സ്വന്തം ലേഖകൻ: കേരളത്തിനെതിരായ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ പരാമർശം വിവാദത്തിൽ. വോട്ടർമാർക്ക് പിഴവ് പറ്റിയാൽ യു.പി കേരളത്തിനും, ബംഗാളിനും, കശ്മീരിനും തുല്യമാകുമെന്നായിരുന്നു യോഗിയുടെ പരാമർശം. യുപിയില്‍ ആദ്യഘട്ട പോളിങ്ങ് ആരംഭിക്കുന്നതിനു തൊട്ടുമുമ്പായിരുന്നു യോഗിയുടെ വിവാദ പ്രസ്താവന.
വോട്ടർമാർക്ക് പിഴവ് പറ്റരുത്. അങ്ങനെ സംഭവിച്ചാൽ ഉത്തർപ്രദേശ് കാശ്മീരോ, കേരളമോ, ബംഗാളോ ആയി മാറും… ഒന്നാംഘട്ട വോട്ടെടുപ്പിന് തൊട്ടുമുമ്പ് ട്വിറ്ററിലൂടെ പങ്കുവെച്ച വീഡിയോയിലാണ് യോഗിയുടെ വിവാദ വാക്കുകൾ. എന്നാല്‍ യോഗി ആദിത്യനാഥിന് കുറിക്കുകൊള്ളുന്ന മറുപടിയുമായി കേരളാ മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എമ്മും രംഗത്തെത്തി.
കേരളത്തിലേത് പോലെ മികച്ച ആരോഗ്യ, വിദ്യാഭ്യാസ, സാമൂഹ്യ സുരക്ഷയും മതേതര സമൂഹവുമാണ് ഉത്തർപ്രദേശിലെ ജനത ആഗ്രഹിക്കുന്നത്… ഇത് വേണ്ടെന്നാണോ യോഗി ആദിത്യനാഥ് ഉദ്ദേശിച്ചതെന്നായിരുന്നു പിണറായി വിജയന്‍റെ പരിഹാസം കലർന്ന മറുചോദ്യം.
മികച്ച ഭരണത്തിന്‍റെ കണക്കുകൾ നോക്കിയാൽ കാലങ്ങളായി കേരളം ഒന്നാംനിരയിലുണ്ട്. ഉത്തപ്രദേശ് ആകട്ടെ ഏറ്റവും പിന്നിലും… ഇതായിരുന്നു സി.പി.എമ്മിന്‍റെ മറുപടി. ബി.ജെ.പിയെ പുറത്താക്കി യു.പിയെ കേരളം പോലെ മികച്ച സംസ്ഥാനമാക്കണമെന്നാണോ യോഗി ഉദ്ദേശിച്ചതെന്നും സി.പി.എം പരിഹസിച്ചു. വിവാദപരാമർശത്തെ എതിർത്ത് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ അടക്കമുള്ളവർ രംഗത്തെത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല