സ്വന്തം ലേഖകന്‍: ഉത്തരേന്ത്യയില്‍ ആള്‍ക്കൂട്ടം നിയമം കയ്യിലെടുത്ത് വിധി നടപ്പിലാക്കുന്നത് തുടര്‍ക്കഥയാകുകയാണ്. ആഗ്രയിലെ ഷാഹ്ഗഞ്ചില്‍ മദ്യപിച്ച് പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറി എന്നാരോപിച്ച് 22 കാരനെ ജനക്കൂട്ടം തല്ലിക്കൊന്നു.
ആഗ്ര സ്വദേശിയായ ജീത്തുവാണ് ജനക്കൂട്ടത്തിന്റെ രോഷത്തിന് ഇരയായത്. സമീപ പ്രദേശത്തുള്ള ഷൂ ഫാക്ടറിയില്‍ ജീവനക്കാരനാണ് ജീത്തു. മദ്യ ലഹരിയിലായിരുന്ന യുവാവ് തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന യുവതിയുടെ പരാതിയാണ് ജനക്കൂട്ടത്തെ ഇളക്കിയത്.
പരാതിയെ തുടര്‍ന്ന് യുവതിയുടെ സഹോദരന്മാരും സുഹൃത്തുക്കളും ചേര്‍ന്ന് ജീത്തുവിനെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. കടുത്ത മര്‍ദ്ദനം മൂലമുണ്ടായ ഹൃദയാഘാതം മൂലമാണ് ജീത്തുവിന്റെ മരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.
ജീത്തുവിനെ മര്‍ദ്ദിച്ചു എന്നാരോപിക്കപ്പെടുന്ന പ്രതികള്‍ ഒളിവിലാണ്. പരാതി നല്‍കിയ യുവതിയടക്കം അഞ്ചു പേര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.
നേരത്തെ പ്രതികളെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ട് ജീത്തുവിന്റെ കുടുംബാംഗങ്ങള്‍ ശവശരീരം റോഡില്‍ നിന്ന് നീക്കം ചെയ്യാന്‍ വിസമ്മതിച്ചത് പ്രദേശത്ത് സംഘര്‍ഷാവസ്ഥ ഉണ്ടാക്കിയിരുന്നു. സംഭവത്തിന്റേത് എന്ന് അവകാശപ്പെട്ട് രണ്ട് വീഡിയോകള്‍ യൂട്യൂബില്‍ പ്രചരിക്കുകയും ചെയ്യുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല