില്‍ സമ്പൂര്‍ണ്ണ മാംസ നിരോധനത്തിന് ഉത്തരവിട്ടിരിക്കുകയാണ്.
ഉത്തരവു പുറത്തു വന്നതോടെ ഒറ്റ രാത്രികൊണ്ട് നൂറോളം അറവുശാലകളാണ് പൂട്ടിയത്. മീന്‍ വില്‍പനപോലും ഗോരഖ്പൂരില്‍ വിലക്കപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ലൈസന്‍സ് പുതുക്കാതെ അനധികൃതമായി പ്രവര്‍ത്തിച്ചെന്ന പേരിലാണ് സര്‍ക്കാര്‍ നടപടി. പൂവാലന്മാരെ പിടിക്കാനായി രൂപീകരിച്ച ആന്റി റോമിയോ സ്‌ക്വാഡിനെ ജനങ്ങള്‍ ആവേശത്തോടെ സ്വീകരിച്ചതിനു തൊട്ടുപിന്നാലെയാണ് യോഗിയുടെ പുതിയ ഉത്തരവ് എത്തിയത്.
എന്നാല്‍ പാരമ്പര്യമായി ചെയ്തു വന്ന ഇറച്ചി കച്ചവടം നിര്‍ത്തിയതോടെ നിരവധി കുടുംബങ്ങളാണ് ദുരിതത്തിലായത്. ലൈസന്‍സ് പുതുക്കാത്തതിനാലാണ് നടപടി എന്നല്ലാതെ യാതൊരു വിശദീകരണവും അധികൃതര്‍ അറവുശാല ഉടമകള്‍ക്ക് നല്‍കിയിട്ടില്ല. ഇതോടെ ഭൂരിപക്ഷവും മുസ്ലീങ്ങളായ അറവുശാല ഉടമകളുടേയും ജീവനക്കാരുടേയും ഭാവി അനിശ്ചിതത്വത്തിലായി. നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ പ്രകടനപത്രികയില്‍ വ്യക്തമാക്കിയിരിക്കുന്ന കാര്യങ്ങള്‍ മാത്രമാണ് പ്രാബല്യത്തില്‍ വരുത്തുന്നതെന്നാണ് ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ നിലപാട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല