സ്വന്തം ലേഖകന്‍: അയോധ്യയില്‍ ഭരണഘടനാ തത്വങ്ങള്‍ പാലിച്ചു കൊണ്ട് രാമക്ഷേത്രം നിര്‍മിക്കുമെന്ന് യോഗി. അയോധ്യയിലെ തര്‍ക്കഭൂമിയില്‍ ഭരണഘടനാ തത്വങ്ങള്‍ പാലിച്ചുകൊണ്ട് രാമക്ഷേത്രം നിര്‍മിക്കുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വ്യക്തമാക്കി. അയോധ്യയില്‍ രാമപ്രതിമയുടെ നിര്‍മാണത്തിന് രണ്ട് സ്ഥലങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഇതിനായുള്ള സര്‍വേ നടപടികള്‍ പുരോഗമിക്കുകയാണ്.
രാമക്ഷേത്രത്തിലേക്കുള്ള ദിശാസൂചകമായിരിക്കും രാമപ്രതിമയെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ തീവ്രഗ്രൂപ്പുകളെ തൃപ്തിപ്പെടുത്താന്‍ ചില വന്‍ പ്രഖ്യാപനങ്ങള്‍ യോഗി നടത്തുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും അതുണ്ടായില്ലെന്ന് ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ശ്രീരാമന്റെ പിതാവ് ദശരഥന്റെ പേരില്‍ ഉത്തര്‍പ്രദേശില്‍ ഒരു മെഡിക്കല്‍ കോളേജും രാമന്റെ പേരില്‍ അയോദ്ധ്യയില്‍ ഒരു വിമാനത്താവളവും നിര്‍മ്മിക്കുമെന്നാണ് യോഗി ആദിത്യനാഥിന്റെ പ്രഖ്യാപനം.
ശ്രീരാമന്റെ ജന്മസ്ഥലമെന്ന് കരുതപ്പെടുന്ന ഫൈസാബാദില്‍ ഇന്നലെ ദീപാവലി ആഘോഷം ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് ജില്ലയുടെ പേരുമാറ്റം പ്രഖ്യാപിച്ചത്. അലഹബാദിന്റെ പേര് പ്രയാഗ്‌രാജ് എന്നാക്കി മാറ്റാന്‍ യു.പി സര്‍ക്കാര്‍ തീരുമാനിച്ചതിനു പിന്നാലെയാണ് പുതിയ പേരുമാറ്റ നടപടി. സരയൂ നദിക്കരയിലെ ഫൈസാബാദ്, അയോദ്ധ്യ എന്നീ രണ്ട് നഗരങ്ങള്‍ ചേര്‍ന്നതാണ് ഫൈസാബാദ് ജില്ല.
പേരുമാറ്റാത്തെ കുറിച്ച് ഉയരുന്ന പ്രതിഷേധങ്ങള്‍ക്കും ആദിത്യനാഥ് മറുപടി നല്‍കി. എന്തുകൊണ്ടാണ് പേരുമാറ്റത്തെ എതിര്‍ക്കുന്നവര്‍ക്കൊന്നും രാവണന്‍ എന്നോ ദുര്യോധനന്‍ എന്നോ പേരിടാത്തതെന്നും ഇന്ത്യയില്‍ ഒരു പേരിന് ഏറെ പ്രാധാന്യമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല