സ്വന്തം ലേഖകന്‍: അവധിക്കാലം ആഘോഷിക്കാന്‍ ടിക്കറ്റെടുത്തത് സിഡ്‌നിയിലേക്ക്, ചെന്നിറങ്ങിയതോ, കാനഡയിലെ ഒരു ചെറു പട്ടണത്തില്‍, ഡച്ചുകാരനായ 18 കാരന് പറ്റിയ പറ്റ്! വിമാന കമ്പനിയുടെ ഓണ്‍ലൈന്‍ ടിക്കറ്റ് ഓഫര്‍ കണ്ട് സിഡ്‌നിക്ക് ടിക്കറ്റ് എടുത്ത ഡച്ചുകാരനായ മിലാന്‍ ഷിപ്പര്‍ എന്ന 18 കാരനാണ് സ്വപ്നത്തില്‍പ്പോലും വിചാരിക്കാത്ത പണി കിട്ടിയത്.
അവധി ആഘോഷിക്കാന്‍ ആംസ്റ്റര്‍ഡാമില്‍ നിന്ന് സിഡ്‌നിക്ക് പോകുന്നതിനാണ് ഷിപ്പര്‍ ഓണ്‍ലൈന്‍ വഴി ടിക്കറ്റ് ബുക്ക് ചെയ്തത്. ഓണ്‍ലൈനില്‍ സിഡ്‌നിക്കുള്ള ഏറ്റവും കുറഞ്ഞ നിരക്ക് തന്നെ കിട്ടിയ ഷിപ്പര്‍ സന്തോഷിച്ചു. സിഡ്‌നിയിലെ സാന്‍ഡി ബീച്ചുകളും, ഓപ്പറ ഹൗസുകളും ഹാര്‍ബര്‍ ബ്രിഡ്ജും എല്ലാം സ്വപ്നം കണ്ട് ഷിപ്പര്‍ വിമാനത്തില്‍ കയറി.
ആംസ്റ്റര്‍ഡാമില്‍ നിന്ന് പറന്ന വിമാനം ടൊറോന്റോയില്‍ ഇറങ്ങിയപ്പോള്‍ ഷിപ്പര്‍ക്ക് ചെറുതായി സംശയം തോന്നി. അവിടെ നിന്ന് ചെറുവിമാനമാണ് ‘സിഡ്‌നി’യിലേക്ക് പോകാന്‍ തയ്യാറായി നിന്നിരുന്നത്. എന്നാല്‍ ഇത്തരം വിമാനങ്ങളില്‍ ഇത്രയും ദൂരത്തേക്ക് യാത്ര പറ്റുമോ എന്ന് സംശയിച്ച് ഷിപ്പര്‍ വിമാനത്തില്‍ കയറി. ഒടുവില്‍ വിമാനത്തില്‍ നല്‍കിയിരുന്ന മാപ്പ് പരിശോധിച്ചപ്പോഴാണ് താന്‍ പോകുന്നത് മറ്റൊരു ‘സിഡ്‌നി’യിലേക്കാണെന്ന് ഞെട്ടലോടെ ഷിപ്പര്‍ മനസിലാക്കിയത്.
തലയില്‍ കൈവച്ചിരുന്നുപോയ ഷിപ്പര്‍ ചെന്നിറങ്ങിയതാകട്ടെ കാനഡയിലെ നോവ സ്‌കോട്ടിയ എന്ന ചെറുപട്ടണത്തിലും.ഒടുവില്‍ വിമാനം ലാന്‍ഡ് ചെയ്തപ്പോള്‍ തനിക്ക് പറ്റിയ അബദ്ധം തുറന്നുപറയുകയും ചില ജീവനക്കാരുടെ സഹായത്തോടെ ഷിപ്പര്‍ ടൊറോന്റോയിലേക്ക് തിരിച്ചുപോരുകയുമായിരുന്നു. അവിടെനിന്ന് നേരെ നെതര്‍ലാന്‍ഡിലേക്ക് പറന്നു.
പറ്റിയ പറ്റ് മനസിലായപ്പോള്‍ ആദ്യം പേടി തോന്നിയെന്നും പത്ത് മിനിറ്റ് നേരത്തേക്ക് തലയില്‍ കൈവച്ചിരുന്നതായും ഷിപ്പര്‍ പറയുന്നു. എന്നാല്‍ പറന്നുകൊണ്ടിരുന്ന വിമാനത്തിലായിതിനാല്‍ ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ലെന്നും ഷിപ്പര്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം, ആദ്യമായാല്ല ഇത്തരം അബദ്ധങ്ങള്‍ പറ്റുന്നതെന്നും മുന്‍പ് മൂന്നു പേരെ ഇത്തരത്തില്‍ ‘സിഡ്‌നി’ കുഴപ്പത്തിലാക്കിയതായും എയര്‍ കാനഡ അധികൃതര്‍ വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല